And there followed them successors who inherited the Scripture [while] taking the commodities of this lower life and saying, "It will be forgiven for us." And if an offer like it comes to them, they will [again] take it. Was not the covenant of the Scripture [i.e., the Torah] taken from them that they would not say about Allah except the truth, and they studied what was in it? And the home of the Hereafter is better for those who fear Allah, so will you not use reason? (Al-A'raf [7] : 169)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പിന്നീട് അവര്‍ക്കുപിറകെ അവരുടെ പിന്‍ഗാമികളായി ഒരു വിഭാഗം വന്നു. അവര്‍ വേദഗ്രന്ഥം അനന്തരമെടുത്തു. ഈ അധമലോകത്തിന്റെ വിഭവങ്ങളാണ് അവര്‍ ശേഖരിച്ചുകൊണ്ടിരിക്കുന്നത്. 'ഞങ്ങള്‍ക്ക് ഇതൊക്കെ പൊറുത്തുകിട്ടു'മെന്ന് അവര്‍ പറയുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഐഹികവിഭവങ്ങള്‍ വീണ്ടും വന്നുകിട്ടിയാല്‍ അതവര് വാരിപ്പുണരും. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാതൊന്നും പറയുകയില്ലെന്ന് വേദഗ്രന്ഥത്തിലൂടെ അവരോട് കരാര്‍ വാങ്ങുകയും അതിലുള്ളത് അവര്‍ പഠിച്ചറിയുകയും ചെയ്തിട്ടില്ലേ? പരലോക ഭവനമാണ് ഭക്തി പുലര്‍ത്തുന്നവര്‍ക്ക് ഉത്തമം. നിങ്ങള്‍ ആലോചിച്ചറിയുന്നില്ലേ? (അല്‍അഅ്റാഫ് [7] : 169)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അനന്തരം അവര്‍ക്ക് ശേഷം അവരുടെ പിന്‍ഗാമികളായി ഒരു തലമുറ രംഗത്ത് വന്നു. അവര്‍ വേദത്തിന്റെ അനന്തരാവകാശമെടുത്തു. ഈ നിസ്സാരമായ ലോകത്തിലെ വിഭവങ്ങളാണ്[1] അവര്‍ കൈപ്പറ്റുന്നത്. ഞങ്ങള്‍ക്ക് അതൊക്കെ പൊറുത്തുകിട്ടുന്നതാണ് എന്ന് അവര്‍ പറയുകയും ചെയ്യും.[2] അത്തരത്തിലുള്ള മറ്റൊരു വിഭവം അവര്‍ക്ക് വന്നുകിട്ടുകയാണെങ്കിലും അവരത് സ്വീകരിച്ചേക്കും. അല്ലാഹുവെപ്പറ്റി സത്യമല്ലാതെ ഒന്നും അവര്‍ പറയുകയില്ലെന്ന് വേദഗ്രന്ഥത്തിലൂടെ അവരോട് ഉറപ്പ് മേടിക്കപ്പെടുകയും, അതിലുള്ളത് അവര്‍ വായിച്ചുപഠിക്കുകയും ചെയ്തിട്ടില്ലേ? എന്നാല്‍ പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ?
[1] അഴിമതി നടത്തിയും മതവിധികളില്‍ മായംചേര്‍ത്തും അവര്‍ നേടിയിരുന്ന തുഛമായ ഭൗതിക നേട്ടങ്ങളെപ്പറ്റിയാണ് സൂചന. [2] മനസ്സില്‍ തട്ടാത്ത പശ്ചാത്താപ വചനങ്ങള്‍ കൊണ്ടു പോലും പാപങ്ങള്‍ പൊറുത്തു കിട്ടുമെന്നാണ് അവര്‍ ധരിച്ചിരുന്നത്. അല്ലാഹുവിൻ്റെ പ്രിയപ്പെട്ട സമുദായമായിട്ടാണല്ലോ അവര്‍ സ്വയം കരുതിയിരുന്നത്. അഴിമതി തെറ്റാണെന്ന് ബോധ്യമായിട്ട് പശ്ചാത്താപം നടത്തിയ ശേഷം കോഴ കിട്ടുകയാണെങ്കില്‍ അതും വാങ്ങാന്‍ അവര്‍ മടിച്ചിരുന്നില്ല.
2 Mokhtasar Malayalam
അവർക്ക് ശേഷം അവരെ പിന്തുടർന്നു കൊണ്ട് മോശക്കാരായ ഒരു വിഭാഗം വന്നു. മുൻഗാമികളിൽ നിന്ന് അവർ തൗറാത്ത് ഏറ്റുവാങ്ങി. അവരതാ അതിലുള്ളത് പ്രവർത്തിക്കാതെ കേവല പാരായണം നടത്തുന്നു. അല്ലാഹുവിൻ്റെ ഗ്രന്ഥം മാറ്റത്തിരുത്തലുകൾ വരുത്തുന്നതിനും, അതിൽ അല്ലാഹു അവതരിപ്പിച്ചതു വിട്ട്, മറ്റുള്ളത് കൊണ്ട് വിധിക്കുന്നതിനുമായി വിലയില്ലാത്ത ഐഹികവിഭവങ്ങൾ കൈക്കൂലിയായും മറ്റും അവർ സ്വീകരിക്കുന്നു. അല്ലാഹു തങ്ങളുടെ തിന്മകൾ പൊറുത്തു നൽകുന്നതാണെന്ന് അവർ സ്വയം സമാശ്വസിക്കുകയാണ്. യാതൊരു വിലയുമില്ലാത്ത മറ്റൊരു ഐഹികവിഭവം വന്നെത്തിയാൽ ഒന്നിന് പിറകെ ഒന്നായി അവരത് സ്വീകരിച്ചു കൊണ്ടേയിരിക്കും. അല്ലാഹുവിൻ്റെ കാര്യത്തിൽ -യാതൊരു മാറ്റത്തിരുത്തലും വരുത്താതെ- സത്യമല്ലാതെ പറയരുതെന്ന് അല്ലാഹു അവരിൽ നിന്ന് കരാർ സ്വീകരിക്കുകയുണ്ടായിട്ടില്ലേ?! അവർ അല്ലാഹുവിൻ്റെ ഗ്രന്ഥമനുസരിച്ച് പ്രവർത്തിക്കാത്തത് അറിവില്ലാത്തതു കൊണ്ടല്ല. മറിച്ച്, അറിഞ്ഞു കൊണ്ട് തന്നെയാണ് അവരത് ഉപേക്ഷിച്ചിട്ടുള്ളത്. അതിലുള്ളത് അവർ വായിച്ചറിയുകയും, മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ അവരത് വലിച്ചെറിയുകയെന്നത് കൂടുതൽ ഗുരുതരമാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് തീർന്നു പോകുന്ന ഈ ഐഹികവിഭവങ്ങളെക്കാൾ ഉത്തമമായിട്ടുള്ളത് പരലോകഭവനവും, അവിടെ ലഭിക്കുന്ന ശാശ്വതമായ അനുഗ്രഹങ്ങളുമാണ്. അല്ലാഹു അവനെ സൂക്ഷിക്കുന്നവർക്ക് പരലോകത്ത് ഒരുക്കി വെച്ചിരിക്കുന്നതാണ് കൂടുതൽ ഉത്തമവും എന്നെന്നും നിലനിൽക്കുന്നതുമെന്ന് യാതൊരു വിലയുമില്ലാത്ത ഈ ഐഹികവിഭവങ്ങൾ സ്വീകരിക്കുന്നവർ മനസ്സിലാക്കുന്നില്ലേ?!