وَاللّٰهُ فَضَّلَ بَعْضَكُمْ عَلٰى بَعْضٍ فِى الرِّزْقِۚ فَمَا الَّذِيْنَ فُضِّلُوْا بِرَاۤدِّيْ رِزْقِهِمْ عَلٰى مَا مَلَكَتْ اَيْمَانُهُمْ فَهُمْ فِيْهِ سَوَاۤءٌۗ اَفَبِنِعْمَةِ اللّٰهِ يَجْحَدُوْنَ ( النحل: ٧١ )
ആഹാരകാര്യത്തില്‍ അല്ലാഹു നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ മികവുറ്റവരാക്കിയിരിക്കുന്നു. എന്നാല്‍ മികവ് ലഭിച്ചവര്‍ തങ്ങളുടെ വിഭവം തങ്ങളുടെ ഭൃത്യന്മാര്‍ക്ക് വിട്ടുകൊടുക്കുന്നതിലൂടെ അവരെയൊക്കെ തങ്ങളെപ്പോലെ അതില്‍ സമന്മാരാക്കുന്നില്ല. അപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെയാണോ അവര്‍ നിഷേധിക്കുന്നത്?
وَاللّٰهُ جَعَلَ لَكُمْ مِّنْ اَنْفُسِكُمْ اَزْوَاجًا وَّجَعَلَ لَكُمْ مِّنْ اَزْوَاجِكُمْ بَنِيْنَ وَحَفَدَةً وَّرَزَقَكُمْ مِّنَ الطَّيِّبٰتِۗ اَفَبِالْبَاطِلِ يُؤْمِنُوْنَ وَبِنِعْمَتِ اللّٰهِ هُمْ يَكْفُرُوْنَۙ ( النحل: ٧٢ )
അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ ഇണകളെ ഉണ്ടാക്കിത്തന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ഇണകളിലൂടെ പുത്രന്മാരെയും നല്‍കി. പൗത്രന്മാരെയും. വിശിഷ്ട വസ്തുക്കള്‍ ആഹാരമായി തന്നു. എന്നിട്ടും ഇക്കൂട്ടര്‍ അസത്യത്തില്‍ വിശ്വസിക്കുകയാണോ? അല്ലാഹുവിന്റെ അനുഗ്രഹത്തെ അപ്പാടെ തള്ളിപ്പറയുകയും?
وَيَعْبُدُوْنَ مِنْ دُوْنِ اللّٰهِ مَا لَا يَمْلِكُ لَهُمْ رِزْقًا مِّنَ السَّمٰوٰتِ وَالْاَرْضِ شَيْـًٔا وَّلَا يَسْتَطِيْعُوْنَ ۚ ( النحل: ٧٣ )
ആകാശഭൂമികളില്‍ നിന്ന് അവര്‍ക്ക് ആഹാരമൊന്നും നല്‍കാത്തവരെയും ഒന്നിനും കഴിയാത്തവരെയുമാണ് അല്ലാഹുവെവിട്ട് അവര്‍ പൂജിച്ചുകൊണ്ടിരിക്കുന്നത്.
فَلَا تَضْرِبُوْا لِلّٰهِ الْاَمْثَالَ ۗاِنَّ اللّٰهَ يَعْلَمُ وَاَنْتُمْ لَا تَعْلَمُوْنَ ( النحل: ٧٤ )
അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ മറ്റൊന്നുമായി സാദൃശ്യപ്പെടുത്തരുത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നു. നിങ്ങള്‍ അറിയുന്നുമില്ല.
۞ ضَرَبَ اللّٰهُ مَثَلًا عَبْدًا مَّمْلُوْكًا لَّا يَقْدِرُ عَلٰى شَيْءٍ وَّمَنْ رَّزَقْنٰهُ مِنَّا رِزْقًا حَسَنًا فَهُوَ يُنْفِقُ مِنْهُ سِرًّا وَّجَهْرًاۗ هَلْ يَسْتَوٗنَ ۚ اَلْحَمْدُ لِلّٰهِ ۗبَلْ اَكْثَرُهُمْ لَا يَعْلَمُوْنَ ( النحل: ٧٥ )
അല്ലാഹു ഒരുദാഹരണം സമര്‍പ്പിക്കുന്നു: ഒരാള്‍ മറ്റൊരാളുടെ ഉടമയിലുള്ള അടിമയാണ്. അയാള്‍ക്കൊന്നിനും കഴിയില്ല; മറ്റൊരാള്‍, നാം നമ്മുടെ വകയായി നല്‍കിയ ഉത്തമമായ ആഹാരപദാര്‍ഥങ്ങളില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ചുകൊണ്ടിരിക്കുന്നു. അവരിരുവരും തുല്യരാണോ? അല്ലാഹുവിന് സ്തുതി. എങ്കിലും അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നില്ല.
وَضَرَبَ اللّٰهُ مَثَلًا رَّجُلَيْنِ اَحَدُهُمَآ اَبْكَمُ لَا يَقْدِرُ عَلٰى شَيْءٍ وَّهُوَ كَلٌّ عَلٰى مَوْلٰىهُ ۗ اَيْنَمَا يُوَجِّهْهُّ لَا يَأْتِ بِخَيْرٍ ۖهَلْ يَسْتَوِيْ هُوَۙ وَمَنْ يَّأْمُرُ بِالْعَدْلِ وَهُوَ عَلٰى صِرَاطٍ مُّسْتَقِيْمٍ ࣖ ( النحل: ٧٦ )
അല്ലാഹു മറ്റൊരുദാഹരണം കൂടി നല്‍കുന്നു: രണ്ടാളുകള്‍. അവരിലൊരുവന്‍ ഊമയാണ്. ഒന്നിനും കഴിയാത്തവന്‍. അവന്‍ തന്റെ യജമാനന് ഒരു ഭാരമാണ്. അയാള്‍ അവനെ എവിടേക്കയച്ചാലും അവനൊരു നന്മയും വരുത്തുകയില്ല. അയാളും, സ്വയം നേര്‍വഴിയില്‍ നിലയുറപ്പിച്ച് നീതി കല്‍പിക്കുന്നവനും ഒരുപോലെയാണോ?
وَلِلّٰهِ غَيْبُ السَّمٰوٰتِ وَالْاَرْضِۗ وَمَآ اَمْرُ السَّاعَةِ اِلَّا كَلَمْحِ الْبَصَرِ اَوْ هُوَ اَقْرَبُۗ اِنَّ اللّٰهَ عَلٰى كُلِّ شَيْءٍ قَدِيْرٌ ( النحل: ٧٧ )
ആകാശഭൂമികളില്‍ ഒളിഞ്ഞിരിക്കുന്നവയൊക്കെയും നന്നായറിയുന്നവന്‍ അല്ലാഹു മാത്രമാണ്. ആ അന്ത്യസമയം ഇമവെട്ടുംപോലെ മാത്രമാണ്. അല്ലെങ്കില്‍ അതിനെക്കാള്‍ വേഗതയുള്ളത്. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
وَاللّٰهُ اَخْرَجَكُمْ مِّنْۢ بُطُوْنِ اُمَّهٰتِكُمْ لَا تَعْلَمُوْنَ شَيْـًٔاۙ وَّجَعَلَ لَكُمُ السَّمْعَ وَالْاَبْصَارَ وَالْاَفْـِٕدَةَ ۙ لَعَلَّكُمْ تَشْكُرُوْنَ ( النحل: ٧٨ )
അല്ലാഹു നിങ്ങളെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് ഒന്നും അറിയാത്തവരായി പുറത്തേക്ക് കൊണ്ടുവന്നു; പിന്നെ നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.
اَلَمْ يَرَوْا اِلَى الطَّيْرِ مُسَخَّرٰتٍ فِيْ جَوِّ السَّمَاۤءِ ۗمَا يُمْسِكُهُنَّ اِلَّا اللّٰهُ ۗاِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّقَوْمٍ يُّؤْمِنُوْنَ ( النحل: ٧٩ )
ഇവര്‍ പറവകളെ കാണുന്നില്ലേ? അന്തരീക്ഷത്തില്‍ അവ എവ്വിധം നിയന്ത്രിക്കപ്പെടുന്നുവെന്ന്. അല്ലാഹുവല്ലാതെ ആരും അവയെ താങ്ങിനിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനത്തിന് ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
وَاللّٰهُ جَعَلَ لَكُمْ مِّنْۢ بُيُوْتِكُمْ سَكَنًا وَّجَعَلَ لَكُمْ مِّنْ جُلُوْدِ الْاَنْعَامِ بُيُوْتًا تَسْتَخِفُّوْنَهَا يَوْمَ ظَعْنِكُمْ وَيَوْمَ اِقَامَتِكُمْ ۙ وَمِنْ اَصْوَافِهَا وَاَوْبَارِهَا وَاَشْعَارِهَآ اَثَاثًا وَّمَتَاعًا اِلٰى حِيْنٍ ( النحل: ٨٠ )
അല്ലാഹു നിങ്ങളുടെ വീടുകളെ നിങ്ങള്‍ക്കുള്ള വിശ്രമസ്ഥലങ്ങളാക്കി. മൃഗത്തോലുകളില്‍നിന്ന് അവന്‍ നിങ്ങള്‍ക്ക് പാര്‍പ്പിടങ്ങളുണ്ടാക്കിത്തന്നു. നിങ്ങളുടെ യാത്രാ നാളുകളിലും താവളമടിക്കുന്ന ദിനങ്ങളിലും നിങ്ങളവ അനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും രോമങ്ങളില്‍നിന്ന് നിശ്ചിതകാലംവരെ ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങള്‍ അവനുണ്ടാക്കിത്തന്നു. ഉപകാരപ്രദമായ മറ്റു വസ്തുക്കളും.