And his people argued with him. He said, "Do you argue with me concerning Allah while He has guided me? And I fear not what you associate with Him [and will not be harmed] unless my Lord should will something. My Lord encompasses all things in knowledge; then will you not remember? (Al-An'am [6] : 80)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തന്റെ ജനം അദ്ദേഹത്തോട് തര്‍ക്കത്തിലേര്‍പ്പെട്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ''അല്ലാഹുവിന്റെ കാര്യത്തിലാണോ നിങ്ങളെന്നോടു തര്‍ക്കിക്കുന്നത്? അവനെന്നെ നേര്‍വഴിയിലാക്കിയിരിക്കുന്നു. നിങ്ങള്‍ അവന്റെ പങ്കാളികളാക്കുന്ന ഒന്നിനെയും ഞാന്‍ പേടിക്കുന്നില്ല. എന്റെ നാഥന് ഇച്ഛിക്കുന്നതല്ലാതെ ഒന്നും ഇവിടെ സംഭവിക്കുകയില്ല. എന്റെ നാഥന്റെ അറിവ് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? (അല്‍അന്‍ആം [6] : 80)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അദ്ദേഹത്തിന്റെ ജനത അദ്ദേഹവുമായി തര്‍ക്കത്തില്‍ ഏര്‍പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെന്നോട് തര്‍ക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുകയാണ്. നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുന്ന യാതൊന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല. എന്റെ രക്ഷിതാവ് ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ (സംഭവിക്കുകയില്ല.) എന്റെ രക്ഷിതാവിന്റെ ജ്ഞാനം സര്‍വ്വകാര്യങ്ങളെയും ഉള്‍കൊള്ളാന്‍ മാത്രം വിപുലമായിരിക്കുന്നു. നിങ്ങളെന്താണ് ആലോചിച്ച് നോക്കാത്തത്?
2 Mokhtasar Malayalam
അല്ലാഹുവിനെ മാത്രം ഏകനാക്കുക എന്ന തൗഹീദിൻ്റെ കാര്യത്തിൽ അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തോട് തർക്കിച്ചു. അവരുടെ വിഗ്രഹങ്ങളെ കുറിച്ച് അദ്ദേഹത്തെ അവർ ഭയപ്പെടുത്താൻ ശ്രമിച്ചു. അപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു: അല്ലാഹുവിനെ ഏകനാക്കുന്ന തൗഹീദിൻ്റെ കാര്യത്തിലും, അവനെ മാത്രം ആരാധിക്കണമെന്നതിലുമാണോ നിങ്ങൾ എന്നോട് തർക്കിക്കുന്നത്. അല്ലാഹുവാകട്ടെ; അതിലേക്ക് എനിക്ക് സന്മാർഗം നൽകിയിരിക്കുന്നു. നിങ്ങളുടെ വിഗ്രഹങ്ങളെ ഞാൻ ഭയക്കുന്നേയില്ല. അവ എന്തെങ്കിലും ഉപദ്രവമോ ഉപകാരമോ ഉടമപ്പെടുത്തുന്നില്ല; (അങ്ങനെയാണെങ്കിലല്ലേ) അവ എനിക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുകയുള്ളൂ?! അല്ലാഹു ഉദ്ദേശിച്ചതല്ലാതെ (ഒന്നും സംഭവിക്കുകയില്ല). അവൻ ഉദ്ദേശിച്ചത് സംഭവിക്കും. അതോടൊപ്പം അല്ലാഹു എല്ലാം അറിയുകയും ചെയ്യുന്നു. ഭൂമിയിലോ ആകാശത്തിലോ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. എൻ്റെ ജനങ്ങളേ! നിങ്ങൾ നിലകൊള്ളുന്ന അല്ലാഹുവിലുള്ള നിഷേധത്തെ കുറിച്ചും, അവനിൽ നിങ്ങൾ പങ്കുചേർക്കുന്നതിനെ കുറിച്ചും നിങ്ങൾ ചിന്തിച്ചു നോക്കുന്നില്ലേ?! അങ്ങനെ അല്ലാഹുവിൽ മാത്രം വിശ്വസിക്കാൻ നിങ്ങൾ തയ്യാറാകുന്നില്ലേ?!