Already there has been for you a sign in the two armies which met [in combat at Badr] – one fighting in the cause of Allah and another of disbelievers. They saw them [to be] twice their [own] number by [their] eyesight. But Allah supports with His victory whom He wills. Indeed in that is a lesson for those of vision. (Ali 'Imran [3] : 13)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പരസ്പരം ഏറ്റുമുട്ടിയ രണ്ടു കൂട്ടരില്‍ നിങ്ങള്‍ക്ക് ഗുണപാഠമുണ്ട്. ഒരു വിഭാഗം ദൈവമാര്‍ഗത്തില്‍ പടവെട്ടുകയായിരുന്നു. മറു വിഭാഗം സത്യനിഷേധികളും. സത്യനിഷേധികളുടെ ദൃഷ്ടിയില് സത്യവിശ്വാസികള്‍ തങ്ങളുടെ ഇരട്ടിയുള്ളതായാണ് തോന്നിയത്. അല്ലാഹു അവനിച്ഛിക്കുന്നവരെ തന്റെ സഹായത്താല്‍ കരുത്തരാക്കുന്നു. തീര്‍ച്ചയായും ഉള്‍ക്കാഴ്ചയുള്ളവര്‍ക്കൊക്കെ ഇതില്‍ വലിയ ദൃഷ്ടാന്തമുണ്ട്. (ആലുഇംറാന് [3] : 13)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(ബദ്റില്‍) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില് അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്.[1] അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സഹായം കൊണ്ട് പിന്‍ബലം നല്കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്.
[1] മുസ്ലിംകളുടെ മൂന്നിരട്ടിയിലേറെ വരുന്ന ശത്രുക്കള്‍ക്ക് ഭയം ജനിപ്പിക്കാന്‍ വേണ്ടി അല്ലാഹു അപ്രകാരം തോന്നിക്കുകയാണ് ചെയ്തത്.
2 Mokhtasar Malayalam
ബദ്റിൽ ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളിൽ തീർച്ചയായും നിങ്ങൾക്കൊരു ഗുണപാഠവും ദൃഷ്ടാന്തവുമുണ്ട്. അല്ലാഹുവിൽ വിശ്വസിച്ചവരായിരുന്നു അതിൽ ഒന്നാമത്തെ വിഭാഗം; അല്ലാഹുവിൻ്റെ റസൂൽ (സ) യും അവിടുത്തെ അനുചരന്മാരുമായിരുന്നു അവർ. അല്ലാഹുവിൻറെ മാർഗത്തിൽ അവൻറെ വചനം ഉന്നതമാവുന്നതിനും, നിഷേധത്തിൻ്റെ വാക്ക് തകർന്നടിയുന്നതിനുമാണ് അവർ യുദ്ധം ചെയ്യുന്നത്. അല്ലാഹുവിനെ നിഷേധിച്ചവരാണ് മറുപക്ഷത്തുള്ളത്; അഹങ്കാരവും പൊങ്ങച്ചവും വർഗീയതയും ഉയർത്തിപ്പിടിച്ച മക്കയിലെ നിഷേധികളാണവർ. (വിശ്വാസികൾ) തങ്ങളുടെ രണ്ടിരട്ടിയായി നിഷേധികളെ അവരുടെ കണ്ണാൽ യഥാർത്ഥരൂപത്തിൽ കാണുകയുണ്ടായി. അങ്ങനെ അല്ലാഹു അവൻറെ ഇഷ്ടദാസന്മാരെ സഹായിച്ചു. അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് തൻറെ സഹായം കൊണ്ട് പിൻബലം നൽകുന്നു. തീർച്ചയായും ഉൾക്കാഴ്ച്ചയുള്ളവർക്ക് അതിൽ ഗുണപാഠമുണ്ട്. വിജയവും (അല്ലാഹുവിൽ നിന്നുള്ള) സഹായവും -എണ്ണത്തിൽ കുറവാണെങ്കിലും- അവനിൽ വിശ്വസിച്ചവർക്കാണുള്ളതെന്നും, പരാജയവും തകർച്ചയും -ധാരാളം അംഗബലമുണ്ടെങ്കിലും- അവനെ നിഷേധിച്ചവർക്കാണ് ഉണ്ടായിരിക്കുക എന്നും അവർ അറിയുന്നതിന് വേണ്ടിയത്രെ അത്.