O you who have believed, do not consume one another's wealth unjustly but only [in lawful] business by mutual consent. And do not kill yourselves [or one another]. Indeed, Allah is to you ever Merciful. (An-Nisa [4] : 29)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ ധനം അന്യോന്യം അന്യായമായി നേടിയെടുത്ത് തിന്നരുത്. പരസ്പരം പൊരുത്തത്തോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ. നിങ്ങള്‍ നിങ്ങളെത്തന്നെ കശാപ്പു ചെയ്യരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ്; തീര്‍ച്ച. (അന്നിസാഅ് [4] : 29)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്.[1] തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു
[1] സത്യവിശ്വാസികള്‍ ഒരേ ശരീരം കണക്കെ ഒത്തൊരുമയോടെ ജീവിക്കേണ്ടവരാണ്. അപ്പോള്‍ ഒരു വിശ്വാസി തന്റെ സഹോദരനെ കൊല്ലുന്നത് തന്നെത്തന്നെ കൊല്ലുന്നതിന് സമമാകുന്നു. അതുകൊണ്ടാണ് 'നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്' എന്ന് അല്ലാഹു പറഞ്ഞത്.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! നിങ്ങൾ പരസ്പരം നിങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുകയോ മോഷ്ടിക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്തു കൊണ്ട് അന്യായമായി ഭക്ഷിക്കരുത്. പരസ്പര തൃപ്തിയോടെ നിങ്ങളേർപ്പെടുന്ന കച്ചവട മാർഗത്തിലൂടെയല്ലാതെ നിങ്ങളുടെ സമ്പാദ്യം ഉണ്ടാകരുത്. (അങ്ങനെ കച്ചവടത്തിലൂടെ സമ്പാദിച്ചത്) ഭക്ഷിക്കുന്നതും അത് ചെലവഴിക്കുന്നതും നിങ്ങൾക്ക് അനുവദനീയമാണ്. നിങ്ങൾ പരസ്പരം കൊലപാതകം നടത്തരുത്. സ്വന്തം ശരീരത്തെ നാശത്തിലേക്ക് വിട്ടുകൊണ്ട് നിങ്ങൾ ആത്മാഹുതി നടത്തുകയുമരുത്. തീർച്ചയായും അല്ലാഹു നിങ്ങളോട് ധാരാളമായി കരുണ ചൊരിയുന്നവനത്രെ. (പരസ്പരം അന്യായമായി) രക്തം ചിന്തുന്നതും സമ്പത്ത് കൈവശപ്പെടുത്തുന്നതും അഭിമാനം വ്രണപ്പെടുത്തുന്നതും അവൻ നിഷിദ്ധമാക്കിയെന്നത് അവൻ്റെ കാരുണ്യത്തിൽ പെട്ടതാണ്.