And when there comes to them something [i.e., information] about [public] security or fear, they spread it around. But if they had referred it back to the Messenger or to those of authority among them, then the ones who [can] draw correct conclusions from it would have known about it. And if not for the favor of Allah upon you and His mercy, you would have followed Satan, except for a few. (An-Nisa [4] : 83)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സമാധാനത്തിന്റെയോ ഭയത്തിന്റെയോ വല്ല വാര്‍ത്തയും വന്നുകിട്ടിയാല്‍ അവരത് കൊട്ടിഘോഷിക്കും. മറിച്ച് അവരത് ദൈവദൂതന്നും അവരിലെത്തന്നെ ഉത്തരവാദപ്പെട്ടവര്‍ക്കും എത്തിച്ചിരുന്നെങ്കില്‍ ഉറപ്പായും അവരിലെ നിരീക്ഷണപാടവമുള്ളവര്‍ അതിന്റെ സത്യാവസ്ഥ മനസ്സിലാക്കുമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍, നിങ്ങളെല്ലാവരും പിശാചിന്റെ പിറകെ പോകുമായിരുന്നു, ഏതാനും ചിലരൊഴികെ. (അന്നിസാഅ് [4] : 83)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു.
2 Mokhtasar Malayalam
മുസ്ലിംകൾക്ക് നിർഭയത്വമേകുകയും, അവർക്ക് സന്തോഷം ജനിപ്പിക്കുകയും ചെയ്യുന്നതോ, അതല്ലെങ്കിൽ അവരെ ഭയപ്പെടുത്തുന്നതോ അവർക്ക് ദുഃഖം വരുത്തുന്നതോ ആയ എന്തെങ്കിലും വാർത്ത വന്നെത്തിയാൽ ഈ കപടവിശ്വാസികൾ അത് കൊട്ടിഘോഷിക്കുകയും നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്യും. അവർ അവധാനത പുലർത്തുകയും, ആ കാര്യം അല്ലാഹുവിൻ്റെ റസൂലിൻ്റെ (ﷺ) അരികിലേക്കും അറിവും ഗുണകാംക്ഷയും കാര്യബോധവുമുള്ളവരിലേക്കും മടക്കിയിരുന്നെങ്കിൽ ആ വിഷയം പ്രചരിപ്പിക്കുകയാണോ മറച്ചു വെക്കുകയാണോ ചെയ്യേണ്ടത് എന്ന് ബുദ്ധിയും വസ്തുതാബോധവുമുള്ളവർക്ക് മനസ്സിലാകുമായിരുന്നു. അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹു ഇസ്ലാം നൽകിക്കൊണ്ട് നിങ്ങളുടെ മേൽ ഔദാര്യം ചൊരിയുകയും, ഖുർആൻ അവതരിപ്പിച്ചു കൊണ്ട് കാരുണ്യം വർഷിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ -ഈ കപടവിശ്വാസികൾക്ക് ബാധിച്ച പ്രശ്നങ്ങളിൽ നിന്ന് അവൻ നിങ്ങളെ രക്ഷിച്ചില്ലായിരുന്നെങ്കിൽ- നിങ്ങളിൽ വളരെ കുറച്ച് പേരൊഴികെ മറ്റെല്ലാവരും പിശാചിൻ്റെ ദുർബോധനങ്ങളെ പിൻപറ്റിയേനേ.