O mankind, indeed We have created you from male and female and made you peoples and tribes that you may know one another. Indeed, the most noble of you in the sight of Allah is the most righteous of you. Indeed, Allah is Knowing and Aware. (Al-Hujurat [49] : 13)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു. (അല്‍ഹുജുറാത്ത് [49] : 13)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ ഗോത്രങ്ങളും ഉപ ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു.[1] തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
[1] വർണമോ ഗോത്രത്തിന്റെ മഹിമയോ മാത്രം അല്ലാഹുവിങ്കല്‍ ആര്‍ക്കും ഒരു നേട്ടവും ഉണ്ടാക്കിക്കൊടുക്കുകയില്ല. ധര്‍മനിഷ്ഠയുള്ളവന് മാത്രമേ അല്ലാഹുവിങ്കല്‍ സ്ഥാനമുണ്ടായിരിക്കുകയുള്ളൂ. അല്ലാഹുവിനരികിൽ സാമീപ്യം ലഭിക്കാനുള്ള മാനദണ്ഡം, ശരിയായ വിശ്വാസം സ്വീകരിച്ചു അവനെ സൂക്ഷിച്ചു ജീവിക്കുക എന്നതാണ്.
2 Mokhtasar Malayalam
അല്ലയോ ജനങ്ങളേ! തീർച്ചയായും നാം നിങ്ങളെ ഒരു പുരുഷനിൽ നിന്നും ഒരു സ്ത്രീയിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളുടെ പിതാവായ ആദമും മാതാവായ ഹവ്വാഉമാകുന്നു അവർ. നിങ്ങളുടെയെല്ലാം പിതൃപരമ്പര ഒന്നു തന്നെ. അതിനാൽ നിങ്ങൾ പരസ്പരം തറവാടിൻ്റെ പേരിൽ അഹങ്കാരം നടിക്കാതിരിക്കുക. നിങ്ങളെ അതിന് ശേഷം വിവിധ സമുദായങ്ങളും പരന്നു കിടക്കുന്ന ഗോത്രങ്ങളുമാക്കി മാറ്റിയത് നിങ്ങൾക്ക് പരസ്പരം തിരിച്ചറിയുന്നതിനാണ്. ഒരിക്കലും അതിൻ്റെ പേരിൽ മേന്മ നടിക്കാനല്ല. കാരണം മനുഷ്യർ വേർതിരിയുന്നത് അല്ലാഹുവിനോടുള്ള സൂക്ഷ്മതയുടെ അടിസ്ഥാനത്തിലാണ്. അതു കൊണ്ടാണ് അല്ലാഹു പറഞ്ഞത്: നിങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും ആദരണീയനായിട്ടുള്ളത് നിങ്ങളിൽ ഏറ്റവും അല്ലാഹുവിനെ സൂക്ഷിക്കുന്നവരാണ്. തീർച്ചയായും അല്ലാഹു നിങ്ങളുടെ അവസ്ഥകളെല്ലാം അറിയുന്ന 'അലീമും', നിങ്ങളിൽ ഉള്ള കുറവുകളും മേന്മകളും സൂക്ഷ്മമായി അറിയുന്ന 'ഖബീറു'മാകുന്നു. അവന് യാതൊന്നും തന്നെ അവ്യക്തമാവുകയില്ല.