Say, [O Muhammad], "I do not tell you that I have the depositories [containing the provision] of Allah or that I know the unseen, nor do I tell you that I am an angel. I only follow what is revealed to me." Say, "Is the blind equivalent to the seeing? Then will you not give thought?" (Al-An'am [6] : 50)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: എന്റെ വശം അല്ലാഹുവിന്റെ ഖജനാവുകളുണ്ടെന്ന് ഞാന്‍ നിങ്ങളോട് അവകാശപ്പെടുന്നില്ല. അഭൗതിക കാര്യങ്ങള്‍ ഞാന്‍ അറിയുന്നുമില്ല. ഞാനൊരു മലക്കാണെന്നും നിങ്ങളോടു പറയുന്നില്ല. എനിക്കു അല്ലാഹുവില്‍ നിന്ന് ബോധനമായി ലഭിക്കുന്നവയല്ലാതൊന്നും ഞാന്‍ പിന്‍പറ്റുന്നില്ല. ചോദിക്കുക: കുരുടനും കാഴ്ചയുള്ളവനും ഒരുപോലെയാണോ? നിങ്ങള്‍ ചിന്തിക്കുന്നില്ലേ? (അല്‍അന്‍ആം [6] : 50)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും ഞാൻ നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ?[1] നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്?
[1] നബി(ﷺ)യുടെ ശത്രുക്കളുടെ വിശ്വാസങ്ങളും അദ്ദേഹത്തിനെതിരില്‍ അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളുമൊക്കെ അന്ധമായ ഊഹങ്ങളില്‍ അധിഷ്ഠിതമാണ്. അവര്‍ ഇക്കാര്യത്തില്‍ അന്ധരാണ്. നബി(ﷺ) സംസാരിക്കുന്നത് അല്ലാഹുവിൻ്റെ സന്ദേശമനുസരിച്ചാണ്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിൻ്റെ കയ്യിലുള്ള ഉപജീവനത്തിൻ്റെ ഖജനാവുകൾ എൻ്റെ അടുക്കലുണ്ടെന്നും, അതിൽ ഞാൻ ഉദ്ദേശിച്ച പോലെ ചെലവഴിക്കാൻ എനിക്ക് കഴിയുമെന്നും ഞാൻ നിങ്ങളോട് പറയുന്നില്ല. അല്ലാഹു എനിക്ക് അവൻ്റെ പക്കൽ നിന്നുള്ള സന്ദേശമായി അറിയിച്ചു തന്നതല്ലാത്ത വല്ല മറഞ്ഞ കാര്യവും എനിക്കറിയാമെന്നും ഞാൻ നിങ്ങളോട് പറയുന്നില്ല. മലക്കുകളുടെ കൂട്ടത്തിൽ പെട്ട ഒരു മലക്കാണ് ഞാനെന്നും നിങ്ങളോട് ഞാൻ പറയുന്നില്ല. ഞാൻ അല്ലാഹുവിൽ നിന്നുള്ള ഒരു ദൂതൻ (റസൂൽ) മാത്രമാകുന്നു. എനിക്ക് അല്ലാഹു സന്ദേശമായി അറിയിച്ചു നൽകുന്നതല്ലാതെ (മറ്റൊന്നും) ഞാൻ പിൻപറ്റുന്നില്ല. എനിക്കില്ലാത്ത ഒരു കാര്യവും ഉണ്ടെന്ന് ഞാൻ വ്യാജം പറയുന്നില്ല. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: സത്യം മനസ്സിലാക്കാനുള്ള ഉൾക്കാഴ്ച നഷ്ടപ്പെട്ട് അന്ധത ബാധിച്ച (അല്ലാഹുവിനെ) നിഷേധിക്കുന്ന മനുഷ്യനും, സത്യം തിരിച്ചറിയുകയും അതിൽ വിശ്വസിക്കുകയും ചെയ്ത (അല്ലാഹുവിൽ) വിശ്വസിച്ച മനുഷ്യനും സമമാകുമോ?! അല്ലയോ ബഹുദൈവാരാധകരേ! നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങളുടെ ചുറ്റുപാടുമുള്ള ദൃഷ്ടാന്തങ്ങളെ കുറിച്ച് നിങ്ങൾ ചിന്തിക്കുന്നില്ലേ?!