بَدِيْعُ السَّمٰوٰتِ وَالْاَرْضِۗ اَنّٰى يَكُوْنُ لَهٗ وَلَدٌ وَّلَمْ تَكُنْ لَّهٗ صَاحِبَةٌ ۗوَخَلَقَ كُلَّ شَيْءٍۚ وَهُوَ بِكُلِّ شَيْءٍ عَلِيْمٌ ( الأنعام: ١٠١ )
ആകാശഭൂമികളെ മുന്‍മാതൃകകളില്ലാതെ സൃഷ്ടിച്ചവനാണ് അല്ലാഹു. അവന്നെങ്ങനെ മക്കളുണ്ടാകും? അവന്ന് ഇണപോലും ഇല്ലല്ലോ. അവന്‍ സകല വസ്തുക്കളെയും സൃഷ്ടിച്ചു. അവന്‍ എല്ലാ കാര്യങ്ങളും അറിയുന്നവനാണ്.
ذٰلِكُمُ اللّٰهُ رَبُّكُمْۚ لَآ اِلٰهَ اِلَّا هُوَۚ خَالِقُ كُلِّ شَيْءٍ فَاعْبُدُوْهُ ۚوَهُوَ عَلٰى كُلِّ شَيْءٍ وَّكِيْلٌ ( الأنعام: ١٠٢ )
അവനാണ് അല്ലാഹു; നിങ്ങളുടെ നാഥന്‍. അവനല്ലാതെ ദൈവമില്ല. സകല വസ്തുക്കളെയും സൃഷ്ടിച്ചവനാണവന്‍. അതിനാല്‍ നിങ്ങള്‍ അവനുമാത്രം വഴിപ്പെടുക. അവന്‍ എല്ലാ കാര്യങ്ങളുടെയും കൈകാര്യകര്‍ത്താവാണ്.
لَا تُدْرِكُهُ الْاَبْصَارُ وَهُوَ يُدْرِكُ الْاَبْصَارَۚ وَهُوَ اللَّطِيْفُ الْخَبِيْرُ ( الأنعام: ١٠٣ )
കണ്ണുകള്‍ക്കൊന്നും അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ എല്ലാ കണ്ണുകളെയും കാണുന്നു. അവന്‍ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും.
قَدْ جَاۤءَكُمْ بَصَاۤىِٕرُ مِنْ رَّبِّكُمْۚ فَمَنْ اَبْصَرَ فَلِنَفْسِهٖۚ وَمَنْ عَمِيَ فَعَلَيْهَاۗ وَمَآ اَنَا۠ عَلَيْكُمْ بِحَفِيْظٍ ( الأنعام: ١٠٤ )
നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങള്‍ക്കിതാ ഉള്‍ക്കാഴ്ചതരുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. ആരെങ്കിലും അത് കണ്ടറിയുന്നുവെങ്കില്‍ അതിന്റെ ഗുണം അവന്നുതന്നെയാണ്. ആരെങ്കിലും അന്ധത നടിച്ചാല്‍ അതിന്റെ ദോഷവും അവന്നു തന്നെ. ഞാന്‍ നിങ്ങളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തവനൊന്നുമല്ല.
وَكَذٰلِكَ نُصَرِّفُ الْاٰيٰتِ وَلِيَقُوْلُوْا دَرَسْتَ وَلِنُبَيِّنَهٗ لِقَوْمٍ يَّعْلَمُوْنَ ( الأنعام: ١٠٥ )
അവ്വിധം വിവിധ രൂപേണ നാം നമ്മുടെ വചനങ്ങള്‍ വിശദീകരിച്ചുതരുന്നു. നീ ആരില്‍ നിന്നൊക്കെയോ പഠിച്ചുവന്നതാണെന്ന് സത്യനിഷേധികളെക്കൊണ്ട് പറയിക്കാനാണിത്. കാര്യം മനസ്സിലാക്കുന്നവര്‍ക്ക് വസ്തുത വ്യക്തമാക്കിക്കൊടുക്കാനും.
اِتَّبِعْ مَآ اُوْحِيَ اِلَيْكَ مِنْ رَّبِّكَۚ لَآ اِلٰهَ اِلَّا هُوَۚ وَاَعْرِضْ عَنِ الْمُشْرِكِيْنَ ( الأنعام: ١٠٦ )
നിനക്കു നിന്റെ നാഥനില്‍ നിന്ന് ബോധനമായി ലഭിച്ചത് പിന്‍പറ്റുക. അവനല്ലാതെ ദൈവമില്ല. ഈ ബഹുദൈവവിശ്വാസികളെ അവഗണിക്കുക.
وَلَوْ شَاۤءَ اللّٰهُ مَآ اَشْرَكُوْاۗ وَمَا جَعَلْنٰكَ عَلَيْهِمْ حَفِيْظًاۚ وَمَآ اَنْتَ عَلَيْهِمْ بِوَكِيْلٍ ( الأنعام: ١٠٧ )
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരവന് പങ്കാളികളെ സങ്കല്‍പിക്കുമായിരുന്നില്ല. നിന്നെ നാം അവരുടെ രക്ഷാകര്‍ത്തൃത്വം ഏല്‍പിച്ചിട്ടില്ല. നീ അവരുടെ ചുമതലകള്‍ ഏല്‍പിക്കപ്പെട്ടവനുമല്ല.
وَلَا تَسُبُّوا الَّذِيْنَ يَدْعُوْنَ مِنْ دُوْنِ اللّٰهِ فَيَسُبُّوا اللّٰهَ عَدْوًاۢ بِغَيْرِ عِلْمٍۗ كَذٰلِكَ زَيَّنَّا لِكُلِّ اُمَّةٍ عَمَلَهُمْۖ ثُمَّ اِلٰى رَبِّهِمْ مَّرْجِعُهُمْ فَيُنَبِّئُهُمْ بِمَا كَانُوْا يَعْمَلُوْنَ ( الأنعام: ١٠٨ )
അല്ലാഹുവെവിട്ട് അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ നിങ്ങള്‍ ശകാരിക്കരുത്. അങ്ങനെ ചെയ്താല്‍ അവര്‍ തങ്ങളുടെ അറിവില്ലായ്മയാല്‍ അല്ലാഹുവെയും അന്യായമായി ശകാരിക്കും. അവ്വിധം ഓരോ വിഭാഗത്തിനും അവരുടെ ചെയ്തികളെ നാം ചേതോഹരങ്ങളായി തോന്നിപ്പിച്ചിരിക്കുന്നു. പിന്നീട് തങ്ങളുടെ നാഥന്റെ അടുത്തേക്കാണ് അവരുടെ മടക്കം. അപ്പോള്‍, അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അവന്‍ അവരെ വിവരമറിയിക്കും.
وَاَقْسَمُوْا بِاللّٰهِ جَهْدَ اَيْمَانِهِمْ لَىِٕنْ جَاۤءَتْهُمْ اٰيَةٌ لَّيُؤْمِنُنَّ بِهَاۗ قُلْ اِنَّمَا الْاٰيٰتُ عِنْدَ اللّٰهِ وَمَا يُشْعِرُكُمْ اَنَّهَآ اِذَا جَاۤءَتْ لَا يُؤْمِنُوْنَ ( الأنعام: ١٠٩ )
അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തു തറപ്പിച്ചു പറഞ്ഞു, തങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നെത്തിയാല്‍ അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന്. പറയുക: ''ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ അധീനതയിലാണ്.'' ദൃഷ്ടാന്തങ്ങള്‍ വന്നു കിട്ടിയാലും അവര്‍ വിശ്വസിക്കുകയില്ലെന്ന് നിങ്ങളെ എങ്ങനെ ബോധ്യപ്പെടുത്താനാണ്?
وَنُقَلِّبُ اَفْـِٕدَتَهُمْ وَاَبْصَارَهُمْ كَمَا لَمْ يُؤْمِنُوْا بِهٖٓ اَوَّلَ مَرَّةٍ وَّنَذَرُهُمْ فِيْ طُغْيَانِهِمْ يَعْمَهُوْنَ ࣖ ۔ ( الأنعام: ١١٠ )
അവരുടെ ഹൃദയങ്ങളെയും കണ്ണുകളെയും നാം മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്; ആദ്യതവണ അവരിതില്‍ വിശ്വസിക്കാതിരുന്നപോലെത്തന്നെ. തങ്ങളുടെ അതിക്രമങ്ങളില്‍ തന്നെ വിഹരിക്കാന്‍ നാമവരെ വിടുകയും ചെയ്യുന്നു.