Then, indeed your Lord, to those who emigrated after they had been compelled [to say words of disbelief] and thereafter fought [for the cause of Allah] and were patient – indeed, your Lord, after that, is Forgiving and Merciful (An-Nahl [16] : 110)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നേരെമറിച്ച് അങ്ങേയറ്റം പീഡിതരായശേഷം സ്വദേശം വെടിഞ്ഞ് പലായനം നടത്തുകയും പിന്നീട് സമരത്തിലേര്‍പ്പെടുകയും ക്ഷമപാലിക്കുകയും ചെയ്തവരെ സംബന്ധിച്ചേടത്തോളം നിന്റെ നാഥന് ഏറെ പൊറുക്കുന്നവനും പരമദയാലുവും തന്നെ; തീര്‍ച്ച. (അന്നഹ്ല് [16] : 110)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പിന്നെ, തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ സഹായം മര്‍ദ്ദനത്തിന് ഇരയായ ശേഷം സ്വദേശം വെടിഞ്ഞു പോവുകയും, അനന്തരം (ഇസ്ലാമിക) പോരാട്ടത്തിൽ ഏര്‍പെടുകയും, ക്ഷമിക്കുകയും ചെയ്തവര്‍ക്കായിരിക്കും. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അതിനു ശേഷം ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ റബ്ബ് ദുർബലരായ ആ മുഅ്മിനുകളോട് ഏറെ പൊറുക്കുന്ന (ഗഫൂർ) വനും ഏറെ കാരുണ്യം ചൊരിയുന്ന (റഹീം)വനുമാകുന്നു. ബഹുദൈവാരാധകർ പീഡിപ്പിക്കുകയും, ദീനിൻ്റെ പേരിൽ ഉപദ്രവിക്കുകയും ചെയ്തശേഷം മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ (പാലായനം) ചെയ്തവരാണവർ. അവരുടെ ശിക്ഷാമുറകൾ കാരണത്താൽ -ഹൃദയം വിശ്വാസത്തിൽ അടിയുറച്ചു നിൽക്കവെ- നാവ് കൊണ്ട് നിഷേധത്തിൻ്റെ വാക്ക് ഉച്ചരിക്കേണ്ടി വന്നവരാണവർ. പിന്നീട്, അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനും നിഷേധത്തിൻ്റെ വചനം നിന്ദ്യമാകുന്നതിനും വേണ്ടി അല്ലാഹുവിൻ്റെ മാർഗത്തിൽ അവർ യുദ്ധത്തിലേർപ്പെട്ടു. അതിലുള്ള പ്രയാസങ്ങളിൽ ക്ഷമിക്കുകയും ചെയ്തു. ഈ പറയപ്പെട്ട പരീക്ഷണങ്ങളിലൂടെ കടന്നു പോവുകയും, നിഷേധത്തിൻ്റെ വാക്ക് പറഞ്ഞു പോകുവാൻ മാത്രം പീഡിപ്പിക്കപ്പെടുകയും ചെയ്ത അവർക്ക്, അതിനെല്ലാം ശേഷം ധാരാളമായി പൊറുത്തു നൽകുന്നവൻ തന്നെയാകുന്നു നിന്റെ റബ്ബ്. അവൻ അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമത്രെ. കാരണം നിർബന്ധിതരായി കൊണ്ടല്ലാതെ അവർ നിഷേധത്തിൻ്റെ വാക്ക് സംസാരിച്ചിട്ടില്ല.