[They are] eight mates – of the sheep, two and of the goats, two. Say, "Is it the two males He has forbidden or the two females or that which the wombs of the two females contain? Inform me with knowledge, if you should be truthful." (Al-An'am [6] : 143)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു എട്ടു ഇണകളെ സൃഷ്ടിച്ചു. ചെമ്മരിയാടു വര്‍ഗത്തില്‍ നിന്ന് രണ്ടും കോലാടു വര്‍ഗത്തില്‍ നിന്ന് രണ്ടും. ചോദിക്കുക: അല്ലാഹു അവയില്‍ ആണ്‍വര്‍ഗത്തെയാണോ നിഷിദ്ധമാക്കിയത്; അതോ പെണ്‍വര്‍ഗത്തെയോ? അതുമല്ലെങ്കില്‍ ഇരുതരം പെണ്ണാടുകളുടെയും ഗര്‍ഭാശയങ്ങളിലുള്ള കുട്ടികളെയോ? അറിവിന്റെ അടിസ്ഥാനത്തില്‍ എനിക്കു പറഞ്ഞുതരിക; നിങ്ങള്‍ സത്യസന്ധരെങ്കില്‍. (അല്‍അന്‍ആം [6] : 143)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എട്ടു ഇണകളെ (അവന് സൃഷ്ടിച്ചിരിക്കുന്നു.) ചെമ്മരിയാടില്‍ നിന്ന് രണ്ടും, കോലാടില്‍ നിന്ന് രണ്ടും. പറയുക: (അവ രണ്ടിലെയും) ആണ്‍വര്‍ഗങ്ങളെയാണോ, അതല്ല, പെണ്‍വര്‍ഗങ്ങളെയാണോ, അതുമല്ല പെണ്‍വര്‍ഗങ്ങളുടെ ഗര്‍ഭാശയങ്ങള്‍ ഉള്‍കൊണ്ടതിനെയാണോ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്? അറിവിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ എനിക്ക് പറഞ്ഞുതരൂ; നിങ്ങള്‍ സത്യവാന്മാരാണെങ്കില്.
2 Mokhtasar Malayalam
എട്ടു തരം (കന്നുകാലികളെ) അല്ലാഹു നിങ്ങൾക്കായി സൃഷ്ടിച്ചിരിക്കുന്നു. ചെമ്മരിയാടിൽ നിന്ന് ആണും പെണ്ണുമായി രണ്ട് ഇണകളെയും, കോലാടിൽ നിന്ന് രണ്ട് ഇണകളെയും. അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകരോട് ചോദിക്കുക: ഇവ രണ്ടിൽ നിന്നും ആൺ വർഗത്തെയാണോ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്? അവർ അതെയെന്ന് പറയുകയാണെങ്കിൽ ചോദിക്കുക: (അപ്പോൾ) നിങ്ങളെന്തിനാണ് പെൺവർഗത്തെ നിഷിദ്ധമാക്കുന്നത്?! അതല്ല ഇനി അല്ലാഹു പെൺവർഗത്തെയാണോ നിഷിദ്ധമാക്കിയിട്ടുള്ളത്? അവർ ആണെന്ന് പറയുകയാണെങ്കിൽ ചോദിക്കുക; അപ്പോൾ ആൺവർഗത്തെ നിങ്ങളെന്തിനാണ് നിഷിദ്ധമാക്കുന്നത്?! അതല്ലെങ്കിൽ പെൺവർഗം ഗർഭം ചുമന്നവയെ ആണോ നിങ്ങൾ നിഷിദ്ധമാക്കിയിട്ടുള്ളത്?! അവർ അതെ എന്ന് പറയുകയാണെങ്കിൽ അവരോട് ചോദിക്കുക: ഗർഭം ചുമന്നവയെ നിഷിദ്ധമാക്കുമ്പോൾ ചിലപ്പോൾ ആൺവർഗത്തെയും മറ്റു ചിലപ്പോൾ പെൺവർഗത്തെയും വേർതിരിക്കാനുള്ള നിങ്ങളുടെ മാനദണ്ഡം എന്താണ്?! ബഹുദൈവാരാധകരേ! ഈ പറഞ്ഞവയെല്ലാം നിഷിദ്ധമാക്കിയത് അല്ലാഹുവാണെന്ന നിങ്ങളുടെ ജൽപ്പനം ശരിയാണെങ്കിൽ അതിന് നിങ്ങൾ അവലംബമാക്കുന്ന ശരിയായ ഏതെങ്കിലുമൊരു വിജ്ഞാനം നിങ്ങൾ എനിക്ക് അറിയിച്ചു തരൂ!