O you who have believed, be persistently standing firm in justice, witnesses for Allah, even if it be against yourselves or parents and relatives. Whether one is rich or poor, Allah is more worthy of both. So follow not [personal] inclination, lest you not be just. And if you distort [your testimony] or refuse [to give it], then indeed Allah is ever, of what you do, Aware. (An-Nisa [4] : 135)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടത്തി അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല. ഇരുകൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍നിന്ന് തെന്നിമാറുകയോ ചെയ്യുകയാണെങ്കില്‍ അറിയുക. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു. (അന്നിസാഅ് [4] : 135)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! നിങ്ങൾ സർവ്വ സന്ദർഭങ്ങളിലും നീതിയിൽ നിലകൊള്ളുന്നവരാവുക! എല്ലാവരുടെ കാര്യത്തിലും സത്യസന്ധമായ സാക്ഷ്യം വഹിക്കുന്നവരുമാവുക. നിങ്ങൾക്കെതിരെ സാക്ഷ്യം വഹിക്കേണ്ടി വന്നാലും, അതല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾക്കെതിരെയോ, നിങ്ങളോട് അടുത്ത ബന്ധമുള്ളവർക്കെതിരെയോ ആയിരുന്നാലും സത്യത്തിന് വേണ്ടി സാക്ഷ്യം വഹിക്കുക. ആരുടെയെങ്കിലും ദാരിദ്ര്യമോ ധന്യതയോ സാക്ഷ്യം പറയുന്നതിനോ പറയാതിരിക്കുന്നതിനോ നിങ്ങളെ പ്രേരിപ്പിക്കരുത്. നിങ്ങളിലെ ദരിദ്രരോടും സമ്പന്നരോടും ഏറ്റവും അടുത്തവനും, അവർക്ക് നന്മയായിട്ടുള്ളത് എന്തെന്ന് ഏറ്റവും അറിയുന്നവനും അല്ലാഹുവാകുന്നു. നിങ്ങളുടെ സാക്ഷ്യങ്ങളിൽ സ്വന്തം ദേഹേഛകളെ നിങ്ങൾ പിൻപറ്റരുത്; അത് സത്യത്തിൽ നിന്ന് അകന്നു പോകലായിത്തീരും. സാക്ഷ്യം പറയുന്നതിൽ കൃത്രിമം വരുത്തി കൊണ്ടോ, സാക്ഷ്യം പറയേണ്ട വേളയിൽ അതിൽ നിന്ന് തിരിഞ്ഞു കളഞ്ഞു കൊണ്ടോ (നിങ്ങൾ അനീതി പ്രവർത്തിക്കുകയാണെങ്കിൽ) തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാകുന്നു.