اِذْ قَالَ لَهٗ رَبُّهٗٓ اَسْلِمْۙ قَالَ اَسْلَمْتُ لِرَبِّ الْعٰلَمِيْنَ ( البقرة: ١٣١ )
തന്റെ നാഥന്‍ അദ്ദേഹത്തോട് 'നീ കീഴ്‌പ്പെടുക' എന്ന് കല്‍പിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'സര്‍വലോകനാഥന് ഞാനിതാ കീഴ്‌പ്പെട്ടിരിക്കുന്നു.'
وَوَصّٰى بِهَآ اِبْرٰهٖمُ بَنِيْهِ وَيَعْقُوْبُۗ يٰبَنِيَّ اِنَّ اللّٰهَ اصْطَفٰى لَكُمُ الدِّيْنَ فَلَا تَمُوْتُنَّ اِلَّا وَاَنْتُمْ مُّسْلِمُوْنَ ۗ ( البقرة: ١٣٢ )
ഇബ്‌റാഹീമും യഅ്ഖൂബും തങ്ങളുടെ മക്കളോട് ഇതുതന്നെ ഉപദേശിച്ചു: ''എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്കായി തെരഞ്ഞെടുത്തു തന്ന വിശിഷ്ടമായ ജീവിത വ്യവസ്ഥയാണിത്. അതിനാല്‍ നിങ്ങള്‍ മുസ്‌ലിംകളായല്ലാതെ മരണപ്പെടരുത്.''
اَمْ كُنْتُمْ شُهَدَاۤءَ اِذْ حَضَرَ يَعْقُوْبَ الْمَوْتُۙ اِذْ قَالَ لِبَنِيْهِ مَا تَعْبُدُوْنَ مِنْۢ بَعْدِيْۗ قَالُوْا نَعْبُدُ اِلٰهَكَ وَاِلٰهَ اٰبَاۤىِٕكَ اِبْرٰهٖمَ وَاِسْمٰعِيْلَ وَاِسْحٰقَ اِلٰهًا وَّاحِدًاۚ وَنَحْنُ لَهٗ مُسْلِمُوْنَ ( البقرة: ١٣٣ )
'എനിക്കുശേഷം നിങ്ങള്‍ ആരെയാണ് ആരാധിക്കുക'യെന്ന് ആസന്നമരണനായിരിക്കെ യഅ്ഖൂബ് തന്റെ മക്കളോടു ചോദിച്ചപ്പോള്‍ നിങ്ങളവിടെ ഉണ്ടായിരുന്നോ? അവര്‍ പറഞ്ഞു: ''ഞങ്ങള്‍ അങ്ങയുടെ ദൈവത്തെയാണ് ആരാധിക്കുക. അങ്ങയുടെ പിതാക്കളായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും നാഥനായ ആ ഏക ദൈവത്തെ. ഞങ്ങള്‍ അവന് കീഴ്‌പ്പെട്ട് കഴിയുന്നവരാകും.''
تِلْكَ اُمَّةٌ قَدْ خَلَتْ ۚ لَهَا مَا كَسَبَتْ وَلَكُمْ مَّا كَسَبْتُمْ ۚ وَلَا تُسْـَٔلُوْنَ عَمَّا كَانُوْا يَعْمَلُوْنَ ( البقرة: ١٣٤ )
ഏതായാലും അത് കഴിഞ്ഞുപോയ ഒരു സമുദായം. അവര്‍ക്ക് അവര്‍ ചെയ്തതിന്റെ ഫലമുണ്ട്. നിങ്ങള്‍ക്ക് നിങ്ങള്‍ ചെയ്തതിന്റെയും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങളോട് ചോദിക്കുകയില്ല.
وَقَالُوْا كُوْنُوْا هُوْدًا اَوْ نَصٰرٰى تَهْتَدُوْا ۗ قُلْ بَلْ مِلَّةَ اِبْرٰهٖمَ حَنِيْفًا ۗوَمَا كَانَ مِنَ الْمُشْرِكِيْنَ ( البقرة: ١٣٥ )
അവര്‍ പറഞ്ഞു: ''ജൂതരോ ക്രിസ്ത്യാനികളോ ആവുക. നിങ്ങള്‍ നേര്‍വഴിയിലാകും.'' പറയുക: ''അല്ല. ശുദ്ധ മാനസനായ ഇബ്‌റാഹീമിന്റെ മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. അദ്ദേഹം ബഹുദൈവ വാദിയായിരുന്നില്ല.''
قُوْلُوْٓا اٰمَنَّا بِاللّٰهِ وَمَآ اُنْزِلَ اِلَيْنَا وَمَآ اُنْزِلَ اِلٰٓى اِبْرٰهٖمَ وَاِسْمٰعِيْلَ وَاِسْحٰقَ وَيَعْقُوْبَ وَالْاَسْبَاطِ وَمَآ اُوْتِيَ مُوْسٰى وَعِيْسٰى وَمَآ اُوْتِيَ النَّبِيُّوْنَ مِنْ رَّبِّهِمْۚ لَا نُفَرِّقُ بَيْنَ اَحَدٍ مِّنْهُمْۖ وَنَحْنُ لَهٗ مُسْلِمُوْنَ ( البقرة: ١٣٦ )
നിങ്ങള്‍ പ്രഖ്യാപിക്കുക: ഞങ്ങള്‍ അല്ലാഹുവിലും അവനില്‍നിന്ന് ഞങ്ങള്‍ക്ക് ഇറക്കിക്കിട്ടിയതിലും ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, അവരുടെ സന്താനപരമ്പരകള്‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തതിലും മൂസാക്കും ഈസാക്കും നല്‍കിയതിലും മറ്റു പ്രവാചകന്മാര്‍ക്ക് തങ്ങളുടെ നാഥനില്‍നിന്ന് അവതരിച്ചവയിലും വിശ്വസിച്ചിരിക്കുന്നു. അവരിലാര്‍ക്കുമിടയില്‍ ഞങ്ങളൊരുവിധ വിവേചനവും കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് കീഴ്‌പ്പെട്ട് കഴിയുന്നവരത്രെ.
فَاِنْ اٰمَنُوْا بِمِثْلِ مَآ اٰمَنْتُمْ بِهٖ فَقَدِ اهْتَدَوْا ۚوَاِنْ تَوَلَّوْا فَاِنَّمَا هُمْ فِيْ شِقَاقٍۚ فَسَيَكْفِيْكَهُمُ اللّٰهُ ۚوَهُوَ السَّمِيْعُ الْعَلِيْمُ ۗ ( البقرة: ١٣٧ )
നിങ്ങള്‍ വിശ്വസിച്ചപോലെ അവരും വിശ്വസിക്കുകയാണെങ്കില്‍ അവരും നേര്‍വഴിയിലാകുമായിരുന്നു. അവര്‍ പിന്തിരിയുകയാണെങ്കില്‍ അതിനു കാരണം അവരുടെ എതിര്‍പ്പ് മാത്രമാണ്. അവരില്‍നിന്ന് നിന്നെ കാക്കാന്‍ അല്ലാഹുമതി. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ.
صِبْغَةَ اللّٰهِ ۚ وَمَنْ اَحْسَنُ مِنَ اللّٰهِ صِبْغَةً ۖ وَّنَحْنُ لَهٗ عٰبِدُوْنَ ( البقرة: ١٣٨ )
അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കുക. അല്ലാഹുവിന്റെ വര്‍ണത്തെക്കാള്‍ വിശിഷ്ടമായ വര്‍ണമുള്ള ആരുണ്ട്? അവനെയാണ് ഞങ്ങള്‍ വഴിപ്പെടുന്നത്.
قُلْ اَتُحَاۤجُّوْنَنَا فِى اللّٰهِ وَهُوَ رَبُّنَا وَرَبُّكُمْۚ وَلَنَآ اَعْمَالُنَا وَلَكُمْ اَعْمَالُكُمْۚ وَنَحْنُ لَهٗ مُخْلِصُوْنَ ۙ ( البقرة: ١٣٩ )
ചോദിക്കുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും നാഥനല്ലോ. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മഫലം. നിങ്ങള്‍ക്ക് നിങ്ങളുടേതും. ഞങ്ങള്‍ അവനോട് മാത്രം ആത്മാര്‍ഥത പുലര്‍ത്തുന്നവരാണ്.
اَمْ تَقُوْلُوْنَ اِنَّ اِبْرٰهٖمَ وَاِسْمٰعِيْلَ وَاِسْحٰقَ وَيَعْقُوْبَ وَالْاَسْبَاطَ كَانُوْا هُوْدًا اَوْ نَصٰرٰى ۗ قُلْ ءَاَنْتُمْ اَعْلَمُ اَمِ اللّٰهُ ۗ وَمَنْ اَظْلَمُ مِمَّنْ كَتَمَ شَهَادَةً عِنْدَهٗ مِنَ اللّٰهِ ۗ وَمَا اللّٰهُ بِغَافِلٍ عَمَّا تَعْمَلُوْنَ ( البقرة: ١٤٠ )
ഇബ്‌റാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും അദ്ദേഹത്തിന്റെ സന്താനങ്ങളും ജൂതരോ ക്രിസ്ത്യാനികളോ ആയിരുന്നുവെന്നാണോ നിങ്ങള്‍ വാദിക്കുന്നത്? ചോദിക്കുക: നിങ്ങളാണോ ഏറ്റം നന്നായറിയുന്നവര്‍? അതോ അല്ലാഹുവോ? തന്റെ വശമുള്ള സാക്ഷ്യം അല്ലാഹുവില്‍നിന്ന് മറച്ചുവെക്കുന്നവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഒട്ടും അശ്രദ്ധനല്ല അല്ലാഹു.