Wa lakum nisfu maa taraka azwaajukum il lam yakul lahunna walad; fa in kaana lahunna waladun falakumur rub'u mimmaa tarakna mim ba'di wasiyyatiny yooseena bihaaa aw dayn; wa lahunnar rubu'u mimmaa tarakum il lam yakul lakum walad; fa in kaana lakum waladun falahunnas sumunu mimmaa taraktum; mim ba'di wasiyyatin toosoona bihaaa aw dayn; wa in kaana rajuluny yoorasu kalaalatan awim ra atunw wa lahooo akhun aw ukhtun falikulli waahidim minhumas sudus; fa in kaanooo aksara min zaalika fahum shurakaaa'u fissulusi mim ba'di wasiyyatiny yoosaa bihaaa aw dainin ghaira mudaaarr; wasiyyatam minal laah; wallaahu 'Aleemun Haleem (an-Nisāʾ 4:12)
And for you is half of what your wives leave if they have no child. But if they have a child, for you is one fourth of what they leave, after any bequest they [may have] made or debt. And for them [i.e., the wives] is one fourth if you leave no child. But if you leave a child, then for them is an eighth of what you leave, after any bequest you [may have] made or debt. And if a man or woman leaves neither ascendants nor descendants but has a brother or a sister, then for each one of them is a sixth. But if they are more than two, they share a third, after any bequest which was made or debt, as long as there is no detriment [caused]. [This is] an ordinance from Allah, and Allah is Knowing and Forbearing. (An-Nisa [4] : 12)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളുടെ ഭാര്യമാര്‍ മക്കളില്ലാതെയാണ് മരിക്കുന്നതെങ്കില്‍ അവര്‍ വിട്ടേച്ചുപോയ സ്വത്തിന്റെ പാതി നിങ്ങള്‍ക്കുള്ളതാണ്. അഥവാ, അവര്‍ക്ക് മക്കളുണ്ടെങ്കില്‍ അവര്‍ വിട്ടേച്ചുപോയതിന്റെ നാലിലൊന്നാണ് നിങ്ങള്‍ക്കുണ്ടാവുക. ഇത് അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടവും കഴിച്ചുള്ളതില്‍ നിന്നാണ്. നിങ്ങള്‍ക്ക് മക്കളില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോകുന്ന സ്വത്തിന്റെ നാലിലൊന്ന് ഭാര്യമാര്‍ക്കുള്ളതാണ്. അഥവാ, നിങ്ങള്‍ക്ക് മക്കളുണ്ടെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ എട്ടിലൊന്നാണ് അവര്‍ക്കുണ്ടാവുക. നിങ്ങള്‍ നല്കുന്ന വസ്വിയ്യത്തും കടവും കഴിച്ച ശേഷമാണിത്. അനന്തരമെടുക്കപ്പെടുന്ന പുരുഷന്നോ സ്ത്രീക്കോ പിതാവും മക്കളും പിതാക്കളൊത്ത സഹോദരങ്ങളും ഇല്ലാതിരിക്കുകയും മാതാവൊത്ത സഹോദരനോ സഹോദരിയോ ഉണ്ടാവുകയുമാണെങ്കില്‍ അവരിലോരോരുത്തര്‍ക്കും ആറിലൊന്ന് വീതം ലഭിക്കുന്നതാണ്. അഥവാ, അവര്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ മൂന്നിലൊന്നില്‍ അവര്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അവ കഴിച്ചാണിത്. ഇതൊക്കെയും അല്ലാഹുവില്‍നിന്നുള്ള ഉപദേശമാണ്. അല്ലാഹു എല്ലാം അറിയുന്നവനും ഏറെ ക്ഷമിക്കുന്നവനുമത്രെ. (അന്നിസാഅ് [4] : 12)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്റെ നാലിലൊന്ന് നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലിലൊന്നാണ് അവര്‍ക്ക് (ഭാര്യമാര്‍ക്ക്) ഉള്ളത്. ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന് എട്ടിലൊന്നാണ് അവര്‍ക്കുള്ളത്. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും.[1] ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതു കഴിച്ചാണിത്.[2] അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു
[1] ഈ വചനത്തില്‍ ഉമ്മയൊത്ത സഹോദരങ്ങളുടെ അവകാശത്തെപ്പറ്റിയാണ് പറയുന്നത്. മറ്റുള്ള സഹോദരങ്ങളുടെ അവകാശത്തെപ്പറ്റി 4:176 ല്‍ പറയുന്നുണ്ട്. മാതാവൊത്ത സഹോദരന്മാര്ക്കുള്ള അനന്തരാവകാശത്തില്‍ ആണിനും പെണ്ണിനും തുല്യ ഓഹരിയാകുന്നു. മാതാവിന്റെ പ്രതിനിധികള്‍ എന്ന നിലയിലാണ് അവര്‍ക്ക് അവകാശം നല്കപ്പെടുന്നത്. [2] പരമാവധി, ആകെ സ്വത്തിന്റെ മൂന്നിലൊന്ന് മാത്രമേ ആര്‍ക്കെങ്കിലും വസിയ്യത്ത് മുഖേന നല്കാന് പാടുള്ളൂ. അതില്‍ കവിഞ്ഞുള്ള വസ്വിയ്യത്ത് അവകാശികളോടുള്ള ദ്രോഹമാണ്. അവകാശികളോടുള്ള വെറുപ്പിന്റെ പേരില്‍ അവര്‍ക്ക് തന്റെ സ്വത്തില്‍ നിന്ന് തന്റെ മരണശേഷം യാതൊന്നും കിട്ടരുതെന്ന് കരുതി ഒരാള്‍ തനിക്ക് ഇഷ്ടപ്പെട്ട ഒരാള്‍ക്ക് ഒരു വലിയ സംഖ്യ കടം വീട്ടാനുണ്ട് എന്ന് രേഖപ്പെടുത്തുകയോ മൊഴി നല്‍കുകയോ ചെയ്താല്‍ അതും ദ്രോഹമാണ്.
2 Mokhtasar Malayalam
ഭർത്താക്കന്മാരേ! നിങ്ങളുടെ ഭാര്യമാർ വിട്ടേച്ചു പോയ സ്വത്തിൻ്റെ പകുതി നിങ്ങൾക്ക് ഉണ്ട്. നിങ്ങളിൽ നിന്നോ, മറ്റേതെങ്കിലും വിവാഹത്തിൽ നിന്നോ അവർക്ക് ആൺമക്കളോ പെൺമക്കളോ ആയി സന്താനങ്ങൾ ഒന്നുമില്ലെങ്കിലാണത്. ഇനി അവർക്ക് സന്താനമുണ്ടെങ്കിൽ -അതിനി ആൺമക്കളോ പെൺമക്കളോ ആകട്ടെ- അപ്പോൾ നിങ്ങൾക്ക് അവർ വിട്ടേച്ചു പോയ സ്വത്തിൻ്റെ നാലിലൊന്നാണ് ഉണ്ടായിരിക്കുക. അവരുടെ വസ്വിയ്യത്ത് നടപ്പിലാക്കുകയും, അവരുടെ മേലുള്ള കടബാധ്യത തീർക്കുകയും ചെയ്തതിന് ശേഷമായിരിക്കും അത്. ഭർത്താക്കന്മാരേ! നിങ്ങൾ ഉപേക്ഷിച്ചതിൻ്റെ നാലിലൊന്ന് നിങ്ങളുടെ ഭാര്യമാർക്കുണ്ടായിരിക്കും. നിങ്ങൾക്ക് അവരിൽ നിന്നോ മറ്റാരിൽ നിന്നെങ്കിലുമോ ആൺമക്കളോ പെൺമക്കളോ ആയി സന്താനങ്ങളൊന്നും ഇല്ലെങ്കിലാണത്. ഇനി നിങ്ങൾക്ക് ആൺമക്കളോ പെൺമക്കളോ ആയി സന്താനങ്ങളുണ്ടെങ്കിൽ നിങ്ങളുടെ ഭാര്യമാർക്ക് നിങ്ങൾ വിട്ടേച്ചു പോയ സ്വത്തിൻ്റെ എട്ടിലൊന്നാണ് ലഭിക്കുക. നിങ്ങളുടെ വസ്വിയ്യത് നടപ്പിലാക്കപ്പെടുകയും, നിങ്ങളുടെ മേലുള്ള കടബാധ്യതകൾ തീർക്കുകയും ചെയ്തതിന് ശേഷമാണത്. ഒരു പുരുഷൻ മാതാപിതാക്കളോ സന്താനങ്ങളോ ഇല്ലാതെ മരണപ്പെട്ടാൽ -അതല്ലെങ്കിൽ ഒരു സ്ത്രീ മാതാപിതാക്കളോ സന്താനങ്ങളോ ഇല്ലാതെ മരണപ്പെട്ടാൽ- മരിച്ച വ്യക്തിക്ക് മാതാവൊത്ത സഹോദരനോ സഹോദരിയോ ഉണ്ടെങ്കിൽ അവർക്കോരോരുത്തർക്കും ആറിലൊന്ന് ഓഹരിയായി വിഹിതം നൽകപ്പെടണം. മാതാവൊത്ത സഹോദരങ്ങൾ -അവർ പുരുഷന്മാരായാലും സ്ത്രീകളായാലും- ഒന്നിൽ കൂടുതൽ പേരുണ്ടെങ്കിൽ അവർക്കെല്ലാവർക്കും കൂടി മൂന്നിലൊന്നാണ് നൽകപ്പെടുക; അവരത് പങ്കിട്ടെടുക്കേണ്ടതാണ്. ഉമ്മയൊത്ത സഹോദരങ്ങളുടെ ഓഹരിയിൽ പുരുഷന്മാരും സ്ത്രീകളും ഒരുപോലെയാണ്. ഈ വിഹിതം അവർ എടുക്കേണ്ടത് മരിച്ച വ്യക്തിയുടെ വസ്വിയ്യത്ത് നടപ്പിലാക്കുകയും, അയാളുടെ മേലുള്ള കടം തീർക്കുകയും ചെയ്തതിന് ശേഷമാണ്. എന്നാൽ ഈ പറയപ്പെട്ട വസ്വിയ്യത് അനന്തരാവകാശികൾക്ക് ഉപദ്രവകരമായിരിക്കരുത് എന്ന നിബന്ധനയുണ്ട്; ഉദാഹരണത്തിന് അയാളുടെ സ്വത്തിൻ്റെ മൂന്നിലൊന്നിൽ കൂടുതൽ വസ്വിയ്യത് ചെയ്യുക എന്നത് (ഉപദ്രവകരമാണ്). ഈ ആയത്ത് ഉൾക്കൊള്ളുന്ന ഈ വിധിവിലക്കുകൾ അല്ലാഹുവിൽ നിന്ന് നിങ്ങൾക്കുള്ള കരാറാണ്; അവൻ അത് നിങ്ങൾക്ക് മേൽ നിർബന്ധമാക്കിയിരിക്കുന്നു. തൻ്റെ ദാസന്മാർക്ക് ഇഹലോകത്തും പരലോകത്തും പ്രയോജനകരമായത് ഏതെന്ന് നന്നായി അറിയുന്നവനാകുന്നു അല്ലാഹു. തെറ്റ് ചെയ്തവരെ ധൃതിയിൽ ശിക്ഷിക്കാത്ത, അങ്ങേയറ്റം സഹനമുള്ളവനുമാകുന്നു അവൻ.