So by mercy from Allah, [O Muhammad], you were lenient with them. And if you had been rude [in speech] and harsh in heart, they would have disbanded from about you. So pardon them and ask forgiveness for them and consult them in the matter. And when you have decided, then rely upon Allah. Indeed, Allah loves those who rely [upon Him]. (Ali 'Imran [3] : 159)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന്റെ കാരുണ്യം കാരണമാണ് നീ അവരോട് സൗമ്യനായത്. നീ പരുഷപ്രകൃതനും കഠിനമനസ്കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്പിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (ആലുഇംറാന് [3] : 159)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്പിക്കുക. തന്നില്‍ ഭരമേല്പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.
2 Mokhtasar Malayalam
അല്ലാഹുവിൽ നിന്നുള്ള മഹത്തരമായ അനുഗ്രഹത്താലാണ് -നബിയേ!- അനുചരന്മാരോടുള്ള താങ്കളുടെ പെരുമാറ്റം വളരെ സൗമ്യതയുള്ളതായത്. താങ്കളെങ്ങാനും സംസാരത്തിലും പ്രവർത്തനത്തിലും പരുഷത പുലർത്തുന്നവരും, ഹൃദയകാഠിന്യമുള്ളവരും ആയിരുന്നെങ്കിൽ അവർ താങ്കളിൽ നിന്ന് അകന്നു പോകുമായിരുന്നു. അതിനാൽ താങ്കളോടുള്ള ബാധ്യതകളിൽ അവർ വരുത്തുന്ന കുറവുകൾ അവർക്ക് താങ്കൾ പൊറുത്തു കൊടുക്കുകയും, അവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കൂടിയാലോചന വേണ്ടതായ കാര്യങ്ങളിൽ അവരുടെ അഭിപ്രായം അന്വേഷിക്കുകയും ചെയ്യുക. അങ്ങനെ കൂടിയാലോചനക്ക് ശേഷം ഏതെങ്കിലുമൊരു കാര്യത്തിൽ താങ്കൾ ഉറച്ച തീരുമാനമെടുത്താൽ അതുമായി മുന്നോട്ടുപോവുകയും , അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവരെ അവൻ ഇഷ്ടപ്പെടുന്നു. അവരെ അവൻ നന്മയിലേക്ക് വഴിനടത്തുകയും, അവർക്ക് പിന്തുണ നൽകുകയും ചെയ്യുന്നു.