And it has already come down to you in the Book [i.e., the Quran] that when you hear the verses of Allah [recited], they are denied [by them] and ridiculed; so do not sit with them until they enter into another conversation. Indeed, you would then be like them. Indeed, Allah will gather the hypocrites and disbelievers in Hell all together – (An-Nisa [4] : 140)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുന്നതും നിന്ദിക്കുന്നതും നിങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍ അങ്ങനെ ചെയ്യുന്നവര്‍ മറ്റു വര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെടും വരെ അവരോടൊപ്പം ഇരിക്കരുതെന്ന് ഈ വേദപുസ്തകത്തില്‍ നാം നിങ്ങളോടു നിര്‍ദേശിച്ചതാണല്ലോ. അങ്ങനെ ചെയ്താല്‍ നിങ്ങളും അവരെപ്പോലെയാകും. അല്ലാഹു കപടവിശ്വാസികളെയും സത്യനിഷേധികളെയും ഒന്നാകെ നരകത്തില്‍ ഒരുക്കൂട്ടുക തന്നെ ചെയ്യും; തീര്‍ച്ച. (അന്നിസാഅ് [4] : 140)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന്റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റുവല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ട്.[1] കപടവിശ്വാസികളെയും അവിശ്വാസികളെയും ഒന്നിച്ച് അല്ലാഹു നരകത്തില്‍ ഒരുമിച്ചുകൂട്ടുക തന്നെചെയ്യും
[1] ഈ വചനം മദീനയില്‍ അവതരിച്ചതാണ്. മക്കയില്‍ അവതരിച്ച സൂറതു അന്ആമിലെ 68-ാം വചനത്തിലും ഈ കാര്യത്തെപ്പറ്റിയുള്ള താക്കീതുണ്ട്.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ ഏതെങ്കിലും സദസ്സിൽ ഇരിക്കുകയും, അവിടെ അല്ലാഹുവിൻ്റെ ആയത്തുകളെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുടെ സംസാരം നിങ്ങൾ കേൾക്കുകയും ചെയ്താൽ അവരോടൊപ്പം ഇരിക്കുന്നത് നിർബന്ധമായും നിങ്ങൾ ഉപേക്ഷിക്കണമെന്നും, ആ സദസ്സിൽ നിന്ന് നിങ്ങൾ പിരിഞ്ഞു പോവണമെന്നും വിശുദ്ധ ഖുർആനിൽ അല്ലാഹു അവതരിപ്പിച്ചിരിക്കുന്നു. അവർ അല്ലാഹുവിൻ്റെ ആയത്തുകളെ നിഷേധിക്കുകയും അതിനെ പരിഹസിക്കുകയും ചെയ്യുന്ന സംസാരം ഉപേക്ഷിക്കുന്നത് വരെ (നിങ്ങൾ അവരോടൊപ്പം ഇരിക്കരുത്). അങ്ങനെ അല്ലാഹുവിൻ്റെ ആയത്തുകളെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് കേട്ടിട്ടും അവരോടൊപ്പം നിങ്ങൾ ഇരിക്കുകയാണെങ്കിൽ അല്ലാഹുവിൻ്റെ കൽപ്പന ധിക്കരിക്കുന്നതിൽ നിങ്ങളും അവരെ പോലെത്തന്നെയാണ്. കാരണം, അവർ അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് അവനെ ധിക്കരിച്ചതു പോലെ നിങ്ങൾ അവരോടൊപ്പം ഇരിക്കാൻ പാടില്ലെന്ന അല്ലാഹുവിൻ്റെ കൽപ്പന ധിക്കരിച്ചിരിക്കുന്നു. ഇസ്ലാം പുറമേക്ക് നടിക്കുകയും ഉള്ളിൽ നിഷേധം ഒളിപ്പിക്കുകയും ചെയ്യുന്ന മുനാഫിഖുകളെ കാഫിറുകളോടൊപ്പം അല്ലാഹു നരകത്തിൽ ഒരുമിച്ചു കൂട്ടുന്നതാണ്; തീർച്ച.