Indeed, the postponing [of restriction within sacred months] is an increase in disbelief by which those who have disbelieved are led [further] astray. They make it lawful one year and unlawful another year to correspond to the number made unlawful by Allah and [thus] make lawful what Allah has made unlawful. Made pleasing to them is the evil of their deeds; and Allah does not guide the disbelieving people. (At-Tawbah [9] : 37)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
യുദ്ധം വിലക്കിയ മാസങ്ങളില്‍ മാറ്റം വരുത്തുന്നത് കടുത്ത സത്യനിഷേധമാണ്. അതുവഴി ആ സത്യനിഷേധികള്‍ കൂടുതല്‍ വലിയ വഴികേടിലകപ്പെടുന്നു. ചില കൊല്ലങ്ങളിലവര്‍ യുദ്ധം അനുവദനീയമാക്കുന്നു. മറ്റുചില വര്‍ഷങ്ങളിലത് നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയ മാസങ്ങളുടെ എണ്ണം ഒപ്പിക്കാനാണിത്. അങ്ങനെ അല്ലാഹു വിലക്കിയതിനെ അവര്‍ അനുവദനീയമാക്കുന്നു. അവരുടെ ഈ ദുഷ്ചെയ്തികള്‍ അവര്‍ക്ക് ആകര്‍ഷകമായി തോന്നുന്നു. സത്യനിഷേധികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (അത്തൗബ [9] : 37)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വിലക്കപ്പെട്ടമാസം പുറകോട്ട് മാറ്റുക എന്നത് സത്യനിഷേധത്തിന്റെ വര്‍ദ്ധനവ് തന്നെയാകുന്നു.[1] സത്യനിഷേധികള്‍ അത് മൂലം തെറ്റിലേക്ക് നയിക്കപ്പെടുന്നു. ഒരു കൊല്ലം അവരത് അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയതിന്റെ (മാസത്തിന്റെ) എണ്ണമൊപ്പിക്കുവാനും എന്നിട്ട്, അല്ലാഹു നിഷിദ്ധമാക്കിയത് ഏതോ അത് അനുവദനീയമാക്കുവാനും വേണ്ടിയാണ് അവരങ്ങനെ ചെയ്യുന്നത്. അവരുടെ ദുഷ്പ്രവൃത്തികള്‍ അവര്‍ക്ക് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
[1] കലഹപ്രിയരായ അറേബ്യന്‍ ഗോത്രവര്‍ഗങ്ങള്‍ക്ക് മൂന്ന് മാസം തുടര്‍ച്ചയായി യുദ്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വലിയ മടിയായിരുന്നു. അതിനാല്‍ യുദ്ധം നിഷിദ്ധമായ ഏതെങ്കിലും മാസത്തില്‍ വേണ്ടിവന്നാല്‍ യുദ്ധം ചെയ്യുകയും, പുറകെവരുന്ന ഏതെങ്കിലുമൊരു മാസം അതിനു പകരം വിലക്കപ്പെട്ട മാസമായി ഗണിക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അതിന് 'നസീഅ്' എന്നു പറയുന്നു. തീര്‍ത്ഥാടനം ഒരേ കാലാവസ്ഥയിലാകുന്നതിന് വേണ്ടി ചാന്ദ്രവര്‍ഷത്തെ സൗരവര്‍ഷവുമായി ഒപ്പിച്ചു കൊണ്ടു പോകുന്ന സമ്പ്രദായത്തിനും 'നസീഅ്' എന്നു പറയുന്നു. ഇതൊക്കെയും നിഷിദ്ധമാകുന്നു.
2 Mokhtasar Malayalam
-അറബികൾ ഇസ്ലാമിന് മുൻപ് (ജാഹിലിയ്യതിൽ) ചെയ്തു വന്നിരുന്നത് പോലെ- പവിത്രമാക്കപ്പെട്ട മാസങ്ങളുടെ പരിശുദ്ധി മറ്റേതെങ്കിലും മാസത്തിലേക്ക് മാറ്റുകയും, അതിന് ഈ പറഞ്ഞ സ്ഥാനം കൽപ്പിച്ചു നൽകുകയും ചെയ്യുക എന്നത് അല്ലാഹുവിനെ നിഷേധിച്ചതിന് പുറമെയുള്ള അവരുടെ നിഷേധത്തിലെ വർദ്ധനവാണ്. കാരണം, (അല്ലാഹുവിനോടൊപ്പം മറ്റുള്ളവരെ ആരാധിക്കുക എന്നതിനൊപ്പം) പരിശുദ്ധമാക്കപ്പെട്ട മാസങ്ങളുടെ വിഷയത്തിലുള്ള അല്ലാഹുവിൻ്റെ വിധിയെയും അവർ നിഷേധിച്ചിരിക്കുന്നു. അല്ലാഹുവിനെ നിഷേധിച്ചവരെ ഈ രൂപത്തിൽ മോശമായ ചര്യങ്ങൾ നിശ്ചയിച്ചു നൽകിക്കൊണ്ട് പിശാച് വഴിപിഴപ്പിക്കുന്നു. പരിശുദ്ധമായ മാസത്തെ മറ്റൊരു സാധാരണ മാസത്തിലേക്ക് നീക്കിവെച്ചു കൊണ്ട് ചില വർഷങ്ങളിൽ അവർ അതിലുള്ള യുദ്ധം അനുവദനീയമാക്കുന്നു. അല്ലാഹു പവിത്രമാക്കിയ മാസമല്ല അത് എങ്കിൽപ്പോലും വർഷത്തിൽ അവർ എണ്ണമൊപ്പിക്കാൻ വേണ്ടി ഏതെങ്കിലും നാലുമാസത്തെ പവിത്രമായി നിശ്ചയിക്കുകയും ചെയ്യും. യുദ്ധം നിഷിദ്ധമായ ഒരു പവിത്രമാസത്തെ അവർ അനുവദിക്കപ്പെട്ട സാധാരണ മാസമായി കണക്കാക്കിയാൽ അതിനു പകരം മറ്റൊരു മാസത്തെ അവർ പവിത്രമെന്ന് ജൽപിക്കുമായിരുന്നു. അങ്ങനെ അല്ലാഹു ആ മാസത്തിൽ നിഷിദ്ധമാക്കിയത് അവർ അനുവദനീയമാക്കുകയും, അല്ലാഹുവിൻ്റെ വിധിയോട് അതിലൂടെ എതിരാവുകയും ചെയ്യുന്നു. മ്ലേഛപ്രവൃത്തികൾ പിശാച് അവർക്ക് നന്നാക്കി തോന്നിപ്പിക്കുകയും, അങ്ങനെ അവർ അത് പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. ഈ പറയപ്പെട്ട 'നസീഅ്' (പവിത്രമാസങ്ങൾ മാറ്റൽ) എന്ന ആചാരം അതിൽ പെട്ടതാണ്. അല്ലാഹു അവനെ നിഷേധിക്കുകയും, അതിൽ തുടരുകയും ചെയ്യുന്നവരെ സന്മാർഗത്തിലേക്ക് വഴിനയിക്കുന്നതല്ല.