Allah has sent down the best statement: a consistent Book wherein is reiteration. The skins shiver therefrom of those who fear their Lord; then their skins and their hearts relax at the remembrance [i.e., mention] of Allah. That is the guidance of Allah by which He guides whom He wills. And one whom Allah sends astray – for him there is no guide. (Az-Zumar [39] : 23)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഏറ്റവും വിശിഷ്ടമായ വര്‍ത്തമാനമാണ് അല്ലാഹു ഇറക്കിത്തന്നത്. വചനങ്ങളില്‍ പരസ്പര ചേര്‍ച്ചയും ആവര്‍ത്തനവുമുള്ള ഗ്രന്ഥമാണിത്. അതു കേള്‍ക്കുമ്പോള്‍ തങ്ങളുടെ നാഥനെ ഭയപ്പെടുന്നവരുടെ ചര്മങ്ങള് രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ ഓര്‍ക്കാന്‍ പാകത്തില്‍ വിനീതമാകുന്നു. ഇതാണ് അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുവഴി അവനിച്ഛിക്കുന്നവരെ അവന് നേര്‍വഴിയിലാക്കുന്നു. അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കാന്‍ ആര്‍ക്കുമാവില്ല. (അസ്സുമര്‍ [39] : 23)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവാണ് ഏറ്റവും ഉത്തമമായ വര്‍ത്തമാനം അവതരിപ്പിച്ചിരിക്കുന്നത്. അഥവാ വചനങ്ങള്‍ക്ക് പരസ്പരം സാമ്യമുള്ളതും ആവര്‍ത്തിക്കപ്പെടുന്ന വചനങ്ങളുള്ളതുമായ ഒരു ഗ്രന്ഥം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ ചര്‍മ്മങ്ങള്‍ അതു നിമിത്തം രോമാഞ്ചമണിയുന്നു. പിന്നീട് അവരുടെ ചര്‍മ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവെ സ്മരിക്കുന്നതിനായി വിനീതമാവുകയും ചെയ്യുന്നു. അതത്രെ അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം. അതുമുഖേന താന്‍ ഉദ്ദേശിക്കുന്നവരെ അവന് നേര്‍വഴിയിലാക്കുന്നു. വല്ലവനെയും അവന് പിഴവിലാക്കുന്ന പക്ഷം അവന് വഴി കാട്ടാന്‍ ആരും തന്നെയില്ല.
2 Mokhtasar Malayalam
തൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- ക്ക് മേൽ അല്ലാഹു ഏറ്റവും നല്ല സംസാരമായ ഖുർആൻ അവതരിപ്പിച്ചിരിക്കുന്നു. (ആശയങ്ങളിലെ) സത്യസന്ധതയിലും (വചനങ്ങളുടെ) ഭംഗിയിലും (ഘടനാപരമായ) യോജിപ്പിലും വൈരുദ്ധ്യങ്ങളില്ല എന്നതിലും (അതിലെ വചനങ്ങളെല്ലാം) ഒരുപോലെയാണ് അല്ലാഹു അവതരിപ്പിച്ചത്. അതിലെ ചരിത്രങ്ങളും വിധിവിലക്കുകളും, വാഗ്ദാനങ്ങളും താക്കീതുകളും, സത്യത്തിൻ്റെയും അസത്യത്തിൻ്റെയും വക്താക്കളുടെ വിശേഷണങ്ങളും മറ്റുമെല്ലാം (വിവിധയിടങ്ങളിലായി) ആവർത്തിക്കുന്ന രൂപത്തിലുമാണ് (അല്ലാഹു ഖുർആൻ അവതരിപ്പിച്ചത്). അതിലുള്ള താക്കീതുകളും ഭയപ്പെടുത്തുന്ന വാക്കുകളും കേട്ടാൽ തങ്ങളുടെ രക്ഷിതാവിനെ ഭയക്കുന്നവരുടെ തൊലികൾ വിറകൊള്ളുന്നു. ശേഷം, അതിലെ പ്രതീക്ഷ നൽകുന്ന വാക്കുകളും സന്തോഷവാർത്തകളും കേട്ടാൽ അവരുടെ ചർമ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാൽ ശാന്തമാവുകയും ചെയ്യുന്നു. ഈ പറയപ്പെട്ട ഖുർആനും, അതിൻ്റെ സ്വാധീനവുമെല്ലാം അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് നൽകുന്ന സന്മാർഗമാണ്. എന്നാൽ ആരെയെങ്കിലും അല്ലാഹു കൈവെടിയുകയും, സന്മാർഗത്തിലേക്ക് അവന് വഴിയൊരുക്കാതിരിക്കുകയും ചെയ്താൽ; അവനെ നേർവഴിയിലാക്കാൻ ഒരു മാർഗദർശിയും അവനില്ല തന്നെ.