And [had you been present], you would see the sun when it rose, inclining away from their cave on the right, and when it set, passing away from them on the left, while they were [lying] within an open space thereof. That was from the signs of Allah. He whom Allah guides is the [rightly] guided, but he whom He sends astray – never will you find for him a protecting guide. (Al-Kahf [18] : 17)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സൂര്യന് ഉദയവേളയില്‍ ആ ഗുഹയുടെ വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും അസ്തമയസമയത്ത് അവരെ വിട്ടുകടന്ന് ഇടത്തോട്ടുപോകുന്നതായും നിനക്കു കാണാം. അവരോ, ഗുഹക്കകത്ത് വിശാലമായ ഒരിടത്താകുന്നു. ഇത് അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്മാര്ഗം പ്രാപിച്ചവന്. അവന് ആരെ വഴികേടിലാക്കുന്നുവോ അവനെ നേര്‍വഴിയിലാക്കുന്ന ഒരു രക്ഷകനേയും നിനക്കു കണ്ടെത്താനാവില്ല. (അല്‍കഹ്ഫ് [18] : 17)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സൂര്യന് ഉദിക്കുമ്പോള്‍ അതവരുടെ ഗുഹവിട്ട് വലതുഭാഗത്തേക്ക് മാറിപ്പോകുന്നതായും, അത് അസ്തമിക്കുമ്പോള്‍ അതവരെ വിട്ട് കടന്ന് ഇടത് ഭാഗത്തേക്ക് പോകുന്നതായും നിനക്ക് കാണാം. അവരാകട്ടെ അതിന്റെ (ഗുഹയുടെ) വിശാലമായ ഒരു ഭാഗത്താകുന്നു.[1] അത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അല്ലാഹു ആരെ നേര്‍വഴിയിലാക്കുന്നുവോ അവനാണ് സന്മാര്ഗം പ്രാപിച്ചവന്. അവന് ആരെ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ അവനെ നേര്‍വഴിയിലേക്ക് നയിക്കുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുന്നതല്ല തന്നെ.
അങ്ങനെ അവർ കൽപ്പിക്കപ്പെട്ട കാര്യം പ്രാവർത്തികമാക്കി. അല്ലാഹു അവർക്ക് മേൽ ഉറക്കം ഇട്ടുകൊടുക്കുകയും, അവരുടെ ശത്രുക്കളിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്തു. നീ അവരെ നോക്കുകയാണെങ്കിൽ, സൂര്യൻ കിഴക്ക് നിന്ന് ഉദിച്ചു കഴിഞ്ഞാൽ അതവരുടെ ഗുഹയുടെ വലതുഭാഗത്തുള്ള പ്രവേശനകവാടത്തിൽ നിന്ന് മാറിപ്പോകുന്നത് കാണാം. അസ്തമിക്കുമ്പോഴാകട്ടെ, അതവരുടെ ഇടതു ഭാഗത്തു കൂടെ മാറിപ്പോകുന്നതും കാണാം. അതിനാൽ എപ്പോഴും അവർ തണലിലാണ്; സൂര്യൻ്റെ ചൂട് അവരെ ബാധിക്കുന്നില്ല. ഗുഹയിൽ അവശ്യംവേണ്ട വിശാലതയിലാണവർ എന്നതിനാൽ അവർക്ക് ആവശ്യമുള്ള വായുസഞ്ചാരവും അതിലുണ്ട്. ഈ രൂപത്തിൽ അവർക്ക് ഗുഹയിൽ അഭയം നൽകിയതും, അവർക്ക് മേൽ ഉറക്കം ഇട്ടുനൽകിയതും, സൂര്യൻ അവരിൽ നിന്ന് മാറിപ്പോകുന്നതും, അവരുടെ വാസസ്ഥലം വിശാലമാക്കിയതും, അവരുടെ നാട്ടിൽ നിന്ന് അവരെ രക്ഷപ്പെടുത്തിയതുമെല്ലാം അല്ലാഹുവിൻ്റെ ശക്തി തെളിയിക്കുന്ന അവൻ്റെ അത്ഭുതകരമായ പ്രവൃത്തികൾ തന്നെ. ആരെയെങ്കിലും സന്മാർഗത്തിൻ്റെ വഴിയിലേക്ക് അല്ലാഹു നയിക്കുന്നെങ്കിൽ അവനാകുന്നു യഥാർത്ഥത്തിൽ സന്മാർഗം സ്വീകരിച്ചിട്ടുള്ളവൻ. ആരെയെങ്കിലും അത് നൽകാതെ അല്ലാഹുകൈവെടിയുകയും, വഴികേടിലാക്കുകയും ചെയ്തുവെങ്കിൽ അവന് സന്മാർഗത്തിലേക്ക് സൗകര്യം ചെയ്തു നൽകുകയും, വഴികാണിച്ചു നൽകുകയും ചെയ്യുന്ന ഒരു സഹായിയെയും നിനക്ക് കണ്ടെത്താൻ കഴിയില്ല. കാരണം സന്മാർഗം നൽകുക എന്നത് അല്ലാഹുവിൻ്റെ അധീനതയിൽ മാത്രമാണ്. മറ്റാരുടെയും കയ്യിലല്ല.