سَنُلْقِيْ فِيْ قُلُوْبِ الَّذِيْنَ كَفَرُوا الرُّعْبَ بِمَٓا اَشْرَكُوْا بِاللّٰهِ مَا لَمْ يُنَزِّلْ بِهٖ سُلْطٰنًا ۚ وَمَأْوٰىهُمُ النَّارُ ۗ وَبِئْسَ مَثْوَى الظّٰلِمِيْنَ ( آل عمران: ١٥١ )
സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കും. അല്ലാഹുവിന്റെ പങ്കാളികളാണെന്നതിന് അവനൊരു തെളിവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവര്‍ അവന്റെ പങ്കാളികളാക്കിയതിനാലാണിത്. നാളെ അവരുടെ താവളം നരകമത്രെ. അക്രമികളുടെ വാസസ്ഥലം എത്ര ചീത്ത!
وَلَقَدْ صَدَقَكُمُ اللّٰهُ وَعْدَهٗٓ اِذْ تَحُسُّوْنَهُمْ بِاِذْنِهٖ ۚ حَتّٰىٓ اِذَا فَشِلْتُمْ وَتَنَازَعْتُمْ فِى الْاَمْرِ وَعَصَيْتُمْ مِّنْۢ بَعْدِ مَآ اَرٰىكُمْ مَّا تُحِبُّوْنَ ۗ مِنْكُمْ مَّنْ يُّرِيْدُ الدُّنْيَا وَمِنْكُمْ مَّنْ يُّرِيْدُ الْاٰخِرَةَ ۚ ثُمَّ صَرَفَكُمْ عَنْهُمْ لِيَبْتَلِيَكُمْ ۚ وَلَقَدْ عَفَا عَنْكُمْ ۗ وَاللّٰهُ ذُوْ فَضْلٍ عَلَى الْمُؤْمِنِيْنَ ( آل عمران: ١٥٢ )
അല്ലാഹു നിങ്ങളോടുള്ള അവന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. ആദ്യം അവന്റെ അനുമതി പ്രകാരം നിങ്ങളവരുടെ കഥകഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ, നിങ്ങള്‍ ദുര്‍ബലരാവുകയും കാര്യനിര്‍വഹണത്തിന്റെ പേരില്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടത് അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നശേഷം നിങ്ങള്‍ അനുസരണക്കേട് കാണിച്ചു. നിങ്ങളില്‍ ഐഹിക താത്പര്യങ്ങളുള്ളവരുണ്ട്. പരലോകം കൊതിക്കുന്നവരുമുണ്ട്. പിന്നീട് അല്ലാഹു നിങ്ങളെ അവരില്‍നിന്ന് പിന്‍തിരിപ്പിച്ചു; നിങ്ങളെ പരീക്ഷിക്കാന്‍. അല്ലാഹു നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് അത്യുദാരന്‍ തന്നെ.
۞ اِذْ تُصْعِدُوْنَ وَلَا تَلْوٗنَ عَلٰٓى اَحَدٍ وَّالرَّسُوْلُ يَدْعُوْكُمْ فِيْٓ اُخْرٰىكُمْ فَاَثَابَكُمْ غَمًّا ۢبِغَمٍّ لِّكَيْلَا تَحْزَنُوْا عَلٰى مَا فَاتَكُمْ وَلَا مَآ اَصَابَكُمْ ۗ وَاللّٰهُ خَبِيْرٌ ۢبِمَا تَعْمَلُوْنَ ( آل عمران: ١٥٣ )
ഓര്‍ക്കുക: ആരെയും തിരിഞ്ഞുനോക്കാതെ നിങ്ങള്‍ ഓടിപ്പോവുകയായിരുന്നു. ദൈവദൂതന്‍ പിന്നില്‍നിന്ന് നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ദുഃഖത്തിനുമേല്‍ ദുഃഖം പ്രതിഫലമായി നല്‍കി. നിങ്ങള്‍ക്ക് കൈവിട്ടുപോയ നേട്ടത്തിന്റെയോ നിങ്ങളെ ബാധിച്ച വിപത്തിന്റെയോ പേരില്‍ മേലില്‍ നിങ്ങള്‍ ദുഃഖിതരാവാതിരിക്കാനാണിത്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
ثُمَّ اَنْزَلَ عَلَيْكُمْ مِّنْۢ بَعْدِ الْغَمِّ اَمَنَةً نُّعَاسًا يَّغْشٰى طَۤاىِٕفَةً مِّنْكُمْ ۙ وَطَۤاىِٕفَةٌ قَدْ اَهَمَّتْهُمْ اَنْفُسُهُمْ يَظُنُّوْنَ بِاللّٰهِ غَيْرَ الْحَقِّ ظَنَّ الْجَاهِلِيَّةِ ۗ يَقُوْلُوْنَ هَلْ لَّنَا مِنَ الْاَمْرِ مِنْ شَيْءٍ ۗ قُلْ اِنَّ الْاَمْرَ كُلَّهٗ لِلّٰهِ ۗ يُخْفُوْنَ فِيْٓ اَنْفُسِهِمْ مَّا لَا يُبْدُوْنَ لَكَ ۗ يَقُوْلُوْنَ لَوْ كَانَ لَنَا مِنَ الْاَمْرِ شَيْءٌ مَّا قُتِلْنَا هٰهُنَا ۗ قُلْ لَّوْ كُنْتُمْ فِيْ بُيُوْتِكُمْ لَبَرَزَ الَّذِيْنَ كُتِبَ عَلَيْهِمُ الْقَتْلُ اِلٰى مَضَاجِعِهِمْ ۚ وَلِيَبْتَلِيَ اللّٰهُ مَا فِيْ صُدُوْرِكُمْ وَلِيُمَحِّصَ مَا فِيْ قُلُوْبِكُمْ ۗ وَاللّٰهُ عَلِيْمٌ ۢبِذَاتِ الصُّدُوْرِ ( آل عمران: ١٥٤ )
പിന്നെ, ആ ദുഃഖത്തിനുശേഷം അല്ലാഹു നിങ്ങള്‍ക്ക് എല്ലാം മറന്ന് മയങ്ങിയുറങ്ങാവുന്ന ശാന്തി നല്‍കി. നിങ്ങളിലൊരു വിഭാഗം ആ മയക്കത്തിന്റെ ശാന്തത അനുഭവിച്ചു. മറ്റൊരു വിഭാഗം സ്വന്തത്തെപ്പറ്റി മാത്രം ചിന്തിച്ച് അസ്വസ്ഥരായി. അവര്‍ അല്ലാഹുവെ സംബന്ധിച്ച് സത്യവിരുദ്ധമായ അനിസ്‌ലാമിക ധാരണയാണ് വെച്ചുപുലര്‍ത്തിയിരുന്നത്. അവര്‍ ചോദിക്കുന്നു: ''കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നമുക്ക് വല്ല പങ്കുമുണ്ടോ?'' പറയുക: ''കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ അധീനതയിലാണ്.'' അറിയുക: അവര്‍ നിന്നോട് വെളിപ്പെടുത്താത്ത ചിലത് മനസ്സുകളിലൊളിപ്പിച്ചുവെക്കുന്നുണ്ട്. അവര്‍ പറയുന്നു: ''കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നമുക്ക് പങ്കുണ്ടായിരുന്നെങ്കില്‍ നാം ഇവിടെയിങ്ങനെ കൊല്ലപ്പെടുമായിരുന്നില്ല.'' പറയുക: ''നിങ്ങള്‍ നിങ്ങളുടെ വീടുകളിലായിരുന്നാല്‍ പോലും വധിക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങളുടെ മരണസ്ഥലത്തേക്ക് സ്വയം പുറപ്പെട്ടുവരുമായിരുന്നു. ഇപ്പോള്‍ നടന്നതെല്ലാം, നിങ്ങളുടെ നെഞ്ചകത്തുള്ളതിനെ അല്ലാഹു പരീക്ഷിക്കാനും നിങ്ങളുടെ മനസ്സിലുള്ളത് കറകളഞ്ഞെടുക്കാനുമാണ്. നെഞ്ചകത്തുള്ളതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.''
اِنَّ الَّذِيْنَ تَوَلَّوْا مِنْكُمْ يَوْمَ الْتَقَى الْجَمْعٰنِۙ اِنَّمَا اسْتَزَلَّهُمُ الشَّيْطٰنُ بِبَعْضِ مَا كَسَبُوْا ۚ وَلَقَدْ عَفَا اللّٰهُ عَنْهُمْ ۗ اِنَّ اللّٰهَ غَفُوْرٌ حَلِيْمٌ ࣖ ( آل عمران: ١٥٥ )
രണ്ടു കൂട്ടര്‍ ഏറ്റുമുട്ടിയ ദിവസം; നിങ്ങളില്‍നിന്ന് പിന്തിരിഞ്ഞുപോയവരെ തങ്ങളുടെ തന്നെ ചില ചെയ്തികള്‍ കാരണം പിശാച് വഴിപിഴപ്പിക്കുകയായിരുന്നു. അല്ലാഹു അവര്‍ക്ക് മാപ്പേകിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനും തന്നെ.
يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَكُوْنُوْا كَالَّذِيْنَ كَفَرُوْا وَقَالُوْا لِاِخْوَانِهِمْ اِذَا ضَرَبُوْا فِى الْاَرْضِ اَوْ كَانُوْا غُزًّى لَّوْ كَانُوْا عِنْدَنَا مَا مَاتُوْا وَمَا قُتِلُوْاۚ لِيَجْعَلَ اللّٰهُ ذٰلِكَ حَسْرَةً فِيْ قُلُوْبِهِمْ ۗ وَاللّٰهُ يُحْيٖ وَيُمِيْتُ ۗ وَاللّٰهُ بِمَا تَعْمَلُوْنَ بَصِيْرٌ ( آل عمران: ١٥٦ )
വിശ്വസിച്ചവരേ, നിങ്ങള്‍ സത്യനിഷേധികളെപ്പോലെയാവരുത്. തങ്ങളുടെ സഹോദരങ്ങള്‍ കച്ചവടത്തിന് ഭൂമിയില്‍ സഞ്ചരിക്കുകയോ യുദ്ധത്തിനു പുറപ്പെടുകയോ ചെയ്ത് മരണമടഞ്ഞാല്‍ അവര്‍ പറയും: ''ഇവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരിക്കുകയോ വധിക്കപ്പെടുകയോ ഇല്ലായിരുന്നു.'' ഇതൊക്കെയും അല്ലാഹു അവരുടെ മനസ്സുകളില്‍ ഒരു ഖേദമാക്കിവെക്കുന്നു. ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അല്ലാഹുവാണ്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും കണ്ടറിയുന്നവനാണ് അല്ലാഹു.
وَلَىِٕنْ قُتِلْتُمْ فِيْ سَبِيْلِ اللّٰهِ اَوْ مُتُّمْ لَمَغْفِرَةٌ مِّنَ اللّٰهِ وَرَحْمَةٌ خَيْرٌ مِّمَّا يَجْمَعُوْنَ ( آل عمران: ١٥٧ )
നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെടുകയോ മരിക്കുകയോ ആണെങ്കില്‍ ഉറപ്പായും അതിലൂടെ നിങ്ങള്‍ക്ക് അല്ലാഹുവില്‍നിന്നുള്ള പാപമോചനവും കാരുണ്യവും ലഭിക്കും. അവര്‍ വാരിക്കൂട്ടുന്നതിനെക്കാളൊക്കെ ഉത്തമം അതാണ്.
وَلَىِٕنْ مُّتُّمْ اَوْ قُتِلْتُمْ لَاِلَى اللّٰهِ تُحْشَرُوْنَ ( آل عمران: ١٥٨ )
നിങ്ങള്‍ മരിക്കട്ടെ, അല്ലെങ്കില്‍ വധിക്കപ്പെടട്ടെ; രണ്ടായാലും എല്ലാവരെയും ഒടുവില്‍ ഒരുമിച്ചുകൂട്ടുക അല്ലാഹുവിങ്കലാണ്.
فَبِمَا رَحْمَةٍ مِّنَ اللّٰهِ لِنْتَ لَهُمْ ۚ وَلَوْ كُنْتَ فَظًّا غَلِيْظَ الْقَلْبِ لَانْفَضُّوْا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى الْاَمْرِۚ فَاِذَا عَزَمْتَ فَتَوَكَّلْ عَلَى اللّٰهِ ۗ اِنَّ اللّٰهَ يُحِبُّ الْمُتَوَكِّلِيْنَ ( آل عمران: ١٥٩ )
അല്ലാഹുവിന്റെ കാരുണ്യം കാരണമാണ് നീ അവരോട് സൗമ്യനായത്. നീ പരുഷപ്രകൃതനും കഠിനമനസ്‌കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
اِنْ يَّنْصُرْكُمُ اللّٰهُ فَلَا غَالِبَ لَكُمْ ۚ وَاِنْ يَّخْذُلْكُمْ فَمَنْ ذَا الَّذِيْ يَنْصُرُكُمْ مِّنْۢ بَعْدِهٖ ۗ وَعَلَى اللّٰهِ فَلْيَتَوَكَّلِ الْمُؤْمِنُوْنَ ( آل عمران: ١٦٠ )
അല്ലാഹു നിങ്ങളെ സഹായിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ തോല്‍പിക്കാനാര്‍ക്കും കഴിയില്ല. അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ അവനെക്കൂടാതെ ആരാണുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ.