Mankind was [of] one religion [before their deviation]; then Allah sent the prophets as bringers of good tidings and warners and sent down with them the Scripture in truth to judge between the people concerning that in which they differed. And none differed over it [i.e., the Scripture] except those who were given it – after the clear proofs came to them – out of jealous animosity among themselves. And Allah guided those who believed to the truth concerning that over which they had differed, by His permission. And Allah guides whom He wills to a straight path. (Al-Baqarah [2] : 213)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മനുഷ്യരാശി ഒരൊറ്റ സമുദായമായിരുന്നു. പിന്നീട് ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളില്‍ തീര്പ്പുകല്പിക്കാനായി അവരോടൊപ്പം സത്യവേദ പുസ്തകവും അവതരിപ്പിച്ചു. വേദം ലഭിച്ചവര്‍ തന്നെയാണ് വ്യക്തമായ തെളിവുകള്‍ വന്നെത്തിയശേഷവും അതില്‍ ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമാണത്. എന്നാല്‍ സത്യവിശ്വാസികളെ ജനം ഭിന്നിച്ചകന്നുപോയ സത്യത്തിലേക്ക് അല്ലാഹു തന്റെ ഹിതമനുസരിച്ച് വഴിനടത്തി. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലേക്കു നയിക്കുന്നു. (അല്‍ബഖറ [2] : 213)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്) താക്കീത് നല്കുവാനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന് അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്കപ്പെട്ടവര് തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തൻ്റെ താല്പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു.
2 Mokhtasar Malayalam
മനുഷ്യർ അവരുടെ ആദിപിതാവായ ആദമിൻറെ മതത്തിൽ -സന്മാർഗ്ഗത്തിൽ- ഒരുമിച്ച ഒരൊറ്റ സമുദായമായിരുന്നു. പിശാച് അവരെ വഴിപിഴപ്പിക്കുന്നത് വരെ അവർ അപ്രകാരമായിരുന്നു. അതോടെ അവർ (അല്ലാഹുവിൽ) വിശ്വസിച്ചവരും അവനെ നിഷേധിച്ചവരുമായി ഭിന്നിച്ചു. അക്കാരണത്താൽ (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് അവൻ ഒരുക്കി വെച്ച അവൻറെ കാരുണ്യത്തെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കാനും (അവനെ) നിഷേധിച്ചവർക്കുള്ള കഠിന ശിക്ഷയെക്കുറിച്ച് താക്കീത് നൽകാനും അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവർക്കിടയിൽ ഭിന്നതയുള്ള വിഷയങ്ങളിൽ തീർപ്പ് കല്പിക്കാൻ സംശയരഹിതമായ സത്യമുൾക്കൊള്ളുന്ന വേദഗ്രന്ഥങ്ങളും തൻ്റെ ദൂതന്മാരുടെ മേൽ അവൻ അവതരിപ്പിച്ചു. ആല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമായ തൗറാതിൻ്റെ വിജ്ഞാനം ലഭിക്കുകയും, അത് അല്ലാഹുവിൽ നിന്നുള്ള സത്യമാണെന്നും അതിനോട് എതിരാകാൻ പാടില്ലെന്നും അവരെ ബോധ്യപ്പെടുത്തുന്ന വ്യക്തമായ പ്രമാണങ്ങൾ വന്നെത്തുകയും ചെയ്ത ശേഷം തന്നെയാണ് യഹൂദർ അതിൻ്റെ വിഷയത്തിൽ ഭിന്നിച്ചു പോയത്. അവരുടെ ഭാഗത്ത് നിന്നുള്ള അതിക്രമമായിരുന്നു അത്. അപ്പോൾ അല്ലാഹുവിൽ വിശ്വസിച്ചവർക്ക് സന്മാർഗം ദുർമാർഗത്തിൽ നിന്ന് വേർതിരിച്ചറിയാൻ അല്ലാഹു -അവൻ്റെ അനുമതിയോടെയും ഉദ്ദേശത്തോടെയും- വഴിയൊരുക്കി. അല്ലാഹു അവനുദ്ദേശിക്കുന്നവരെ വക്രതയില്ലാത്ത പാതയിലേക്ക് -(അല്ലാഹുവിലുള്ള) വിശ്വാസത്തിൻ്റെ മാർഗത്തിലേക്ക്- നയിക്കുന്നതാണ്.