O you who have believed, avoid much [negative] assumption. Indeed, some assumption is sin. And do not spy or backbite each other. Would one of you like to eat the flesh of his brother when dead? You would detest it. And fear Allah; indeed, Allah is Accepting of Repentance and Merciful. (Al-Hujurat [49] : 12)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, ഊഹങ്ങളേറെയും വര്‍ജിക്കുക. ഉറപ്പായും ഊഹങ്ങളില്‍ ചിലത് കുറ്റമാണ്. നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളിലാരും മറ്റുള്ളവരെപ്പറ്റി അവരുടെ അസാന്നിധ്യത്തില്‍ മോശമായി സംസാരിക്കരുത്. മരിച്ചുകിടക്കുന്ന സഹോദരന്റെ മാംസം തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ. (അല്‍ഹുജുറാത്ത് [49] : 12)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരന് മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ?[1] എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.
[1] പരദൂഷണം ശവം തിന്നുന്നതിന് തുല്യമാണെന്ന് ഈ വചനം സൂചിപ്പിക്കുന്നു. സ്വന്തം സഹോദരന്റെ മൃതദേഹം കടിച്ചുപറിച്ചുതിന്നാന്‍ ഒരാളും ഇഷ്ടപ്പെടുകയില്ലെങ്കില്‍ അത് പോലെത്തന്നെ സ്വസഹോദരന്റെ അഭാവത്തില്‍ അയാള്‍ക്ക് അനിഷ്ടകരമായ കാര്യങ്ങള്‍ പറയുന്നതും അയാള്‍ ഒഴിവാക്കേണ്ടതാണ്.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! പ്രസക്തമായ കാരണങ്ങളോ സാഹചര്യത്തെളിവുകളോ ഇല്ലാത്ത ഊഹാപോഹങ്ങളിൽ അധികവും നിങ്ങൾ വെടിയുക. തീർച്ചയായും ചില ഊഹങ്ങൾ പാപമാകുന്നു. ബാഹ്യമായി നന്മ കാണപ്പെടുന്ന വ്യക്തിയെ കുറിച്ച് മോശം വിചാരിക്കുക എന്നത് ഉദാഹരണം. (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ ന്യൂനതകൾ രഹസ്യമായി നിങ്ങൾ ചികഞ്ഞന്വേഷിക്കരുത്. നിങ്ങളുടെ സഹോദരന് അവന് വെറുപ്പുള്ള രൂപത്തിൽ നിങ്ങൾ സ്മരിക്കുകയുമരുത്. അവൻ മരിച്ചു കിടക്കവെ അവൻ്റെ മാസം തിന്നുന്നതിന് സമാനമാകുന്നു അത്. നിങ്ങളിലാരെങ്കിലും തൻ്റെ സഹോദരൻ്റെ മൃതശരീരത്തിൽ നിന്ന് ഭക്ഷിക്കുന്നത് ഇഷ്ടപ്പെടുമോ?! അത് നിങ്ങൾ വെറുക്കുന്നത് പോലെ തന്നെ, തൻ്റെ സഹോദരനെ പരദൂഷണം പറയുന്നതും നിങ്ങൾ വെറുക്കുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളിൽ നിന്ന് ഖേദത്തോടെ പശ്ചാത്തപിച്ച് മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്ന 'തവ്വാബും', അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്ന 'റഹീമു'മാകുന്നു.