[They are] those who said, "Indeed, Allah has taken our promise not to believe any messenger until he brings us an offering which fire [from heaven] will consume." Say, "There have already come to you messengers before me with clear proofs and [even] that of which you speak. So why did you kill them, if you should be truthful?" (Ali 'Imran [3] : 183)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഞങ്ങളുടെ മുന്നില്‍വച്ച് ഒരു ബലിനടത്തി അതിനെ തീ വന്നു തിന്നുംവരെ ഒരു ദൈവദൂതനിലും വിശ്വസിക്കേണ്ടതില്ലെന്ന് അല്ലാഹു ഞങ്ങളോട് കരാര്‍ ചെയ്തിരിക്കുന്നുവെന്ന് വാദിക്കുന്നവരോട് പറയുക: വ്യക്തമായ തെളിവുകളോടെയും നിങ്ങളിപ്പറഞ്ഞതൊക്കെ ചെയ്തുകാണിച്ചും ദൈവദൂതന്മാര് എനിക്കുമുമ്പ് നിങ്ങളുടെ അടുത്ത് വന്നിരുന്നുവല്ലോ. എന്നിട്ടും നിങ്ങളവരെ കൊന്നതെന്തിന്? നിങ്ങള്‍ സത്യവാദികളെങ്കില്‍! (ആലുഇംറാന് [3] : 183)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഞങ്ങളുടെ മുമ്പാകെ ഒരു ബലി നടത്തി അതിനെ (ആകാശത്തു നിന്നു വരുന്ന) തീ തിന്നുകളയുന്നത് (ഞങ്ങള്‍ക്ക് കാണിച്ചുതരുന്നത്) വരെ ഒരു റസൂലിലും ഞങ്ങള്‍ വിശ്വസിക്കരുതെന്ന് അല്ലാഹു ഞങ്ങളോട് കരാറു വാങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞവരത്രെ അവര്‍. (നബിയേ,) പറയുക: വ്യക്തമായ തെളിവുകള്‍ സഹിതവും, നിങ്ങള്‍ ഈ പറഞ്ഞത് സഹിതവും എനിക്ക് മുമ്പ് പല ദൂതന്മാരും നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ട്. എന്നിട്ട് നിങ്ങളുടെ വാദം സത്യമാണെങ്കില്‍ നിങ്ങളെന്തിന് അവരെ കൊന്നുകളഞ്ഞു?
2 Mokhtasar Malayalam
കളവായും കെട്ടിച്ചമച്ചു കൊണ്ടും ഇപ്രകാരം പറഞ്ഞവരത്രെ അവർ: 'ഒരു നബിയിലും -അദ്ദേഹത്തിൻ്റെ വാക്ക് സത്യപ്പെടുത്തുന്ന തെളിവ് അയാൾ കൊണ്ടുവരുന്നത് വരെ- വിശ്വസിക്കരുതെന്നാണ് അല്ലാഹു അവൻ്റെ ഗ്രന്ഥങ്ങളിലൂടെയും നബിമാരുടെ വാക്കുകളിലൂടെയും ഞങ്ങളെ അറിയിച്ചത്. ആകാശത്ത് നിന്ന് ഒരു അഗ്നി വന്നെത്തുകയും അത് കരിച്ചു കളയുകയും ചെയ്യുന്ന തരത്തിൽ ഒരു ദാനം അയാൾ അല്ലാഹുവിനായി ചെയ്തു കാണിക്കും എന്നതാണ് ആ ദൃഷ്ടാന്തം.' ഇങ്ങനെയൊരു കാര്യം അല്ലാഹു പറഞ്ഞിട്ടുണ്ടെന്ന് അല്ലാഹുവിൻ്റെ മേൽ അവർ കള്ളം കെട്ടിച്ചമക്കുകയാണ് ചെയ്തത്. നബിമാരുടെ സത്യസന്ധത തെളിയിക്കുന്ന ദൃഷ്ടാന്തം ഇതു മാത്രമാണെന്നത് അവർ പറഞ്ഞ കളവാണ്. അതിനാൽ അവർക്ക് മറുപടിയായി കൊണ്ട് നബി -ﷺ- യോട് പറയുവാൻ അല്ലാഹു കൽപ്പിക്കുന്നു: തങ്ങളുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളുമായി എനിക്ക് മുൻപ് നബിമാർ നിങ്ങളിലേക്ക് വന്നുകഴിഞ്ഞിട്ടുണ്ട്. നിങ്ങളീ പറയുന്ന -ആകാശത്ത് നിന്ന് തീ വന്നെത്തി കരിച്ചു കളയുന്ന തരത്തിലുള്ള ദാനധർമ്മം-; അതുമായും നബിമാർ വന്നിട്ടുണ്ട്. അപ്പോൾ നിങ്ങളെന്തേ അവരെ കളവാക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്; നിങ്ങൾ പറയുന്ന കാര്യത്തിൽ സത്യസന്ധതയുള്ളവരാണെങ്കിൽ ഇതിന് മറുപടി നൽകൂ.