Except for those who take refuge with a people between yourselves and whom is a treaty or those who come to you, their hearts strained at [the prospect of] fighting you or fighting their own people. And if Allah had willed, He could have given them power over you, and they would have fought you. So if they remove themselves from you and do not fight you and offer you peace, then Allah has not made for you a cause [for fighting] against them. (An-Nisa [4] : 90)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നാല്‍ നിങ്ങളുമായി സഖ്യത്തിലുള്ള ജനതയോടൊപ്പം ചേരുന്ന കപടവിശ്വാസികള്‍ ഇതില്‍ നിന്നൊഴിവാണ്. നിങ്ങളോടു യുദ്ധം ചെയ്യാനോ സ്വന്തം ജനത്തോടേറ്റുമുട്ടാനോ കഴിയാതെ മനഃക്ലേശത്തോടെ നിങ്ങളെ സമീപിക്കുന്നവരും അവരില്‍പ്പെടുകയില്ല. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവന് നിങ്ങള്‍ക്കെതിരില്‍ അവര്‍ക്ക് കരുത്തുനല്കുകയും അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു. അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടാതെ മാറിനില്‍ക്കുകയും നിങ്ങളുടെ മുന്നില്‍ സമാധാനം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ, അവര്‍ക്കെതിരെ ഒരു നടപടിക്കും അല്ലാഹു നിങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ല. (അന്നിസാഅ് [4] : 90)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളുമായി സഖ്യത്തില്‍ കഴിയുന്ന ഒരു ജനവിഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരൊഴികെ. നിങ്ങളോട് യുദ്ധം ചെയ്യാനോ, സ്വന്തം ആള്‍ക്കാരോട് യുദ്ധം ചെയ്യാനോ മനഃപ്രയാസമുള്ളവരായി നിങ്ങളുടെ അടുത്ത് വരുന്നവരും ഒഴികെ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളുടെ മേല്‍ അവര്‍ക്കവന്‍ ശക്തി നല്‍കുകയും, നിങ്ങളോടവര്‍ യുദ്ധത്തില്‍ ഏര്‍പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ നിങ്ങളോട് യുദ്ധം ചെയ്യാതെ അവര്‍ വിട്ടൊഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാനനിര്‍ദേശം വെക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരായി യാതൊരു മാര്‍ഗവും അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല.
2 Mokhtasar Malayalam
(ഈ പറയപ്പെട്ട കപടവിശ്വാസികളിൽ നിന്ന്) പരസ്പരമുള്ള യുദ്ധം ഉപേക്ഷിക്കാമെന്ന് നിങ്ങളുമായി വ്യക്തമായ കരാറിലേർപ്പെട്ട ഏതെങ്കിലും കൂട്ടരിലേക്ക് എത്തിപ്പെട്ടവരുടെ കാര്യത്തിൽ ഒഴികെ; (തൊട്ടുമുൻപുള്ള ആയത്തിൽ പറയപ്പെട്ട വിധി അവരുടെ കാര്യത്തിൽ ബാധകമല്ല). അതല്ലെങ്കിൽ നിങ്ങളുടെയരികിൽ വന്നുചേരുകയും, നിങ്ങളോടോ സ്വന്തം ജനങ്ങളോടോ യുദ്ധം ചെയ്യാൻ മനപ്രയാസം അനുഭവപ്പെടുന്നവരുടെ കാര്യത്തിലും (തൊട്ടുമുൻപുള്ള ആയത്തിലെ വിധി ബാധകമല്ല). അവർ നിങ്ങളോടോ അവരുടെ കൂട്ടരോടോ യുദ്ധം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവർക്ക് നിങ്ങളുടെ മേൽ അവൻ ശക്തി നൽകുകയും, അവർ നിങ്ങളോട് യുദ്ധത്തിലേർപ്പെടുകയും ചെയ്യുമായിരുന്നു. അതിനാൽ അല്ലാഹു നൽകിയ ഈ രക്ഷ നിങ്ങൾ സ്വീകരിച്ചുകൊള്ളുക. നിങ്ങൾ (മേൽ പറഞ്ഞ തരത്തിലുള്ളവരെ) കൊല്ലുകയോ, അവരെ തടവിലാക്കുകയോ ചെയ്തുകൊണ്ട് അവരെ എതിരിടാൻ നിൽക്കരുത്. അവർ നിങ്ങളിൽ നിന്ന് വിട്ടുമാറുകയും, നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുമായുള്ള യുദ്ധം ഉപേക്ഷിച്ചു കൊണ്ട് സമാധാനസന്ധിയിലേർപ്പെടാൻ വേണ്ടി നിങ്ങളോട് അപേക്ഷിക്കുകയും ചെയ്താൽ അവരെ കൊല്ലാനോ അവരെ തടവിലാക്കാനോ അല്ലാഹു നിങ്ങൾക്ക് യാതൊരു വഴിയും അനുവദിച്ചു നൽകിയിട്ടില്ല.