O you who have believed, when you rise to [perform] prayer, wash your faces and your forearms to the elbows and wipe over your heads and wash your feet to the ankles. And if you are in a state of janabah, then purify yourselves. But if you are ill or on a journey or one of you comes from the place of relieving himself or you have contacted women and do not find water, then seek clean earth and wipe over your faces and hands with it. Allah does not intend to make difficulty for you, but He intends to purify you and complete His favor upon you that you may be grateful. (Al-Ma'idah [5] : 6)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, നിങ്ങള്‍ നമസ്കാരത്തിനൊരുങ്ങിയാല്‍ നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ ഇരുകരങ്ങളും കഴുകുക. തല തടവുകയും ഞെരിയാണിവരെ കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ വലിയ അശുദ്ധിയുള്ളവരാണെങ്കില്‍ കുളിച്ചു ശുദ്ധിയാവുക. രോഗികളോ യാത്രക്കാരോ ആണെങ്കിലും നിങ്ങളിലാരെങ്കിലും വിസര്‍ജിച്ചുവരികയോ സ്ത്രീസംസര്‍ഗം നടത്തുകയോ ചെയ്തിട്ട് വെള്ളം കിട്ടാതിരിക്കുകയാണെങ്കിലും ശുദ്ധിവരുത്താന്‍ മാലിന്യമില്ലാത്ത മണ്ണ് ഉപയോഗിക്കുക. അതില്‍ കയ്യടിച്ച് മുഖവും കൈകളും തടവുക. നിങ്ങളെ പ്രയാസപ്പെടുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങള്‍ക്ക് അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരാനും അവനുദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍. (അല്‍മാഇദ [5] : 6)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ (കുളിച്ച്) ശുദ്ധിയാകുക. നിങ്ങള്‍ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക.[1] എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരണമെന്നും അവന് ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.
[1] 'വുദ്വൂഅ്' ചെയ്യാനോ, കുളിക്കാനോ സൗകര്യപ്പെടാത്ത പക്ഷം പകരം ചെയ്യേണ്ട ശുദ്ധി കര്‍മ്മമാണ് തയമ്മും. ശുദ്ധിയുള്ള നിലത്ത് ഇരു കൈപ്പത്തികള്‍ അടിച്ച് അതുകൊണ്ട് മുഖവും കൈകളും തടവുന്നതിനാണ് 'തയമ്മും' എന്ന് പറയുന്നത്. 4: 43 - ലെ കുറിപ്പ് നോക്കുക.
2 Mokhtasar Malayalam
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! ചെറിയ അശുദ്ധിയുള്ളവരായിരിക്കെ നിങ്ങൾ നിസ്കാരം നിർവ്വഹിക്കാൻ ഉദ്ദേശിച്ചാൽ നിങ്ങൾ വുദ്വു എടുക്കുക. നിങ്ങളുടെ മുഖങ്ങൾ കഴുകുകയും, മുട്ടുവരെ രണ്ട് കൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും, മടമ്പിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന നെരിയാണി ഉൾപ്പെടെ രണ്ട് കാലുകളും കഴുകുകയും ചെയ്യുക. വലിയ അശുദ്ധിയാണ് നിങ്ങൾക്കുള്ളതെങ്കിൽ നിങ്ങൾ കുളിക്കുക. നിങ്ങൾ രോഗികളാവുകയോ, രോഗം വർദ്ധിക്കുമെന്നോ രോഗശമനം വൈകുമെന്നോ ഭയക്കുന്നെങ്കിൽ, നിങ്ങൾ ഭൂമിയുടെ പ്രതലം ലക്ഷ്യം വെക്കുക. നിങ്ങളുടെ കൈകൾ കൊണ്ട് ഭൂമിയിൽ അടിക്കുകയും, നിങ്ങളുടെ മുഖങ്ങളും നിങ്ങളുടെ കൈകളും അത് കൊണ്ട് തടവുകയും ചെയ്യുക. (തയമ്മും ചെയ്യുക). നിങ്ങൾ യാത്രയിലാവുകയോ, അതല്ലെങ്കിൽ നിങ്ങൾ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിച്ചതിനാൽ ചെറിയ അശുദ്ധി ബാധിക്കുകയോ, സ്ത്രീകളുമായി സംസർഗം നിർവ്വഹിച്ചതിനാൽ വലിയ അശുദ്ധിയുണ്ടാവുകയോ ചെയ്താൽ ആരോഗ്യാവസ്ഥയിലാണെങ്കിലും നിങ്ങൾക്ക് തയമ്മും ചെയ്യാം. ശുദ്ധിയാകാൻ വെള്ളം അന്വേഷിച്ചെങ്കിലും നിങ്ങൾക്ക് വെള്ളം ലഭിച്ചില്ലെങ്കിൽ മാത്രമെ ഇത്തരം അവസ്ഥയിൽ അത് ചെയ്യാൻ പാടുള്ളൂ. നിങ്ങൾക്ക് ഉപദ്രവകരമാകുന്ന രൂപത്തിൽ വെള്ളം തന്നെ ഉപയോഗിക്കാൻ നിങ്ങളെ നിർബന്ധിച്ചു കൊണ്ട് വിധിവിലക്കുകളിൽ നിങ്ങൾക്ക് ഇടുക്കമുണ്ടാക്കുവാൻ അല്ലാഹു ഉദ്ദേശിക്കുന്നില്ല. അതിനാൽ രോഗമുള്ളപ്പോഴോ വെള്ളം ഇല്ലെങ്കിലോ വുദ്വുവിന് പകരമായി ഇത് അവൻ നിങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്നു. നിങ്ങൾക്ക് മേലുള്ള അല്ലാഹുവിൻ്റെ അനുഗ്രഹം അവൻ പൂർത്തീകരിക്കുകയാണ് ഇതിലൂടെ. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നിങ്ങൾക്ക് നന്ദി കാണിക്കുന്നതിനും അവയെ നിങ്ങൾ നിഷേധിക്കാതിരിക്കാനും വേണ്ടിയാണ് ഇത്.