اُولٰۤىِٕكَ مَأْوٰىهُمْ جَهَنَّمُۖ وَلَا يَجِدُوْنَ عَنْهَا مَحِيْصًا ( النساء: ١٢١ )
അക്കൂട്ടരുടെ താവളം നരകമാണ്. അതില്‍നിന്നൊരു രക്ഷാമാര്‍ഗവും കണ്ടെത്താന്‍ അവര്‍ക്കാവില്ല.
وَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ سَنُدْخِلُهُمْ جَنّٰتٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِيْنَ فِيْهَآ اَبَدًاۗ وَعْدَ اللّٰهِ حَقًّا ۗوَمَنْ اَصْدَقُ مِنَ اللّٰهِ قِيْلًا ( النساء: ١٢٢ )
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന ആരാമങ്ങളില്‍ നാം പ്രവേശിപ്പിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണിത്. അല്ലാഹുവെക്കാള്‍ സത്യനിഷ്ഠമായി വാഗ്ദാനം നല്‍കുന്ന ആരുണ്ട്?
لَيْسَ بِاَمَانِيِّكُمْ وَلَآ اَمَانِيِّ اَهْلِ الْكِتٰبِ ۗ مَنْ يَّعْمَلْ سُوْۤءًا يُّجْزَ بِهٖۙ وَلَا يَجِدْ لَهٗ مِنْ دُوْنِ اللّٰهِ وَلِيًّا وَّلَا نَصِيْرًا ( النساء: ١٢٣ )
കാര്യം നടക്കുന്നത് നിങ്ങളുടെ വ്യാമോഹങ്ങള്‍ക്കനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങള്‍ക്കൊത്തുമല്ല. തിന്മ ചെയ്യുന്നതാരായാലും അതിന്റെ ഫലം അവന് ലഭിക്കും. അല്ലാഹുവെക്കൂടാതെ ഒരു രക്ഷകനെയും സഹായിയെയും അവന് കണ്ടെത്താനാവില്ല.
وَمَنْ يَّعْمَلْ مِنَ الصّٰلِحٰتِ مِنْ ذَكَرٍ اَوْ اُنْثٰى وَهُوَ مُؤْمِنٌ فَاُولٰۤىِٕكَ يَدْخُلُوْنَ الْجَنَّةَ وَلَا يُظْلَمُوْنَ نَقِيْرًا ( النساء: ١٢٤ )
ആണായാലും പെണ്ണായാലും സത്യവിശ്വാസിയായി സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവരോടൊട്ടും അനീതിയുണ്ടാവില്ല.
وَمَنْ اَحْسَنُ دِيْنًا مِّمَّنْ اَسْلَمَ وَجْهَهٗ لِلّٰهِ وَهُوَ مُحْسِنٌ وَّاتَّبَعَ مِلَّةَ اِبْرٰهِيْمَ حَنِيْفًا ۗوَاتَّخَذَ اللّٰهُ اِبْرٰهِيْمَ خَلِيْلًا ( النساء: ١٢٥ )
സല്‍ക്കര്‍മിയായി സ്വന്തത്തെ അല്ലാഹുവിന് സമര്‍പ്പിക്കുകയും നേര്‍മാര്‍ഗത്തിലുറച്ചുനിന്ന് ഇബ്‌റാഹീമിന്റെ പാത പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമമായ ജീവിതരീതി സ്വീകരിച്ച ആരുണ്ട്? ഇബ്‌റാഹീമിനെ അല്ലാഹു തന്റെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.
وَلِلّٰهِ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۗ وَكَانَ اللّٰهُ بِكُلِّ شَيْءٍ مُّحِيْطًا ࣖ ( النساء: ١٢٦ )
ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. എല്ലാ കാര്യങ്ങളെപ്പറ്റിയും സൂക്ഷ്മമായറിയുന്നവനാണ് അല്ലാഹു.
وَيَسْتَفْتُوْنَكَ فِى النِّسَاۤءِۗ قُلِ اللّٰهُ يُفْتِيْكُمْ فِيْهِنَّ ۙوَمَا يُتْلٰى عَلَيْكُمْ فِى الْكِتٰبِ فِيْ يَتٰمَى النِّسَاۤءِ الّٰتِيْ لَا تُؤْتُوْنَهُنَّ مَا كُتِبَ لَهُنَّ وَتَرْغَبُوْنَ اَنْ تَنْكِحُوْهُنَّ وَالْمُسْتَضْعَفِيْنَ مِنَ الْوِلْدَانِۙ وَاَنْ تَقُوْمُوْا لِلْيَتٰمٰى بِالْقِسْطِ ۗوَمَا تَفْعَلُوْا مِنْ خَيْرٍ فَاِنَّ اللّٰهَ كَانَ بِهٖ عَلِيْمًا ( النساء: ١٢٧ )
സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ നിന്നോട് വിധി തേടുന്നു. പറയുക: അവരുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് വിധി നല്‍കുന്നു. ഈ വേദപുസ്തകത്തില്‍ നേരത്തെ നിങ്ങള്‍ക്കു പറഞ്ഞുതന്ന വിധികള്‍ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. നിശ്ചയിക്കപ്പെട്ട അവകാശം നല്‍കാതെ നിങ്ങള്‍ അനാഥസ്ത്രീകളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നതിനെ സംബന്ധിച്ചും ദുര്‍ബലരായ കുട്ടികളെക്കുറിച്ചുമുള്ള വിധിയും അനാഥകളോട് നിങ്ങള്‍ നീതിയോടെ വര്‍ത്തിക്കണമെന്ന കല്‍പനയും അതുള്‍ക്കൊള്ളുന്നു. നിങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ചെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.
وَاِنِ امْرَاَةٌ خَافَتْ مِنْۢ بَعْلِهَا نُشُوْزًا اَوْ اِعْرَاضًا فَلَا جُنَاحَ عَلَيْهِمَآ اَنْ يُّصْلِحَا بَيْنَهُمَا صُلْحًا ۗوَالصُّلْحُ خَيْرٌ ۗوَاُحْضِرَتِ الْاَنْفُسُ الشُّحَّۗ وَاِنْ تُحْسِنُوْا وَتَتَّقُوْا فَاِنَّ اللّٰهَ كَانَ بِمَا تَعْمَلُوْنَ خَبِيْرًا ( النساء: ١٢٨ )
ഏതെങ്കിലും സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെട്ടാല്‍ അവരന്യോന്യം ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ കുറ്റമില്ല. എന്നല്ല; ഒത്തുതീര്‍പ്പാണ് ഉത്തമം. മനുഷ്യമനസ്സ് എപ്പോഴും സങ്കുചിതമായിരിക്കും. നിങ്ങള്‍ നല്ലനിലയില്‍ കഴിയുകയും സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍, ഓര്‍ക്കുക: അല്ലാഹു നിങ്ങള്‍ ചെയ്യുന്നവയൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ്.
وَلَنْ تَسْتَطِيْعُوْٓا اَنْ تَعْدِلُوْا بَيْنَ النِّسَاۤءِ وَلَوْ حَرَصْتُمْ فَلَا تَمِيْلُوْا كُلَّ الْمَيْلِ فَتَذَرُوْهَا كَالْمُعَلَّقَةِ ۗوَاِنْ تُصْلِحُوْا وَتَتَّقُوْا فَاِنَّ اللّٰهَ كَانَ غَفُوْرًا رَّحِيْمًا ( النساء: ١٢٩ )
നിങ്ങളെത്ര ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാനാവില്ല. അതിനാല്‍ നിങ്ങള്‍ ഒരുവളിലേക്ക് പൂര്‍ണമായി ചാഞ്ഞ് മറ്റവളെ കെട്ടിയിടപ്പെട്ട നിലയില്‍ കയ്യൊഴിക്കരുത്. നിങ്ങള്‍ ഭാര്യമാരോട് നന്നായി വര്‍ത്തിക്കുക. സൂക്ഷ്മത പാലിക്കുകയും ചെയ്യുക. എങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.
وَاِنْ يَّتَفَرَّقَا يُغْنِ اللّٰهُ كُلًّا مِّنْ سَعَتِهٖۗ وَكَانَ اللّٰهُ وَاسِعًا حَكِيْمًا ( النساء: ١٣٠ )
അഥവാ, അവരിരുവരും വേര്‍പിരിയുകയാണെങ്കില്‍ അല്ലാഹു തന്റെ അതിരില്ലാത്ത അനുഗ്രഹത്താല്‍ ഇരുവരെയും സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പുറ്റവരാക്കും. അല്ലാഹു ഏറെ വിശാലതയുള്ളവനും യുക്തിമാനുമാകുന്നു.