Allah will not impose blame upon you for what is meaningless in your oaths, but He will impose blame upon you for [breaking] what you intended of oaths. So its expiation is the feeding of ten needy people from the average of that which you feed your [own] families or clothing them or the freeing of a slave. But whoever cannot find [or afford it] – then a fast of three days [is required]. That is the expiation for oaths when you have sworn. But guard your oaths. Thus does Allah make clear to you His verses [i.e., revealed law] that you may be grateful. (Al-Ma'idah [5] : 89)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ബോധപൂര്‍വമല്ലാത്ത ശപഥങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ കരുതിക്കൂട്ടി ചെയ്യുന്ന ശപഥങ്ങളുടെ പേരില്‍ അവന് നിങ്ങളെ പിടികൂടും. അപ്പോള്‍ ശപഥ ലംഘനത്തിനുള്ള പ്രായശ്ചിത്തം ഇതാകുന്നു: പത്ത് അഗതികള്‍ക്ക്, നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ തീറ്റിപ്പോറ്റുന്ന സാമാന്യനിലവാരത്തിലുള്ള ആഹാരം നല്‍കുക. അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുക. അതുമല്ലെങ്കില്‍ ഒരടിമയെ മോചിപ്പിക്കുക. ഇതിനൊന്നും സാധിക്കാത്തവര്‍ മൂന്നുദിവസം നോമ്പെടുക്കട്ടെ. ഇതാണ് സത്യം ചെയ്ത ശേഷം അത് ലംഘിച്ചാലുള്ള പ്രായശ്ചിത്തം. നിങ്ങളുടെ ശപഥങ്ങള്‍ നിങ്ങള്‍ പാലിക്കുക. അവ്വിധം അല്ലാഹു തന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍. (അല്‍മാഇദ [5] : 89)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന് നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന് നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള്‍ അതിന്റെ (അത് ലംഘിക്കുന്നതിന്റെ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും (അതൊന്നും) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക. അപ്രകാരം അല്ലാഹു അവന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി.
2 Mokhtasar Malayalam
(അല്ലാഹുവിൽ) വിശ്വസിച്ചവരേ! മനഃപൂർവമല്ലാതെ നിങ്ങളുടെ നാവുകളിൽ വന്നുപോകുന്ന ശപഥങ്ങളിൽ അല്ലാഹു നിങ്ങളെ വിചാരണ ചെയ്യുകയില്ല. നിങ്ങൾ ബോധപൂർവ്വം ഹൃദയസാന്നിധ്യത്തോടെ ചെയ്ത ശപഥങ്ങളുടെ പേരിൽ -അവ നിങ്ങൾ ലംഘിച്ചാൽ- മാത്രമേ അവൻ നിങ്ങളെ വിചാരണ ചെയ്യുകയുള്ളൂ. നിങ്ങൾ ഉറപ്പോടെ എടുത്ത ശപഥങ്ങൾ നിങ്ങൾ ഉച്ചരിക്കുകയും, അവ നിങ്ങൾ ലംഘിക്കുകയും ചെയ്താൽ മൂന്നിലൊരു കാര്യം ചെയ്താൽ -അവയിലേതും നിങ്ങൾക്ക് തിരഞ്ഞെടുക്കാം- ആ ശപഥലംഘനത്തിൻ്റെ തെറ്റ് അവൻ നിങ്ങൾക്ക് മാപ്പാക്കി നൽകും. ആ മൂന്ന് കാര്യങ്ങൾ ഇവയാണ്: നിങ്ങളുടെ നാട്ടുകാരുടെ മദ്ധ്യമനിലവാരത്തിലുള്ള ഭക്ഷണം അര സ്വാഅ് വീതം പത്ത് ദരിദ്രർക്ക് ഭക്ഷിപ്പിക്കുകയോ, പൊതുവെ (നിങ്ങളുടെ നാട്ടിൽ) വസ്ത്രമായി പരിഗണിക്കപ്പെടുന്നത് അവരെ ധരിപ്പിക്കുകയോ, ഒരു (മുസ്ലിമായ) വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയോ ചെയ്യുക. സത്യം ചെയ്തതിന് പ്രായശ്ചിത്തം ചെയ്യുന്നയാൾക്ക് ഈ മൂന്നു കാര്യങ്ങളിൽ ഒന്നുപോലും ചെയ്യാൻ വഴികാണുന്നില്ലെങ്കിൽ മൂന്നു ദിവസം നോമ്പ് നോറ്റുകൊണ്ട് അവൻ പ്രായശ്ചിത്തം ചെയ്യട്ടെ. അല്ലാഹുവിൻ്റെ പേരിൽ നിങ്ങൾ ശപഥമെടുക്കുകയും, ശേഷം അത് നിങ്ങൾ ലംഘിക്കുകയും ചെയ്താൽ അതിനുള്ള പ്രായശ്ചിത്തമാണ് -വിശ്വാസികളേ!- ഇത്. അല്ലാഹുവിൻ്റെ പേരിൽ കള്ളസത്യം ചെയ്യുന്നതിൽ നിന്നും, അല്ലാഹുവിൻ്റെ പേരിൽ അധികമായി സത്യം ചെയ്യുന്നതിൽ നിന്നും, ചെയ്ത ശപഥം നന്മയാകുന്നിടത്തോളം അത് പൂർത്തീകരിക്കാതിരിക്കുന്നതിൽ നിന്നും നിങ്ങൾ നിങ്ങളുടെ ശപഥങ്ങളെ സംരക്ഷിക്കുക. നിങ്ങൾ നന്മ പ്രവർത്തിക്കുക. നിങ്ങളുടെ വീട്ടാൻ കഴിയാത്ത ശപഥങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുക. ശപഥലംഘനത്തിൻ്റെ വിധികൾ നിങ്ങൾക്ക് വിശദീകരിച്ചു തന്നതു പോലെ അല്ലാഹു അനുവദനീയവും (ഹലാൽ) നിഷിദ്ധവും (ഹറാം) വ്യക്തമാക്കുന്ന അവൻ്റെ വിധിവിലക്കുകൾ നിങ്ങൾക്ക് വിശദീകരിച്ചു തരുന്നു. നിങ്ങൾക്ക് അറിവില്ലാതിരുന്നത് അല്ലാഹു നിങ്ങൾക്ക് പഠിപ്പിച്ചു തന്നതിന് അല്ലാഹുവിന് നിങ്ങൾ നന്ദി പ്രകടിപ്പിക്കുന്നതിനത്രെ അത്.