O you who have believed, do not kill game while you are in the state of ihram. And whoever of you kills it intentionally – the penalty is an equivalent from sacrificial animals to what he killed, as judged by two just men among you as an offering [to Allah] delivered to the Ka’bah, or an expiation: the feeding of needy people or the equivalent of that in fasting, that he may taste the consequence of his matter [i.e., deed]. Allah has pardoned what is past; but whoever returns [to violation], then Allah will take retribution from him. And Allah is Exalted in Might and Owner of Retribution. (Al-Ma'idah [5] : 95)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വാസികളേ, നിങ്ങള്‍ ഇഹ്റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്. ആരെങ്കിലും ബോധപൂര്‍വം അങ്ങനെ ചെയ്താല്‍ പരിഹാരമായി, അയാള്‍ കൊന്നതിനു തുല്യമായ ഒരു കാലിയെ ബലി നല്‍കണം. നിങ്ങളിലെ നീതിമാന്മാരായ രണ്ടുപേരാണ് അത് തീരുമാനിക്കേണ്ടത്. ആ ബലിമൃഗത്തെ കഅ്ബയിലെത്തിക്കുകയും വേണം. അതല്ലെങ്കില്‍ പ്രായശ്ചിത്തം ചെയ്യണം. ഏതാനും അഗതികള്‍ക്ക് അന്നം നല്‍കലാണത്. അല്ലെങ്കില്‍ അതിനു തുല്യമായി നോമ്പനുഷ്ഠിക്കലാണ്. താന്‍ ചെയ്തതിന്റെ ഭവിഷ്യത്ത് സ്വയം തന്നെ അനുഭവിക്കാനാണിത്. നേരത്തെ കഴിഞ്ഞുപോയതെല്ലാം അല്ലാഹു മാപ്പാക്കിയിരിക്കുന്നു. എന്നാല്‍ ഇനി ആരെങ്കിലും അതാവര്‍ത്തിച്ചാല്‍ അല്ലാഹു അവന്റെ മേല്‍ ശിക്ഷാനടപടി സ്വീകരിക്കും. അല്ലാഹു പ്രതാപിയും പകരം ചെയ്യാന്‍ പോന്നവനുമാണ്. (അല്‍മാഇദ [5] : 95)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, നിങ്ങള്‍ ഇഹ്റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്. നിങ്ങളിലൊരാള്‍ മനഃപൂര്‍വ്വം അതിനെ കൊല്ലുന്ന പക്ഷം, അവന് കൊന്നതിന് തുല്യമെന്ന് നിങ്ങളില്‍ രണ്ടുപേര്‍ തീര്പ്പുകല്പിക്കുന്ന കാലിയെ (അഥവാ കാലികളെ) കഅ്ബത്തിങ്കല്‍ എത്തിച്ചേരേണ്ട ബലിമൃഗമായി നല്‍കേണ്ടതാണ്. അല്ലെങ്കില്‍ പ്രായശ്ചിത്തമായി ഏതാനും അഗതികള്‍ക്ക് ആഹാരം നല്‍കുകയോ, അല്ലെങ്കില്‍ അതിന് തുല്യമായി നോമ്പെടുക്കുകയോ ചെയ്യേണ്ടതാണ്.[1] അവന് ചെയ്തതിന്റെ ഭവിഷ്യത്ത് അവന് അനുഭവിക്കാന്‍ വേണ്ടിയാണിത്. മുമ്പ് ചെയ്തു പോയതിന് അല്ലാഹു മാപ്പുനല്‍കിയിരിക്കുന്നു. വല്ലവനും അത് ആവര്‍ത്തിക്കുന്ന പക്ഷം അല്ലാഹു അവന്റെ നേരെ ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാകുന്നു.
[1] കൊന്ന ജന്തുവിൻ്റെ വില കൊണ്ട് എത്ര പാവങ്ങള്‍ക്ക് ആഹാരം കൊടുക്കാന്‍ കഴിയുമോ അത്രയും ദിവസമാണ് നോമ്പനുഷ്ഠിക്കേണ്ടത്.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവരേ! ഹജ്ജിനോ ഉംറക്കോ ഇഹ്റാം കെട്ടിയിരിക്കെ നിങ്ങൾ കരയിലെ മൃഗങ്ങളെ വേട്ടയാടരുത്. നിങ്ങളിൽ ആരെങ്കിലും ബോധപൂർവ്വം വേട്ടമൃഗത്തെ (ഇഹ്റാമിലായിരിക്കെ) കൊലപ്പെടുത്തിയാൽ അവൻ കൊന്ന വേട്ടമൃഗത്തിന് തുല്ല്യമായ കാലിയെ (ഒട്ടകം, പശു, ആട് എന്നിവ) അവൻ നൽകട്ടെ. മുസ്ലിംകളിൽ പെട്ട, നീതിമാന്മാരായ രണ്ട് പേർ അക്കാര്യത്തിൽ വിധിപറയട്ടെ. അവർ വിധിച്ചതു പ്രകാരമുള്ള ജീവിയെ (ഹജ്ജിൻ്റെ) ബലിമൃഗം പോലെ നിശ്ചയിക്കണം. അതിനെ മക്കയിലേക്ക് കൊണ്ടുപോവുകയും, ഹറമിൽ വെച്ച് ബലിയർപ്പിക്കുകയും വേണം. അതുമല്ലെങ്കിൽ (നിശ്ചയിക്കപ്പെട്ട ബലിമൃഗത്തിൻ്റെ) തുകക്ക് തുല്ല്യമായ ഭക്ഷണം ഹറമിലെ ദരിദ്രർക്ക് നൽകണം. ഓരോ ദരിദ്രനും അര സ്വാഅ് ഭക്ഷണമെന്ന നിലക്കാണത്. അതുമല്ലെങ്കിൽ ഓരോ സ്വാഅ് ഭക്ഷണത്തിനും പകരമായി ഓരോ ദിവസം നോമ്പെടുക്കണം. ഈ പറഞ്ഞതെല്ലാം ഇഹ്റാമിലായിരിക്കെ വേട്ടമൃഗത്തെ കൊലപ്പെടുത്തുക എന്ന പ്രവൃത്തി അവൻ ചെയ്തതിനുള്ള ശിക്ഷയായി കൊണ്ടാണ്. ഇതിന് മുൻപ് ഹറമിൻ്റെ പരിധിക്കുള്ളിൽ മൃഗത്തെ വേട്ടയാടുകയോ, ഇഹ്റാമിലായിരിക്കെ കരയിലുള്ള മൃഗത്തെ വേട്ടയാടുകയോ ചെയ്തു പോയവർക്ക് അല്ലാഹു വിട്ടുപൊറുത്തു നൽകിയിരിക്കുന്നു. ആരെങ്കിലും ഇത് നിഷിദ്ധമാക്കപ്പെട്ട ശേഷം ഇനി അപ്രകാരം ചെയ്തുവെങ്കിൽ അല്ലാഹു അതിനുള്ള ശിക്ഷ നൽകിക്കൊണ്ട് അവനോട് പകരം വീട്ടുന്നതാണ്. അല്ലാഹു അതിശക്തിയുള്ളവനാകുന്നു. അവൻ്റെ ശക്തിയിൽ പെട്ടതാകുന്നു അവനെ ധിക്കരിച്ചവരോട് ഉദ്ദേശിച്ചാൽ പകരം വീട്ടുന്നവനാണ് അവനെന്നത്. അതിൽ നിന്ന് അവനെ തടയാൻ ആരും തന്നെയില്ല.