It is Allah who erected the heavens without pillars that you [can] see; then He established Himself above the Throne and made subject the sun and the moon, each running [its course] for a specified term. He arranges [each] matter; He details the signs that you may, of the meeting with your Lord, be certain. (Ar-Ra'd [13] : 2)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ കാണുന്ന താങ്ങൊന്നുമില്ലാതെ ആകാശങ്ങളെ ഉയര്‍ത്തിനിര്‍ത്തിയവന്‍ അല്ലാഹുവാണ്. പിന്നെ അവന് സിംഹാസനസ്ഥനായി. അവന് സൂര്യ ചന്ദ്രന്മാരെ അധീനപ്പെടുത്തിയിരിക്കുന്നു. എല്ലാം നിശ്ചിത കാലപരിധിയില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്. അവന് കാര്യങ്ങളെല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഈ തെളിവുകളെല്ലാം വിവരിച്ചുതരികയും ചെയ്യുന്നു. നിങ്ങളുടെ നാഥനുമായി സന്ധിക്കുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ദൃഢബോധ്യമുള്ളവരാകാന്‍. (അര്‍റഅ്ദ് [13] : 2)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്ത്തിയവന്.[1] പിന്നെ അവന് സിംഹാസനത്തിൽ ആരോഹണം ചെയ്യുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധിവരെ സഞ്ചരിക്കുന്നു. അവന് കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവന് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു.
[1] അന്യോന്യം കൂട്ടിമുട്ടി തകരാതെ ജ്യോതിര്‍ഗോളങ്ങളെ ശൂന്യാകാശത്ത് താങ്ങി നിര്‍ത്തുന്ന ശക്തിനിയമങ്ങള്‍ അത്യന്തം സങ്കീര്‍ണ്ണമത്രെ. നിശ്ചിതമായ സഞ്ചാരപഥങ്ങളും, നിര്‍ണ്ണിതമായ ഭ്രമണ വേഗതയുമുളള ആകാശഗോളങ്ങളുടെ സംവിധാനം സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ സ്രഷ്ടാവിൻ്റെ സാന്നിദ്ധ്യം വിളിച്ചോതുന്നു.
2 Mokhtasar Malayalam
അല്ലാഹുവാകുന്നു നിങ്ങൾക്ക് കാണാവുന്ന തൂണുകൾ കൂടാതെ ഉയർന്നു നിൽക്കുന്ന ആകാശത്തെ സൃഷ്ടിച്ചവൻ. പിന്നെ അവൻ അവൻ്റെ പരിശുദ്ധിക്ക് യോജിക്കുംവിധം സിംഹാസനത്തിന് മുകളിൽ ആരോഹിതനായി. രൂപപ്പെടുത്തുകയോ സൃഷ്ടികളോട് സമപ്പെടുത്തുകയോ ചെയ്യാതെ അക്കാര്യം സ്ഥിരീകരിക്കുകയാണ് നാം ചെയ്യേണ്ടത്. സൂര്യനെയും ചന്ദ്രനെയും സൃഷ്ടികൾക്ക് പ്രയോജനപ്രദമാകുന്ന രൂപത്തിൽ അവൻ അനുയോജ്യമാക്കി നൽകുകയും ചെയ്തു. സൂര്യ ചന്ദ്രന്മാരെല്ലാം അല്ലാഹുവിൻറെ അറിവിലുള്ള ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. ആകാശ ഭൂമികളിലെ കാര്യങ്ങളെ അവനുദ്ദേശിക്കുന്ന രൂപത്തിൽ അവൻ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. അല്ലാഹുവിൻ്റെ ശക്തി നിങ്ങൾക്ക് ബോധ്യപ്പെടുത്തി നൽകുന്ന ദൃഷ്ടാന്തങ്ങൾ അവൻ നിങ്ങൾക്ക് വിവരിച്ചു തരുന്നു. അന്ത്യനാളിൽ നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങൾ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിനും, അന്നേ ദിവസത്തിനായി നിങ്ങൾ തയ്യാറെടുക്കുന്നതിനും വേണ്ടിയത്രെ അത്.