[Remember] when you [fled and] climbed [the mountain] without looking aside at anyone while the Messenger was calling you from behind. So Allah repaid you with distress upon distress so you would not grieve for that which had escaped you [of victory and spoils of war] or [for] that which had befallen you [of injury and death]. And Allah is [fully] Aware of what you do. (Ali 'Imran [3] : 153)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ആരെയും തിരിഞ്ഞ് നോക്കാതെ നിങ്ങള്‍ (പടക്കളത്തില്‍നിന്നു) ഓടിക്കയറിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) റസൂല്‍ പിന്നില്‍ നിന്ന് നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അങ്ങനെ അല്ലാഹു നിങ്ങള്‍ക്കു ദുഃഖത്തിനുമേല്‍ ദുഃഖം പ്രതിഫലമായി നല്കി. നഷ്ടപ്പെട്ടുപോകുന്ന നേട്ടത്തിന്റെ പേരിലോ, നിങ്ങളെ ബാധിക്കുന്ന ആപത്തിന്റെ പേരിലോ നിങ്ങള്‍ ദുഃഖിക്കുവാന്‍ ഇടവരാതിരിക്കുന്നതിനുവേണ്ടിയാണിത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവരേ! രണാങ്കണത്തിൽ നിന്ന് നിങ്ങൾ അകന്നു പോവുകയും, ഉഹ്ദ് യുദ്ധദിവസം നിങ്ങൾ തിരിഞ്ഞോടുകയും, നബി -ﷺ- യെ ധിക്കരിച്ചതിനാൽ നിങ്ങളെ പരാജയം ബാധിക്കുകയും ചെയ്ത സന്ദർഭം ഓർക്കുക. നിങ്ങൾ പരസ്പരം നോക്കുന്നു പോലുമുണ്ടായിരുന്നില്ല. അല്ലാഹുവിൻ്റെ റസൂലാകട്ടെ, നിങ്ങളുടെ പിന്നിൽ നിന്ന് -നിങ്ങൾക്കും ബഹുദൈവാരാധകർക്കും ഇടയിൽ നിലയുറപ്പിച്ചു കൊണ്ട്- നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. 'അല്ലാഹുവിൻ്റെ ദാസന്മാരേ! എൻ്റെയരികിലേക്ക് വരൂ! എൻ്റെയരികിലേക്ക് വരൂ അല്ലാഹുവിൻ്റെ ദാസന്മാരേ!' എന്ന് അവിടുന്ന് പറഞ്ഞു കൊണ്ടേയിരുന്നു. നഷ്ടപ്പെട്ട വിജയവും യുദ്ധാർജ്ജിത സ്വത്തുക്കളും ഓർത്തു കൊണ്ടുള്ള വേദനയും സങ്കടവും (നിങ്ങളുടെ ഈ പ്രവൃത്തിക്ക്) അല്ലാഹു പ്രതിഫലമായി നൽകി. ഈ ദുഃഖത്തിനോടൊപ്പം നബി -ﷺ- കൊല്ലപ്പെട്ടിരിക്കുന്നു എന്ന വാർത്ത പരന്നതിനാൽ മറ്റൊരു ദുഃഖവും വേദനയും നിങ്ങളെ ബാധിച്ചു. അല്ലാഹു ഇതെല്ലാം നിങ്ങൾക്ക് ബാധിപ്പിച്ചത് നബി -ﷺ- മരിച്ചിട്ടില്ല എന്ന് അറിഞ്ഞതിന് ശേഷം നിങ്ങൾക്ക് നഷ്ടപ്പെട്ടു പോയ വിജയത്തിൻ്റെയും യുദ്ധാർജ്ജിത സ്വത്തുക്കളുടെയും നിങ്ങളെ ബാധിച്ച മുറിവുകളുടെയും മരണത്തിൻ്റെയും പേരിൽ നിങ്ങൾ അമിതമായി ദുഃഖിക്കാതിരിക്കുന്നതിനത്രെ. കാരണം, (അവിടുന്ന് മരിച്ചിട്ടില്ല എന്ന വാർത്ത കേട്ടതോടെ) എല്ലാ പ്രയാസങ്ങളും വേദനകളും നിങ്ങൾക്ക് നിസ്സാരമായി തീർന്നു. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു; നിങ്ങളുടെ ഹൃദയങ്ങളിലെ അവസ്ഥാന്തരങ്ങളോ, അവയവങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവർത്തനങ്ങളോ അവന് അവ്യക്തമാവുകയില്ല.