O you who have believed, repent to Allah with sincere repentance. Perhaps your Lord will remove from you your misdeeds and admit you into gardens beneath which rivers flow [on] the Day when Allah will not disgrace the Prophet and those who believed with him. Their light will proceed before them and on their right; they will say, "Our Lord, perfect for us our light and forgive us. Indeed, You are over all things competent." (At-Tahrim [66] : 8)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് പശ്ചാത്തപിക്കുക. ആത്മാര്‍ഥമായ പശ്ചാത്താപം. നിങ്ങളുടെ നാഥന് നിങ്ങളുടെ തിന്മകള് മായിച്ചുകളയുകയും താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു തന്റെ പ്രവാചകനെയും കൂടെയുള്ള വിശ്വാസികളെയും നിന്ദിക്കാത്ത ദിനമാണത്. അവരുടെ മുന്നിലും വലതുഭാഗത്തും തങ്ങളുടെതന്നെ പ്രകാശം പ്രസരിച്ചുകൊണ്ടിരിക്കും. അവര്‍ പറയും: ഞങ്ങളുടെ നാഥാ! ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ചു തരേണമേ! ഞങ്ങളോട് നീ പൊറുക്കേണമേ! നീ എല്ലാറ്റിനും കഴിവുറ്റവന്‍തന്നെ; തീര്‍ച്ച. (അത്തഹ് രീം [66] : 8)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍. അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച് തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങളുടെ തെറ്റുകളിൽ നിന്ന് സത്യസന്ധമായി നിങ്ങൾ പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ തെറ്റുകൾ മായ്ച്ചു കളയുകയും, പരലോകത്ത് നിങ്ങളെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. നബിയെയും അവിടുത്തോടൊപ്പം (ഇസ്ലാമിൽ) വിശ്വസിച്ചവരെയും നരകത്തിൽ പ്രവേശിപ്പിച്ചു കൊണ്ട് അല്ലാഹു നിന്ദിക്കാത്ത ദിവസത്തിൽ. സ്വിറാത്ത് പാലത്തിലായിരിക്കെ, അവരുടെ പ്രകാശം അവരുടെ മുന്നിലും വലതു ഭാഗത്തുമുണ്ടായിരിക്കും. അവർ പറഞ്ഞു കൊണ്ടിരിക്കും: ഞങ്ങളുടെ രക്ഷിതാവേ! സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ ഞങ്ങളുടെ പ്രകാശം ഞങ്ങൾക്ക് നീ പൂർത്തീകരിച്ചു തരേണമേ! സ്വിറാത്ത് പാലത്തിൻ്റെ മദ്ധ്യത്തിൽ വെച്ച് പ്രകാശം കെട്ടുപോകുന്ന കപടവിശ്വാസികളെ പോലെ നീ ഞങ്ങളെ ആക്കരുതേ! ഞങ്ങളുടെ തെറ്റുകൾ നീ ഞങ്ങൾക്ക് പൊറുത്തു തരികയും ചെയ്യേണമേ! തീർച്ചയായും നീ എല്ലാത്തിനും കഴിവുള്ളവനാകുന്നു; ഞങ്ങളുടെ പ്രകാശം പൂർത്തീകരിച്ചു തരിക എന്നതും, ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരിക എന്നതും നിനക്ക് അസാധ്യമായ കാര്യമല്ല.