And the Jews say, "The hand of Allah is chained." Chained are their hands, and cursed are they for what they say. Rather, both His hands are extended; He spends however He wills. And that which has been revealed to you from your Lord will surely increase many of them in transgression and disbelief. And We have cast among them animosity and hatred until the Day of Resurrection. Every time they kindled the fire of war [against you], Allah extinguished it. And they strive throughout the land [causing] corruption, and Allah does not like corrupters. (Al-Ma'idah [5] : 64)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ദൈവത്തിന്റെ കൈകള്‍ കെട്ടിപ്പൂട്ടിയിരിക്കുകയാണെന്ന് ജൂതന്മാര് പറയുന്നു. കെട്ടിപ്പൂട്ടിയത് അവരുടെ കൈകള്‍ തന്നെയാണ്. അങ്ങനെ പറഞ്ഞത് കാരണം അവര്‍ അഭിശപ്തരായിരിക്കുന്നു. എന്നാല്‍ അല്ലാഹുവിന്റെ ഹസ്തങ്ങള്‍ തുറന്നുവെച്ചവയാണ്. അവനിച്ഛിക്കും പോലെ അവന് ചെലവഴിക്കുന്നു. നിനക്ക് നിന്റെ നാഥനില്‍നിന്ന് അവതരിച്ചുകിട്ടിയ സന്ദേശം അവരില്‍ അധിക പേരുടെയും ധിക്കാരവും സത്യനിഷേധവും വര്‍ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ നാം പകയും വിദ്വേഷവും ഉളവാക്കിയിരിക്കുന്നു. അവര്‍ യുദ്ധത്തീ ആളിക്കത്തിക്കുമ്പോഴെല്ലാം അല്ലാഹു അത് ഊതിക്കെടുത്തുന്നു. അവര്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (അല്‍മാഇദ [5] : 64)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്ന് യഹൂദന്മാര് പറഞ്ഞു[1] അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക് കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന് എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക് നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികം പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്ത്തെഴുന്നേല്പിന്റെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്. അവര്‍ യുദ്ധത്തിന് തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത് കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല
[1] പിശുക്കന് എന്നര്‍ത്ഥത്തിലുളള ഒരു അലങ്കാര പ്രയോഗമാണ് 'കൈകള്‍ ബന്ധിക്കപ്പെട്ടവന്' എന്ന വാക്ക്. ക്ഷാമവും ദുരിതങ്ങളും വരുമ്പോള്‍ 'അല്ലാഹു ഇപ്പോള്‍ പിശുക്കനായിരിക്കുന്നു' എന്ന് ചില യഹൂദന്മാര് പറഞ്ഞിരുന്നതിനെയാണ് ഇവിടെ നിശിതമായി വിമര്‍ശിക്കുന്നത്.
2 Mokhtasar Malayalam
യഹൂദർക്ക് ദാരിദ്ര്യവും വരൾച്ചയും ബാധിച്ചപ്പോൾ അവർ പറഞ്ഞു: അല്ലാഹുവിൻ്റെ കൈ നന്മകളും ഔദാര്യവും ചൊരിയുന്നതിൽ നിന്ന് തടഞ്ഞു വെക്കപ്പെട്ടിരിക്കുന്നു. അവൻ്റെ പക്കലുള്ളത് അവൻ നമ്മിൽ നിന്ന് തടഞ്ഞിരിക്കുകയാണ്. അറിയുക! അവരുടെ കൈകൾ നന്മയും ഔദാര്യവും നൽകുന്നതിൽ നിന്ന് പിടിച്ചു വെക്കപ്പെട്ടിരിക്കുന്നു. അവരുടെ ഈ വാക്ക് കാരണത്താൽ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് അവർ ആട്ടിയകറ്റപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാൽ അല്ലാഹുവിൻ്റെ ഇരു കൈകൾ നന്മകളും ഔദാര്യവും ചൊരിഞ്ഞു കൊണ്ട് വിശാലമായിരിക്കുന്നു. ഉദ്ദേശിക്കുന്നത് പ്രകാരം അവൻ ചെലവഴിക്കുന്നു. (ചിലർക്ക് അവൻ) വിശാലമാക്കുകയും, (ചിലരിൽ നിന്ന്) അവൻ പിടിച്ചു വെക്കുകയും ചെയ്യുന്നു. അവനെ തടയാനോ നിർബന്ധിക്കാനോ ആരും തന്നെയില്ല. അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ട (സന്ദേശം) യഹൂദരുടെ നിഷേധവും അതിരുകവിച്ചിലും വർദ്ധിപ്പിക്കുകയല്ലാതെ ചെയ്യില്ല. അവർ നിലകൊള്ളുന്ന അസൂയ കാരണത്താലാകുന്നു അത്. യഹൂദരിലെ കക്ഷികൾക്കിടയിൽ നാം ശത്രുതയും വെറുപ്പും ഇട്ടുനൽകുകയും ചെയ്തിരിക്കുന്നു. യുദ്ധത്തിനായി അവർ ഒരുമിച്ചു കൂടുകയും, വിഭവങ്ങൾ ഒരുക്കുകയും ചെയ്യുമ്പോഴെല്ലാം -അല്ലെങ്കിൽ യുദ്ധത്തിൻ്റെ അഗ്നി ആളിക്കത്തിക്കാൻ അവർ ഗൂഢാലോചന നടത്തുമ്പോഴെല്ലാം- അല്ലാഹു അവരുടെ ഐക്യം തകർക്കുകയും, അവരുടെ ശക്തി ഇല്ലാതെയാക്കുകയും ചെയ്യും. ഇസ്ലാമിനെ നശിപ്പിക്കുന്നതിനും അതിനെതിരെ കുതന്ത്രം മെനയുന്നതിനുമായി ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങളെല്ലാം ചെയ്തുകൂട്ടുന്നതിന് അവർ പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നതാണ്. അല്ലാഹു കുഴപ്പക്കാരെ ഇഷ്ടപ്പെടുന്നതല്ല.