فَاِنْ تَابُوْا وَاَقَامُوا الصَّلٰوةَ وَاٰتَوُا الزَّكٰوةَ فَاِخْوَانُكُمْ فِى الدِّيْنِ ۗوَنُفَصِّلُ الْاٰيٰتِ لِقَوْمٍ يَّعْلَمُوْنَ ( التوبة: ١١ )
എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയുമാണെങ്കില്‍ അവര്‍ നിങ്ങളുടെ ആദര്‍ശസഹോദരങ്ങളാണ്. കാര്യം മനസ്സിലാക്കുന്ന ജനത്തിനായി നാം നമ്മുടെ പ്രമാണങ്ങള്‍ വിശദീകരിക്കുകയാണ്.
وَاِنْ نَّكَثُوْٓا اَيْمَانَهُمْ مِّنْۢ بَعْدِ عَهْدِهِمْ وَطَعَنُوْا فِيْ دِيْنِكُمْ فَقَاتِلُوْٓا اَىِٕمَّةَ الْكُفْرِۙ اِنَّهُمْ لَآ اَيْمَانَ لَهُمْ لَعَلَّهُمْ يَنْتَهُوْنَ ( التوبة: ١٢ )
അഥവാ, അവര്‍ കരാര്‍ ചെയ്തശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും നിങ്ങളുടെ മതത്തെ അവഹേളിക്കുകയുമാണെങ്കില്‍ സത്യനിഷേധത്തിന്റെ തലമൂപ്പന്മാരോട് നിങ്ങള്‍ യുദ്ധം ചെയ്യുക. കാരണം അവരുടെ പ്രതിജ്ഞകള്‍ക്ക് ഒരര്‍ഥവുമില്ല; തീര്‍ച്ച. ഒരുവേള അവര്‍ വിരമിച്ചെങ്കിലോ.
اَلَا تُقَاتِلُوْنَ قَوْمًا نَّكَثُوْٓا اَيْمَانَهُمْ وَهَمُّوْا بِاِخْرَاجِ الرَّسُوْلِ وَهُمْ بَدَءُوْكُمْ اَوَّلَ مَرَّةٍۗ اَتَخْشَوْنَهُمْ ۚفَاللّٰهُ اَحَقُّ اَنْ تَخْشَوْهُ اِنْ كُنْتُمْ مُّؤْمِنِيْنَ ( التوبة: ١٣ )
തങ്ങളുടെ കരാറുകള്‍ ലംഘിക്കുകയും ദൈവദൂതനെ നാടുകടത്താന്‍ മുതിരുകയും ചെയ്ത ജനത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലെന്നോ? അവരാണല്ലോ ആദ്യം യുദ്ധം ആരംഭിച്ചത്. എന്നിട്ടും നിങ്ങളവരെ പേടിക്കുകയോ? എന്നാല്‍ ഭയപ്പെടാന്‍ കൂടുതല്‍ അര്‍ഹന്‍ അല്ലാഹുവാണ്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!
قَاتِلُوْهُمْ يُعَذِّبْهُمُ اللّٰهُ بِاَيْدِيْكُمْ وَيُخْزِهِمْ وَيَنْصُرْكُمْ عَلَيْهِمْ وَيَشْفِ صُدُوْرَ قَوْمٍ مُّؤْمِنِيْنَۙ ( التوبة: ١٤ )
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകള്‍കൊണ്ട് അല്ലാഹു അവരെ ശിക്ഷിക്കും. അവരെ അവന്‍ നാണം കെടുത്തും. അവര്‍ക്കെതിരെ നിങ്ങളെ സഹായിക്കും. അങ്ങനെ സത്യവിശ്വാസികളുടെ മനസ്സുകള്‍ക്ക് അവന്‍ സ്വസ്ഥത നല്‍കും.
وَيُذْهِبْ غَيْظَ قُلُوْبِهِمْۗ وَيَتُوْبُ اللّٰهُ عَلٰى مَنْ يَّشَاۤءُۗ وَاللّٰهُ عَلِيْمٌ حَكِيْمٌ ( التوبة: ١٥ )
അവരുടെ മനസ്സുകളിലെ വെറുപ്പ് അവന്‍ തുടച്ചുനീക്കും. അല്ലാഹു അവനിച്ഛിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിജ്ഞനുമാണ്.
اَمْ حَسِبْتُمْ اَنْ تُتْرَكُوْا وَلَمَّا يَعْلَمِ اللّٰهُ الَّذِيْنَ جَاهَدُوْا مِنْكُمْ وَلَمْ يَتَّخِذُوْا مِنْ دُوْنِ اللّٰهِ وَلَا رَسُوْلِهٖ وَلَا الْمُؤْمِنِيْنَ وَلِيْجَةً ۗوَاللّٰهُ خَبِيْرٌۢ بِمَا تَعْمَلُوْنَ ࣖ ( التوبة: ١٦ )
നിങ്ങളില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും, അല്ലാഹുവിനെയും അവന്റെ ദൂതനെയും സത്യവിശ്വാസികളെയുമല്ലാതെ ആരെയും രഹസ്യകൂട്ടാളികളായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍ ആരെന്ന് അല്ലാഹു വേര്‍തിരിച്ചെടുത്തിട്ടല്ലാതെ നിങ്ങളെ വെറുതെ വിട്ടേക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങള്‍ ചെയ്യുന്നതൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.
مَا كَانَ لِلْمُشْرِكِيْنَ اَنْ يَّعْمُرُوْا مَسٰجِدَ اللّٰهِ شٰهِدِيْنَ عَلٰٓى اَنْفُسِهِمْ بِالْكُفْرِۗ اُولٰۤىِٕكَ حَبِطَتْ اَعْمَالُهُمْۚ وَ فِى النَّارِ هُمْ خٰلِدُوْنَ ( التوبة: ١٧ )
ബഹുദൈവ വിശ്വാസികള്‍ സത്യനിഷേധത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നവരായിരിക്കെ അവര്‍ക്ക് അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കാന്‍ ഒരവകാശവുമില്ല. അവരുടെ പ്രവര്‍ത്തനങ്ങളൊക്കെയും പാഴായിരിക്കുന്നു. നരകത്തീയിലവര്‍ നിത്യവാസികളായിരിക്കും.
اِنَّمَا يَعْمُرُ مَسٰجِدَ اللّٰهِ مَنْ اٰمَنَ بِاللّٰهِ وَالْيَوْمِ الْاٰخِرِ وَاَقَامَ الصَّلٰوةَ وَاٰتَى الزَّكٰوةَ وَلَمْ يَخْشَ اِلَّا اللّٰهَ ۗفَعَسٰٓى اُولٰۤىِٕكَ اَنْ يَّكُوْنُوْا مِنَ الْمُهْتَدِيْنَ ( التوبة: ١٨ )
അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയല്ലാതെ ഒന്നിനെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്. അവര്‍ നേര്‍വഴി പ്രാപിച്ചവരായേക്കാം.
۞ اَجَعَلْتُمْ سِقَايَةَ الْحَاۤجِّ وَعِمَارَةَ الْمَسْجِدِ الْحَرَامِ كَمَنْ اٰمَنَ بِاللّٰهِ وَالْيَوْمِ الْاٰخِرِ وَجَاهَدَ فِيْ سَبِيْلِ اللّٰهِ ۗ لَا يَسْتَوٗنَ عِنْدَ اللّٰهِ ۗوَاللّٰهُ لَا يَهْدِى الْقَوْمَ الظّٰلِمِيْنَۘ ( التوبة: ١٩ )
തീര്‍ഥാടകന് വെള്ളം കുടിക്കാന്‍ കൊടുക്കുന്നതിനെയും മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതിനെയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും ദൈവമാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങളെപ്പോലെയാക്കുകയാണോ നിങ്ങള്‍? അല്ലാഹുവിന്റെ അടുക്കല്‍ അവ രണ്ടും ഒരേപോലെയല്ല. അല്ലാഹു അക്രമികളായ ജനത്തെ നേര്‍വഴിയിലാക്കുകയില്ല.
اَلَّذِيْنَ اٰمَنُوْا وَهَاجَرُوْا وَجَاهَدُوْا فِيْ سَبِيْلِ اللّٰهِ بِاَمْوَالِهِمْ وَاَنْفُسِهِمْۙ اَعْظَمُ دَرَجَةً عِنْدَ اللّٰهِ ۗوَاُولٰۤىِٕكَ هُمُ الْفَاۤىِٕزُوْنَ ( التوبة: ٢٠ )
സത്യവിശ്വാസം സ്വീകരിക്കുകയും സ്വന്തം നാട് വെടിയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദേഹംകൊണ്ടും ധനംകൊണ്ടും സമരം നടത്തുകയും ചെയ്യുന്നവര്‍ അല്ലാഹുവിങ്കല്‍ ഉന്നതസ്ഥാനീയരാണ്. വിജയം വരിക്കുന്നവരും അവര്‍ തന്നെ.