There is no blame upon you for that to which you [indirectly] allude concerning a proposal to women or for what you conceal within yourselves. Allah knows that you will have them in mind. But do not promise them secretly except for saying a proper saying. And do not determine to undertake a marriage contract until the decreed period reaches its end. And know that Allah knows what is within yourselves, so beware of Him. And know that Allah is Forgiving and Forbearing. (Al-Baqarah [2] : 235)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആ സ്ത്രീകളുമായി നിങ്ങള്‍ വിവാഹക്കാര്യം വ്യംഗ്യമായി സൂചിപ്പിക്കുകയോ മനസ്സില്‍ ഒളിപ്പിച്ചുവെക്കുകയോ ചെയ്യുന്നത് കുറ്റകരമല്ല. നിങ്ങള്‍ അവരെ ഓര്‍ക്കുമെന്ന് അല്ലാഹുവിനു നന്നായറിയാം. എന്നാല്‍ സ്വകാര്യത്തില്‍ അവരുമായി ഒരുടമ്പടിയും ഉണ്ടാക്കരുത്. നിങ്ങള്‍ അവരോട് നല്ല കാര്യം പറയുന്നതല്ലാതെ. നിശ്ചിത അവധി എത്തുംവരെ വിവാഹ ഉടമ്പടി നടത്തരുത്. അറിയുക: തീര്‍ച്ചയായും നിങ്ങളുടെ മനസ്സിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അതിനാല്‍ അവനെ സൂക്ഷിക്കുക. അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനുമാണ്. (അല്‍ബഖറ [2] : 235)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(ഇദ്ദഃയുടെ ഘട്ടത്തില്‍) ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങള്‍ വ്യംഗ്യമായി സൂചിപ്പിക്കുകയോ, മനസ്സില്‍ സൂക്ഷിക്കുകയോ ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. അവരെ നിങ്ങള്‍ ഓര്‍ത്തേക്കുമെന്ന് അല്ലാഹുവിന്നറിയാം. പക്ഷെ നിങ്ങള്‍ അവരോട് മര്യാദയുള്ള വല്ല വാക്കും പറയുക എന്നല്ലാതെ രഹസ്യമായി അവരോട് യാതൊരു നിശ്ചയവും ചെയ്തു പോകരുത്. നിയമപ്രകാരമുള്ള അവധി (ഇദ്ദഃ) പൂര്‍ത്തിയാകുന്നത് വരെ (വിവാഹമുക്തകളുമായി) നിങ്ങൾ വിവാഹകരാറിൽ ഏർപ്പെടരുത്. നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും, അവനെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാണെന്നും നിങ്ങള്‍ മനസ്സിലാക്കുക.
2 Mokhtasar Malayalam
ഭർത്താവ് മരണപ്പെടുകയോ, പൂർണമായി വിവാഹമോചിതയാവുകയോ ആയ സ്ത്രീയുടെ ഇദ്ദഃയുടെ ഘട്ടത്തിൽ അവരുമായുള്ള വിവാഹാലോചന വ്യക്തമാക്കാതെ വ്യംഗ്യമായി സൂചിപ്പിക്കുന്നതിൽ നിങ്ങൾക്ക് കുറ്റമില്ല. "നിൻറെ ഇദ്ദയുടെ കാലം കഴിഞ്ഞാൽ എന്നെ അറിയിക്കണം" എന്നത് പോലെയുള്ള വാക്കുകൾ പറയുന്നതിൽ കുറ്റമില്ല. ഇദ്ദയിൽ കഴിയുന്ന സ്ത്രീയെ ഇദ്ദയുടെ കാലശേഷം വിവാഹം കഴിക്കാനുള്ള ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നതിനും കുഴപ്പമില്ല. അവരെ വിവാഹം കഴിക്കാനുള്ള തീവ്രമായ ആഗ്രഹം കാരണം അവരെ നിങ്ങൾ ഓർത്തേക്കുമെന്ന് അല്ലാഹുവിന്നറിയാം. അതിനാൽ സൂചന നൽകൽ അനുവദിക്കപ്പെട്ടിരിക്കുന്നു. വ്യക്തമാക്കി പറയാൻ അനുവാദമില്ല. ഇങ്ങനെ മാന്യമായ നിലയിൽ സൂചന നൽകുക എന്നതിൽ കവിഞ്ഞു രഹസ്യമായി അവർക്ക് വാഗ്ദാനം നൽകുന്നത് നിങ്ങൾ സൂക്ഷിക്കുക. ഇദ്ദഃയുടെ കാലത്ത് വിവാഹകാരാർ നിങ്ങൾ ഉറപ്പിക്കരുത്. നിങ്ങൾക്കനുവദിച്ചതോ വിരോധിച്ചതോ ആയ ഏതു കാര്യമായാലും നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുക. അതിനാൽ അവനെ നിങ്ങൾ സൂക്ഷിക്കുക. അവൻറെ കൽപനകളെ ധിക്കരിക്കരുത്. അല്ലാഹു പശ്ചാത്തപിക്കുന്നവരോട് ഏറെ പൊറുക്കുന്നവനും ധൃതിപ്പെട്ടു ശിക്ഷിക്കാത്ത സഹനശീലനുമാണെന്നും നിങ്ങൾ മനസ്സിലാക്കുക.