And We ordained for them therein a life for a life, an eye for an eye, a nose for a nose, an ear for an ear, a tooth for a tooth, and for wounds is legal retribution. But whoever gives [up his right as] charity, it is an expiation for him. And whoever does not judge by what Allah has revealed – then it is those who are the wrongdoers [i.e., the unjust]. (Al-Ma'idah [5] : 45)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നാം അവര്‍ക്ക് അതില്‍ ഇവ്വിധം നിയമം നല്കിയിരിക്കുന്നു; ജീവനു ജീവന്, കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്, എല്ലാ പരിക്കുകള്‍ക്കും തത്തുല്യമായ പ്രതിക്രിയ. എന്നാല്‍ ആരെങ്കിലും മാപ്പ് നല്കുകയാണെങ്കില് അത് അവന്നുള്ള പ്രായശ്ചിത്തമാകുന്നു. ആര് അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധിക്കുന്നില്ലയോ, അവര്‍ തന്നെയാണ് അക്രമികള്‍. (അല്‍മാഇദ [5] : 45)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ജീവന് ജീവന്, കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, ചെവിക്ക് ചെവി, പല്ലിന് പല്ല്, മുറിവുകള്‍ക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങനെയാണ് അതില്‍ (തൗറാത്തില്‍) നാം അവര്‍ക്ക് നിയമമായി വെച്ചിട്ടുള്ളത്. വല്ലവനും (പ്രതിക്രിയ ചെയ്യാതെ) മാപ്പുനല്കുന്ന പക്ഷം അത് അവന്ന് പാപമോചന(ത്തിന് ഉതകുന്ന ഒരു പുണ്യകര്‍മ്മ)മാകുന്നു. ആര് അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍.[1]
[1] പാവപ്പെട്ടവര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടാല്‍ വേദഗ്രന്ഥത്തില്‍ പറഞ്ഞപ്രകാരമുളള ശിക്ഷ കണിശമായി നല്‍കുകയും പ്രമാണിമാരാണ് തെറ്റു ചെയ്തതെങ്കില്‍ എന്തെങ്കിലും ലഘുവായ ശിക്ഷ കൊണ്ട് മതിയാക്കുകയും ചെയ്യുന്ന സമ്പ്രദായമായിരുന്നു യഹൂദര്‍ അനുവര്‍ത്തിച്ചിരുന്നത്.
2 Mokhtasar Malayalam
ആരെങ്കിലും മനഃപൂർവ്വം ഒരാളെ അന്യായമായി കൊലപ്പെടുത്തിയാൽ ആ കൊലപാതകി കൊല്ലപ്പെടണമെന്നും, ആരെങ്കിലും മനഃപൂർവ്വം മറ്റൊരാളുടെ കണ്ണ് പൊട്ടിച്ചാൽ അവൻ്റെ കണ്ണ് എടുക്കണമെന്നും, ആരെങ്കിലും മനഃപൂർവ്വം ഒരാളുടെ മൂക്ക് മുറിച്ചാൽ അപ്രകാരം ചെയ്തവൻ്റെ മൂക്ക് മുറിക്കണമെന്നും, ആരെങ്കിലും മനഃപൂർവ്വം ഒരാളുടെ ചെവി മുറിച്ചാൽ അവൻ്റെ ചെവി എടുക്കണമെന്നും, ആരെങ്കിലും മനഃപൂർവ്വം ഒരാളുടെ പല്ല് കൊഴിച്ചാൽ അവൻ്റെ പല്ല് കൊഴിക്കണമെന്നും തൗറാത്തിൽ യഹൂദർക്ക് മേൽ നാം നിയമമാക്കിയിരിക്കുന്നു. ശരീരത്തിൽ മുറിവുകൾ വരുത്തുന്ന കാര്യത്തിലാണെങ്കിൽ അതിക്രമിച്ചവൻ്റെ അതിക്രമത്തിന് തുല്ല്യമായ ശിക്ഷ നൽകണമെന്നും നാം വിധിച്ചിരിക്കുന്നു. ആരെങ്കിലും അതിക്രമിക്ക് സ്വേഛപ്രകാരം മാപ്പു നൽകിയാൽ അവൻ്റെ തിന്മകൾക്ക് പശ്ചാത്താപമായി ഈ മാപ്പു നൽകൽ മാറുന്നതാണ്; കാരണം തന്നോട് അതിക്രമം ചെയ്തവന് അവൻ പൊറുത്തു നൽകിയിരിക്കുന്നു. ആരെങ്കിലും ശിക്ഷാവിധികളുടെ കാര്യത്തിലും മറ്റു കാര്യങ്ങളിലും അല്ലാഹു അവതരിപ്പിച്ചത് കൊണ്ട് വിധിക്കുന്നില്ലെങ്കിൽ അവൻ അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിച്ചവനാകുന്നു.