അവർ പരസ്പരം കൊലപ്പെടുത്തുകയോ, അവരുടെ വീടുകളിൽ നിന്ന് (അവ ഉപേക്ഷിച്ചു) പുറത്തു പോകുകയോ ചെയ്യണമെന്നത് നാം അവർക്ക് മേൽ നിർബന്ധമാക്കിയിരുന്നെങ്കിൽ അവരുടെ കൂട്ടത്തിൽ നിന്ന് വളരെ കുറച്ച് പേരല്ലാതെ അത് പ്രാവർത്തികമാക്കുമായിരുന്നില്ല. അതിനാൽ അവർക്ക് പ്രയാസകരമായ അത്തരം കാര്യങ്ങൾ അല്ലാഹു അവരുടെ മേൽ ബാധ്യതയാക്കിയില്ലെന്നതിന് അല്ലാഹുവിനെ അവർ സ്തുതിക്കട്ടെ. അവരോട് ഉപദേശിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് പോലെ, അല്ലാഹുവിനെ അവർ അനുസരിച്ചിരുന്നെങ്കിൽ അതായിരുന്നു എതിരുപ്രവർത്തിക്കുന്നതിനെക്കാൾ അവർക്ക് കൂടുതൽ നല്ലത്. അത് അവരുടെ (അല്ലാഹുവിലുള്ള) വിശ്വാസത്തിന് കൂടുതൽ ബലമേകുകയും ചെയ്യുമായിരുന്നു. (അതോടൊപ്പം) നമ്മുടെ പക്കൽ നിന്നുള്ള മഹത്തരമായ പ്രതിഫലം നാമവർക്ക് നൽകുകയും, അല്ലാഹുവിലേക്കും അവൻ്റെ സ്വർഗത്തിലേക്കും അവരെ എത്തിക്കുന്ന മാർഗത്തിലേക്ക് അവരെ നാം വഴിനയിക്കുകയും ചെയ്യുമായിരുന്നു.