They ask you, [O Muhammad], about the Hour: when is its arrival? Say, "Its knowledge is only with my Lord. None will reveal its time except Him. It lays heavily upon the heavens and the earth. It will not come upon you except unexpectedly." They ask you as if you are familiar with it. Say, "Its knowledge is only with Allah, but most of the people do not know." (Al-A'raf [7] : 187)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആ അന്ത്യനിമിഷത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു: അതെപ്പോഴാണ് വന്നെത്തുകയെന്ന്. പറയുക: അതേക്കുറിച്ച അറിവ് എന്റെ നാഥന്റെ വശം മാത്രമേയുള്ളൂ. യഥാസമയം അവനാണത് വെളിപ്പെടുത്തുക. ആകാശഭൂമികളില്‍ അതുണ്ടാക്കുന്ന ആഘാതം വളരെ കടുത്തതായിരിക്കും. തീര്‍ത്തും യാദൃഛികമായാണ് അത് നിങ്ങളില്വന്നെത്തുക. നീ അതേക്കുറിച്ച് ചുഴിഞ്ഞ് അന്വേഷിച്ചറിഞ്ഞവനാണെന്നപോലെ അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അതേക്കുറിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമേയുള്ളൂ. എങ്കിലും ഏറെപ്പേരും ഇതൊന്നുമറിയുന്നില്ല. (അല്‍അഅ്റാഫ് [7] : 187)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്. പറയുക: അതിനെപ്പറ്റിയുള്ള അറിവ് എന്റെ രക്ഷിതാവിങ്കല്‍ മാത്രമാണ്. അതിന്റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന് മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു.[1] പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്. പക്ഷെ അധികമാളുകളും (കാര്യം) മനസ്സിലാക്കുന്നില്ല.
[1] അന്ത്യദിനം ആകാശഭൂമികളിലുള്ളവരെ സംബന്ധിച്ചിടത്തോളം ഭയങ്കരമായ ഒരനുഭവമായിരിക്കുമെന്നര്‍ത്ഥം.
2 Mokhtasar Malayalam
പരലോകത്തെ നിഷേധിക്കുന്ന ഇക്കൂട്ടർ കടുത്ത ധിക്കാരത്തോടെ നിന്നോട് ചോദിക്കുന്നു: ഏത് സമയമാണ് അന്ത്യനാൾ സംഭവിക്കുകയും, അതിനെ കുറിച്ചുള്ള അറിവ് ഉറപ്പുള്ളതാവുകയും ചെയ്യുക?! അല്ലാഹുവിൻ്റെ റസൂലേ! പറയുക: അതിനെ കുറിച്ചുള്ള അറിവ് എൻ്റെ പക്കലോ മറ്റാരുടെയെങ്കിലും അടുക്കലോ ഇല്ല. അതിൻ്റെ അറിവ് അല്ലാഹുവിൻ്റെ അടുക്കൽ മാത്രമാകുന്നു. അതിന് നിശ്ചയിക്കപ്പെട്ട സമയത്ത് അത് വെളിവാക്കുക അവൻ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലുമുള്ളവർക്ക് അതിനെ കുറിച്ചുള്ള അറിവ് അവ്യക്തമായിരിക്കുന്നു. പൊടുന്നനെയല്ലാതെ അത് നിങ്ങൾക്ക് വന്നെത്തുകയില്ല. താങ്കൾ പരലോകത്തിൻ്റെ സമയം അറിയാൻ വളരെ താല്പര്യമുള്ളവരാണെന്ന ധാരണയിലാണ് അവർ താങ്കളോട് ചോദിക്കുന്നത്. എന്നാൽ അല്ലാഹുവിനെ കുറിച്ച് പൂർണ്ണമായ അറിവുള്ളതിനാൽ പരലോകത്തിൻ്റെ സമയം എപ്പോഴാണെന്ന് താങ്കൾ അല്ലാഹുവിനോട് ചോദിക്കുകയില്ല എന്ന് അവർ മനസ്സിലാക്കിയിട്ടില്ല. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അന്ത്യനാളിൻ്റെ സമയത്തെ കുറിച്ചുള്ള അറിവ് അല്ലാഹുവിൻ്റെ അടുക്കൽ മാത്രമാകുന്നു. എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അക്കാര്യം അറിയുന്നില്ല.