Have you not considered the one who argued with Abraham about his Lord [merely] because Allah had given him kingship? When Abraham said, "My Lord is the one who gives life and causes death," he said, "I give life and cause death." Abraham said, "Indeed, Allah brings up the sun from the east, so bring it up from the west." So the disbeliever was overwhelmed [by astonishment], and Allah does not guide the wrongdoing people. (Al-Baqarah [2] : 258)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നീ കണ്ടില്ലേ; ഇബ്റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെ. കാരണം അല്ലാഹു അവന്ന് രാജാധികാരം നല്കി. ഇബ്റാഹീം പറഞ്ഞു: ''ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് എന്റെ നാഥന്.'' അയാള്‍ അവകാശപ്പെട്ടു: ''ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു.'' ഇബ്റാഹീം പറഞ്ഞു: ''എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കുനിന്നുദിപ്പിക്കുന്നു. നീ അതിനെ പടിഞ്ഞാറുനിന്ന് ഉദിപ്പിക്കുക.'' അപ്പോള്‍ ആ സത്യനിഷേധി ഉത്തരംമുട്ടി. അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. (അല്‍ബഖറ [2] : 258)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇബ്രാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെപ്പറ്റി നീയറിഞ്ഞില്ലേ?[1] അല്ലാഹു അവന്ന് ആധിപത്യം നല്‍കിയതിനാലാണ് (അവനതിന് മുതിര്‍ന്നത്.) എന്റെ നാഥന് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എന്ന് ഇബ്രാഹീം പറഞ്ഞപ്പോള്‍ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ എന്നാണവന് പറഞ്ഞത്. ഇബ്രാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കു നിന്ന് കൊണ്ടുവരുന്നു. നീയതിനെ പടിഞ്ഞാറ് നിന്ന് കൊണ്ടുവരിക. അപ്പോള്‍ ആ സത്യനിഷേധിക്ക് ഉത്തരം മുട്ടിപ്പോയി. അക്രമികളായ ജനതയെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
[1] ഇബ്റാഹീം നബി(عليه السلام)യുടെ കാലത്ത് ഇറാഖ് ഭരിച്ചിരുന്ന നംറൂദ് എന്ന, അല്ലാഹുവിനെ നിഷേധിച്ച സ്വേച്ഛാധിപതിയെപ്പറ്റിയാണ് പരാമര്‍ശം.
2 Mokhtasar Malayalam
അല്ലാഹുവാണ് ഏകനായ സൃഷ്ടിപരിപാലകൻ എന്നതിനെ കുറിച്ചും, അവൻ്റെ ഏകത്വത്തെ കുറിച്ചും ഇബ്റാഹീം നബിയോട് തർക്കിച്ച സ്വേഛാധിപതിയുടെ ധിക്കാരത്തെക്കാൾ അത്ഭുതകരമായത് നബിയേ താങ്കൾ കണ്ടിട്ടുണ്ടോ? അല്ലാഹു അവന്ന് ആധിപത്യം നല്കിയിരിക്കുന്നു എന്നതിനാലാണ് അവനിൽ ഈ തർക്കം ഉടലെടുത്തത്. അങ്ങനെ അവൻ തീർത്തും അതിരുകവിഞ്ഞു. അപ്പോൾ ഇബ്റാഹീം നബി (അ) അവന് തൻ്റെ റബ്ബിൻ്റെ വിശേഷണങ്ങൾ വിവരിച്ചു കൊടുത്തു. അദ്ദേഹം പറഞ്ഞു: സൃഷ്ടികളെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എൻ്റെ രക്ഷിതാവ്. അപ്പോൾ ആ സ്വേഛാധിപതി പറഞ്ഞു: എനിക്കിഷ്ടമുള്ളവരെ വധിച്ചും ഇഷ്ടമുള്ളവർക്ക് മാപ്പുനൽകിയും ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ. അപ്പോൾ ഇബ്രാഹീം അതിനേക്കാൾ മഹത്തരമായ മറ്റൊരു തെളിവ് നൽകി. അദ്ദേഹം പറഞ്ഞു: ഞാൻ ആരാധിക്കുന്ന എൻ്റെ രക്ഷിതാവ് സൂര്യനെ കിഴക്കു നിന്ന് കൊണ്ടു വരുന്നു. നീയതിനെ പടിഞ്ഞാറ് നിന്ന് കൊണ്ടു വരിക. അപ്പോൾ ആ ധിക്കാരി പരിഭ്രാന്തിയിലാവുകയും, അവൻ്റെ ഉത്തരം മുട്ടുകയും ചെയ്തു. തെളിവിൻറെ ശക്തിക്ക് മുൻപിൽ അവൻ പരാജയപ്പെട്ടു. അക്രമികളായ ജനതയെ -അവർ പ്രവർത്തിച്ചു കൂട്ടിയ അതിക്രമവും ധിക്കാരവും കാരണത്താൽ- അല്ലാഹു അവൻ്റെ മാർഗ്ഗത്തിലേക്ക് വഴിനയിക്കുകയില്ല.