[David] said, "He has certainly wronged you in demanding your ewe [in addition] to his ewes. And indeed, many associates oppress one another, except for those who believe and do righteous deeds – and few are they." And David became certain that We had tried him, and he asked forgiveness of his Lord and fell down bowing [in prostration] and turned in repentance [to Allah]. (Sad [38] : 24)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ദാവൂദ് പറഞ്ഞു: ''തന്റെ ആടുകളുടെ കൂട്ടത്തിലേക്ക് നിന്റെ ആടിനെക്കൂടി ആവശ്യപ്പെടുന്നതിലൂടെ അവന് നിന്നോട് അനീതി ചെയ്യുകയാണ്. കൂട്ടാളികളായി കഴിയുന്നവരിലേറെ പേരും പരസ്പരം അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അത്തരക്കാരുടെ എണ്ണം വളരെ കുറവാണ്.'' ദാവൂദിന് മനസ്സിലായി; നാം അദ്ദേഹത്തെ പരീക്ഷിച്ചതായിരുന്നുവെന്ന്. അതിനാല്‍ അദ്ദേഹം തന്റെ നാഥനോട് പാപമോചനം തേടി. കുമ്പിട്ടു വീണു. പശ്ചാത്തപിച്ചു. (സ്വാദ് [38] : 24)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അദ്ദേഹം (ദാവൂദ്) പറഞ്ഞു: തന്റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക് നിന്റെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവന് നിന്നോട് അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീര്‍ച്ചയായും പങ്കാളികളില്‍ (കൂട്ടുകാരില്‍) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ് ചെയ്യുന്നത്. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച് പേരേയുള്ളൂ അത്തരക്കാര്‍. ദാവൂദ് മനസിലാക്കി; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ് ചെയ്തതെന്ന്. തുടര്‍ന്ന് അദ്ദേഹം തന്റെ രക്ഷിതാവിനോട് പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട് വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു.
2 Mokhtasar Malayalam
അപ്പോൾ ദാവൂദ് അവർക്കിടയിൽ വിധി പ്രഖ്യാപിച്ചു. വാദിയായി വന്ന വ്യക്തിയോട് അദ്ദേഹം പറഞ്ഞു: നിൻ്റെ പക്കലുള്ള ആടിനെ തൻ്റെ ആട്ടിൻപറ്റത്തിലേക്ക് ചേർക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിൻ്റെ സഹോദരൻ നിന്നോട് അനീതി ചെയ്തിരിക്കുന്നു. തീർച്ചയായും പങ്കാളികളിൽ അധികപേരും അന്യൻ്റെ അവകാശം കൈവശപ്പെടുത്തിയും, നീതി പുലർത്താതെയും പരസ്പരം അതിക്രമം ചെയ്യുന്നവർ തന്നെയാണ്; (അല്ലാഹുവിൽ) വിശ്വസിച്ച, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവരൊഴികെ. തീർച്ചയായും അവർ തങ്ങളുടെ പങ്കാളികളോട് നീതി പുലർത്തുകയും, അവരോട് അക്രമം പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നു. അത്തരം ഗുണവിശേഷണങ്ങൾ ഉള്ളവരാകട്ടെ; വളരെ കുറവുമാണ്. ഈ തർക്കത്തിലൂടെ ദാവൂദിനെ നാം ഒരു പരീക്ഷണത്തിൽ പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അപ്പോൾ തൻ്റെ രക്ഷിതാവിനോട് അദ്ദേഹം പാപമോചനം തേടുകയും, അല്ലാഹുവിൻറെ സാമീപ്യം ലഭിക്കുന്നതിനായി അദ്ദേഹം സാഷ്ടാംഗം (സുജൂദ്) വീഴുകയും, അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്തു.