O People of the Scripture, do not commit excess in your religion or say about Allah except the truth. The Messiah, Jesus the son of Mary, was but a messenger of Allah and His word which He directed to Mary and a soul [created at a command] from Him. So believe in Allah and His messengers. And do not say, "Three"; desist – it is better for you. Indeed, Allah is but one God. Exalted is He above having a son. To Him belongs whatever is in the heavens and whatever is on the earth. And sufficient is Allah as Disposer of affairs. (An-Nisa [4] : 171)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന് മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. 'ത്രിത്വം' പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി. (അന്നിസാഅ് [4] : 171)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും, മര്‍യമിലേക്ക് അവന് ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്.[1] നിങ്ങളുടെ നന്മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.
[1] ത്രിത്വം അല്ലെങ്കില്‍ ത്രിയേകത്വം എന്നത് യേശുക്രിസ്തുവിന് ശേഷം ക്രൈസ്തവസഭ ചമച്ചുണ്ടാക്കിയ ഒരു പ്രത്യേകതരം ദൈവസങ്കല്പമാണ്. പിതാവ്, പുത്രന്, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ഭാവങ്ങളുള്ള ഒരു ദൈവം എന്നാണ് അവര്‍ അതുകൊണ്ട് ഉദ്ദേശിക്കുന്നത്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ഇഞ്ചീലിൻ്റെ വക്താക്കളായ നസ്വാറാക്കളോട് പറയുക: നിങ്ങളുടെ ദീനിൻ്റെ കാര്യത്തിൽ നിങ്ങൾ അതിരു വിട്ടുകടക്കരുത്. ഈസാ -عَلَيْهِ السَّلَامُ- യുടെ കാര്യത്തിൽ അല്ലാഹുവിൻ്റെ മേൽ സത്യമല്ലാതെ നിങ്ങൾ പറയുകയുമരുത്. മർയമിൻ്റെ മകൻ മസീഹ് ഈസ അല്ലാഹു സത്യവുമായി നിയോഗിച്ച അവൻ്റെ ദൂതൻ മാത്രമാകുന്നു. മർയം -عَلَيْهَا السَّلَامُ- യുടെ അടുക്കലേക്ക് ജിബ്രീൽ -عَلَيْهِ السَّلَامُ- നോടൊപ്പം അല്ലാഹു അയച്ച അവൻ്റെ വചനം കൊണ്ടാണ് അല്ലാഹു അദ്ദേഹത്തെ സൃഷ്ടിച്ചത്. 'ഉണ്ടാകൂ' (കുൻ) എന്ന അല്ലാഹുവിൻ്റെ വാക്കായിരുന്നു അത്; അതോടെ അദ്ദേഹം ഉണ്ടായി. ജിബ്രീൽ -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ കൽപ്പന പ്രകാരം (മർയമിൽ) ഊതിയ, അല്ലാഹുവിൽ നിന്നുള്ള (ആത്മാവിൻ്റെ) ഊതലായിരുന്നു അത്. അതിനാൽ അല്ലാഹുവിലും അവൻ്റെ സർവ്വ ദൂതന്മാരിലും -യാതൊരു വേർതിരിവുമില്ലാതെ- നിങ്ങൾ വിശ്വസിക്കൂ! 'ആരാധ്യന്മാർ മൂന്നു പേരാണ്' എന്ന് ഒരിക്കലും നിങ്ങൾ പറയരുത്. ഈ നശിച്ച കള്ളവാദം നിങ്ങൾ അവസാനിപ്പിക്കുക. അതിൽ നിന്ന് വിരമിക്കുന്നത് ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് നന്മയായി ഭവിക്കും. അല്ലാഹു ഏകനായ ഒരേയൊരു ആരാധ്യൻ മാത്രമാകുന്നു. പങ്കുകാരിൽ നിന്നും, സന്താനത്തിൽ നിന്നുമെല്ലാം അവൻ പരിശുദ്ധനാകുന്നു. അവൻ സർവ്വനിലക്കും ധന്യനാകുന്നു (ഗനിയ്യ്). ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും അധികാരം അവൻ്റേതാകുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ളവർക്ക് നിലനിർത്തുന്നവനും നിയന്താവുമായി അല്ലാഹു മതിയായവനാണ്.