The example of [this] worldly life is but like rain which We have sent down from the sky that the plants of the earth absorb – [those] from which men and livestock eat – until, when the earth has taken on its adornment and is beautified and its people suppose that they have capability over it, there comes to it Our command by night or by day, and We make it as a harvest, as if it had not flourished yesterday. Thus do We explain in detail the signs for a people who give thought. (Yunus [10] : 24)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഐഹികജീവിതത്തിന്റെ ഉപമയിതാ: മാനത്തുനിന്നു നാം മഴ പെയ്യിച്ചു. അതുവഴി ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും തിന്നാന്‍. അങ്ങനെ ഭൂമി അതിന്റെ ചമയങ്ങളണിയുകയും ചേതോഹരമാവുകയും ചെയ്തു. അവയൊക്കെ അനുഭവിക്കാന്‍ തങ്ങള്‍ കഴിവുറ്റവരായിരിക്കുന്നുവെന്ന് അതിന്റെ ഉടമകള്‍ കരുതി. അപ്പോള്‍ രാത്രിയോ പകലോ നമ്മുടെ കല്പന വന്നെത്തുന്നു. അങ്ങനെ നാമതിനെ നിശ്ശേഷം നശിപ്പിക്കുന്നു; ഇന്നലെ അവിടെ ഒന്നുംതന്നെ ഉണ്ടായിരുന്നിട്ടില്ലാത്തവിധം. ചിന്തിച്ചു മനസ്സിലാക്കുന്ന ജനതക്കുവേണ്ടിയാണ് നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നത്. (യൂനുസ് [10] : 24)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നാം ആകാശത്ത് നിന്ന് വെള്ളം ഇറക്കിയിട്ട് അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും, അത് അഴകാര്‍ന്നതാകുകയും, അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്പന അതിന് വന്നെത്തുകയും, തലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാമവയെ ഉന്മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.
2 Mokhtasar Malayalam
നിങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഐഹിക ജീവിതത്തിൻ്റെ നൈമിഷികതയുടെ ഉപമ ഒരു മഴ പോലെയാകുന്നു. അതുമുഖേന, മനുഷ്യർക്ക് ഭക്ഷിക്കാനുള്ള ധാന്യങ്ങളും ഫലങ്ങളും, കാലികൾ ഭക്ഷിക്കുന്ന പുല്ലുകളും ഇടകലർന്നു വളർന്നു. അങ്ങനെ, ഭൂമി അതിൻ്റെ ആകർഷകമായ വർണത്തിലാവുകയും, ചെടികളുടെ ഇനങ്ങളാൽ അഴകാർന്നതാവുകയും, അവയൊക്കെ കൊയ്തെടുക്കാൻ തങ്ങൾക്ക് കഴിയുമാറായെന്ന് അതിൻ്റെ ഉടമസ്ഥർ വിചാരിക്കുകയും ചെയ്തപ്പോഴതാ അതിനെ നശിപ്പിക്കുവാനുള്ള നമ്മുടെ കൽപന അതിന് വന്നെത്തുകയും, അടുത്ത കാലത്തൊന്നും മരങ്ങളോ ചെടികളോ അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടിൽ നാമവയെ ഉന്മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇഹലോകത്തിൻ്റെ അവസ്ഥയും അതിൻ്റെ നശ്വരതയും നാം വ്യക്തമാക്കിയ പോലെ ചിന്തിക്കുകയും പാഠമുൾക്കൊള്ളുകയും ചെയ്യുന്നവർക്ക് നാം തെളിവുകൾ വിശദമാക്കി കൊടുക്കുന്നു.