And the record [of deeds] will be placed [open], and you will see the criminals fearful of that within it, and they will say, "Oh, woe to us! What is this book that leaves nothing small or great except that it has enumerated it?" And they will find what they did present [before them]. And your Lord does injustice to no one. (Al-Kahf [18] : 49)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കര്‍മപുസ്തകം നിങ്ങളുടെ മുന്നില്‍ വെക്കും. അതിലുള്ളവയെപ്പറ്റി പേടിച്ചരണ്ടവരായി പാപികളെ നീ കാണും. അവര്‍ പറയും: ''അയ്യോ, ഞങ്ങള്‍ക്കു നാശം! ഇതെന്തൊരു കര്‍മരേഖ! ചെറുതും വലുതുമായ ഒന്നുംതന്നെ ഇത് വിട്ടുകളഞ്ഞിട്ടില്ലല്ലോ.'' അവര്‍ പ്രവര്‍ത്തിച്ചതൊക്കെയും തങ്ങളുടെ മുന്നില്‍ വന്നെത്തിയതായി അവര്‍ കാണുന്നു. നിന്റെ നാഥന് ആരോടും അനീതി കാണിക്കുകയില്ല. (അല്‍കഹ്ഫ് [18] : 49)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(കര്‍മ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില്‍ നിനക്ക് കാണാം. അവര്‍ പറയും: ഹോ! ഞങ്ങള്‍ക്ക് നാശം. ഇതെന്തൊരു രേഖയാണ്? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത് കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങള്‍ പ്രവര്‍ത്തിച്ചതൊക്കെ ഹാജരായ നിലയിൽ അവര്‍ കണ്ടെത്തും. നിന്റെ രക്ഷിതാവ് യാതൊരാളോടും അനീതി കാണിക്കുകയില്ല.
2 Mokhtasar Malayalam
പ്രവർത്തനങ്ങൾ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥം വെക്കപ്പെടും. തൻ്റെ വലതു കൈ കൊണ്ട് ഗ്രന്ഥം ഏറ്റുവാങ്ങുന്നവരുണ്ട്; ഇടതു കൈ കൊണ്ട് ഗ്രന്ഥം എടുക്കുന്നവരുമുണ്ട്. മനുഷ്യാ! അല്ലാഹുവിനെ നിഷേധിച്ചവർ ആ ഗ്രന്ഥത്തിലുള്ളതിനെ കുറിച്ച് ഭയവിഹ്വലരായ നിലയിൽ നിൽക്കുന്നത് നീ കാണും. കാരണം അവർ മുൻപ് ചെയ്തുകൂട്ടിയ നിഷേധവും തിന്മകളും അവർക്ക് അറിയാം. അവർ പറയും: ഞങ്ങളുടെ നാശമേ! ഹാ, ഞങ്ങൾക്ക് ബാധിച്ചിരിക്കുന്ന മഹാവിപത്ത്! എന്തൊരു ഗ്രന്ഥമാണിത്?! നമ്മുടെ പ്രവർത്തനങ്ങളിൽ പെട്ട ചെറുതോ വലുതോ ആയ ഒന്നും ഇത് രേഖപ്പെടുത്തുകയും എണ്ണിക്കണക്കാക്കുകയും ചെയ്യാതെ വിടുന്നില്ലല്ലോ?! ഇഹലോകത്ത് അവർ ചെയ്ത തിന്മകൾ അതിൽ രേഖപ്പെടുത്തപ്പെട്ടതായി അവർ കാണും. അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവ് ഒരാളോടും അനീതി പ്രവർത്തിക്കുകയില്ല. തിന്മ കാരണത്താലല്ലാതെ അവൻ ഒരാളെയും ശിക്ഷിക്കുകയില്ല. നന്മകൾ പ്രവർത്തിച്ചവൻ്റെ പ്രതിഫലത്തിൽ നിന്ന് ഒട്ടും അവൻ കുറക്കുകയുമില്ല.