Mothers may nurse [i.e., breastfeed] their children two complete years for whoever wishes to complete the nursing [period]. Upon the father is their [i.e., the mothers'] provision and their clothing according to what is acceptable. No person is charged with more than his capacity. No mother should be harmed through her child, and no father through his child. And upon the [father's] heir is [a duty] like that [of the father]. And if they both desire weaning through mutual consent from both of them and consultation, there is no blame upon either of them. And if you wish to have your children nursed by a substitute, there is no blame upon you as long as you give payment according to what is acceptable. And fear Allah and know that Allah is Seeing of what you do. (Al-Baqarah [2] : 233)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ടുവര്‍ഷം പൂര്‍ണമായും മുലയൂട്ടണം. മുലകുടികാലം പൂര്‍ത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിലാണിത്. മുലയൂട്ടുന്ന സ്ത്രീക്ക് ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കേണ്ട ബാധ്യത കുട്ടിയുടെ പിതാവിനാണ്. എന്നാല്‍ ആരെയും അവരുടെ കഴിവിനപ്പുറമുള്ളതിന് നിര്‍ബന്ധിക്കാവതല്ല. ഒരു മാതാവും തന്റെ കുഞ്ഞ് കാരണമായി പീഡിപ്പിക്കപ്പെടരുത്. അപ്രകാരം തന്നെ കുഞ്ഞ് കാരണം പിതാവും പീഡിപ്പിക്കപ്പെടരുത്. പിതാവില്ലെങ്കില്‍ അയാളുടെ അനന്തരാവകാശികള്‍ക്ക് അയാള്‍ക്കുള്ള അതേ ബാധ്യതയുണ്ട്. എന്നാല്‍ ഇരുവിഭാഗവും പരസ്പരം കൂടിയാലോചിച്ചും തൃപ്തിപ്പെട്ടും മുലയൂട്ടല്‍ നിര്‍ത്തുന്നുവെങ്കില്‍ അതിലിരുവര്‍ക്കും കുറ്റമില്ല. അഥവാ, കുട്ടികള്‍ക്ക് മറ്റൊരാളെക്കൊണ്ട് മുലകൊടുപ്പിക്കണമെന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനും വിരോധമില്ല. അവര്‍ക്കുള്ള പ്രതിഫലം നല്ല നിലയില്‍ നല്‍കുന്നുവെങ്കിലാണിത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ്. (അല്‍ബഖറ [2] : 233)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിൻ്റെ ബാധ്യതയാകുന്നു. എന്നാല്‍ ഒരാളെയും അയാളുടെ കഴിവിലുപരി നല്കാന് നിര്‍ബന്ധിക്കരുത്. ഒരു മാതാവും തൻ്റെ കുട്ടിയുടെ പേരില്‍ ദ്രോഹിക്കപ്പെടാന്‍ ഇടയാകരുത്. അതു പോലെ തന്നെ സ്വന്തം കുട്ടിയുടെ പേരില്‍ ഒരു പിതാവിന്നും ദ്രോഹം നേരിടരുത്. (പിതാവിൻ്റെ അഭാവത്തില്‍ അയാളുടെ) അവകാശികള്‍ക്കും (കുട്ടിയുടെ കാര്യത്തില്‍) അതു പോലെയുള്ള ബാധ്യതകളുണ്ട്. ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക് കുറ്റമില്ല; (ആ പോറ്റമ്മമാര്‍ക്ക്) നിങ്ങള്‍ നല്‍കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തു തീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാണ് അല്ലാഹു എന്ന് മനസ്സിലാക്കുകയും ചെയ്യുക.
2 Mokhtasar Malayalam
മാതാക്കൾ തങ്ങളുടെ സന്താനങ്ങൾക്ക് പൂർണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. കുട്ടിയുടെ മുലകുടി പൂർണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവർക്കാണ് ഇങ്ങനെ രണ്ടു വർഷത്തിന്റെ പരിധി നിശ്ചയിച്ചിട്ടുള്ളത്. മുലകൊടുക്കുന്ന വിവാഹമോചിതകളായ മാതാക്കൾക്ക്, മതനിയമങ്ങൾക്ക് എതിരല്ലാത്ത നാട്ടുരീതിയനുസരിച്ച് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാൽ ഒരാളെയും അയാളുടെ സമ്പത്തിലും കഴിവിലുമുപരി നൽകാൻ അല്ലാഹു നിർബന്ധിക്കുന്നില്ല. മാതാപിതാക്കളിലൊരാൾ കുട്ടിയെ മറ്റെയാളെ ഉപദ്രവിക്കാനുള്ള മാർഗ്ഗമാക്കാനും പാടില്ല. പിതാവിന്റെ അഭാവത്തിൽ അവകാശികൾക്കും കുട്ടിയുടെ കാര്യത്തിൽ അതു പോലെയുള്ള ബാധ്യതകളുണ്ട്. ഇനി അവർ ഇരുവരും തമ്മിൽ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് കുട്ടിക്ക് ഗുണകരമാവുന്ന തരത്തിൽ മുലകുടി നിർത്താൻ ഉദ്ദേശിക്കുകയാണെങ്കിൽ അവർ ഇരുവർക്കും കുറ്റമില്ല. ഇനി നിങ്ങളുടെ കുട്ടികൾക്ക് മുലകൊടുക്കുന്ന സ്ത്രീകളെ കൊണ്ട് മുലകൊടുപ്പിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ അതിലും നിങ്ങൾക്ക് കുറ്റമില്ല; ആ പോറ്റമ്മമാർക്ക് നിങ്ങൾ നൽകേണ്ടത് മര്യാദയനുസരിച്ച് താമസം വരുത്താതെ കൊടുത്തു തീർക്കുകയാണെങ്കിൽ. കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക. അതിലൊന്നു പോലും അവൻ കാണാതെ പോകുന്നില്ല. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകും.