And who is more unjust than one who invents a lie about Allah or says, "It has been inspired to me," while nothing has been inspired to him, and one who says, "I will reveal [something] like what Allah revealed." And if you could but see when the wrongdoers are in the overwhelming pangs of death while the angels extend their hands, [saying], "Discharge your souls! Today you will be awarded the punishment of [extreme] humiliation for what you used to say against Allah other than the truth and [that] you were, toward His verses, being arrogant." (Al-An'am [6] : 93)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിയുണ്ടാക്കുകയോ; ഒരു ദിവ്യസന്ദേശവും ലഭിക്കാതെ, തനിക്ക് ദിവ്യബോധനം ലഭിച്ചിരിക്കുന്നുവെന്ന് വാദിക്കുകയോ, അല്ലാഹു അവതരിപ്പിച്ചതുപോലുള്ളത് താനും അവതരിപ്പിക്കുമെന്ന് വീമ്പ് പറയുകയോ ചെയ്തവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? ആ അക്രമികള്‍ മരണവെപ്രാളത്തിലകപ്പെടുമ്പോള്‍ മലക്കുകള്‍ കൈനീട്ടിക്കൊണ്ട് ഇങ്ങനെ പറയുന്നു: ''നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തേക്ക് തള്ളുക; നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യവിരുദ്ധമായത് പ്രചരിപ്പിച്ചു. അവന്റെ പ്രമാണങ്ങളെ അഹങ്കാരത്തോടെ തള്ളിക്കളഞ്ഞു. അതിനാല്‍ നിങ്ങള്‍ക്കു നിന്ദ്യമായ ശിക്ഷയുണ്ട്.'' ഇതൊക്കെയും നിനക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍! (അല്‍അന്‍ആം [6] : 93)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നല്കപ്പെടാതെ 'എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു' എന്ന് പറയുകയോ ചെയ്തവനെക്കാളും, അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട്? ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്.[1] 'നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്റെയും, അവന്റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്കപ്പെടുന്നതാണ്' (എന്ന് മലക്കുകള്‍ പറയും.)
[1] മരണം എന്ന പ്രതിഭാസത്തെപ്പറ്റി കൃത്യമായി ഒരറിവും ആര്‍ക്കുമില്ല. മനുഷ്യനെ മരിപ്പിക്കുന്ന കാര്യം അല്ലാഹു മലക്കിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് വിശുദ്ധഖര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. മലക്കുകളുടെ ലോകം നമ്മുടെതില്‍ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ അവരുടെ പ്രവര്‍ത്തനരീതികളെപ്പറ്റി അല്ലാഹു പറഞ്ഞുതന്നതില്‍ കവിഞ്ഞൊന്നും അറിയാന്‍ നമുക്ക് സാധ്യമല്ല.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചു കൊണ്ട് 'അല്ലാഹു ഒരു മനുഷ്യൻ്റെ മേലും ഒന്നും അവതരിപ്പിച്ചിട്ടില്ല' എന്ന് പറയുകയോ, അല്ലെങ്കിൽ അല്ലാഹു ഒരു സന്ദേശവും നൽകിയിട്ടില്ലാതെ 'എനിക്ക് അല്ലാഹു സന്ദേശം നൽകിയിരിക്കുന്നു' എന്ന് കളവ് പറയുകയോ, അല്ലെങ്കിൽ 'അല്ലാഹു അവതരിപ്പിച്ച ഖുർആൻ പോലുള്ളത് ഞാനും അവതരിപ്പിക്കാം' എന്ന് പറയുകയോ ചെയ്തവനെക്കാൾ അതിക്രമം പ്രവർത്തിച്ചവനായി മറ്റാരുമില്ല. അല്ലാഹുവിൻ്റെ റസൂലേ! ഈ അതിക്രമികൾക്ക് മരണത്തിൻ്റെ വെപ്രാളം ബാധിക്കുന്നത് താങ്കൾ കണ്ടിരുന്നെങ്കിൽ! മലക്കുകൾ അവരെ ശിക്ഷിക്കുവാനും അടിക്കുവാനും വേണ്ടി തങ്ങളുടെ കൈകൾ നീട്ടുകയും, അവരെ ശക്തമായി ആക്ഷേപിച്ചു കൊണ്ട് ഇപ്രകാരം പറയുകയും ചെയ്യും: നിങ്ങളുടെ ആത്മാവുകളെ പുറത്തു കൊണ്ടുവരിക! ഞങ്ങളവയെ പിടികൂടട്ടെ! നിങ്ങളെ അപമാനിതരാക്കുകയും നിന്ദ്യരാക്കുകയും ചെയ്യുന്ന ശിക്ഷ നിങ്ങൾക്ക് പ്രതിഫലമായി ലഭിക്കുന്ന ദിവസമാണിത്. ഞങ്ങൾക്ക് പ്രവാചകത്വമുണ്ടെന്നും, അല്ലാഹുവിൻ്റെ സന്ദേശം ലഭിച്ചിരിക്കുന്നുവെന്നും അല്ലാഹു അവതരിപ്പിച്ചതു പോലുള്ള അവതരിപ്പിക്കാൻ ഞങ്ങൾക്ക് കഴിയുമെന്നുമെല്ലാം അല്ലാഹുവിൻ്റെ മേൽ നിങ്ങൾ കള്ളം പറഞ്ഞതിൻ്റെ ഫലമായാണിത്. അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നതിൽ നിന്ന് നിങ്ങൾ അഹങ്കാരം നടിക്കുകയും ചെയ്തത് കാരണമാണിത്. താങ്കൾക്ക് ആ കാഴ്ച്ച കാണാൻ കഴിഞ്ഞിരുന്നെങ്കിൽ തീർത്തും അസഹനീയമായ കാഴ്ച്ചയാകുമായിരുന്നു അത്.