وَاِذْ قُلْنَا لِلْمَلٰۤىِٕكَةِ اسْجُدُوْا لِاٰدَمَ فَسَجَدُوْٓا اِلَّآ اِبْلِيْسَۗ قَالَ ءَاَسْجُدُ لِمَنْ خَلَقْتَ طِيْنًاۚ ( الإسراء: ٦١ )
നിങ്ങള് ആദമിന് സാഷ്ടാംഗം ചെയ്യുകയെന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്ഭം! അപ്പോഴവര് സാഷ്ടാംഗം പ്രണമിച്ചു. ഇബ്ലീസൊഴികെ. അവന് പറഞ്ഞു: ''നീ കളിമണ്ണുകൊണ്ടുണ്ടാക്കിയവന് ഞാന് സാഷ്ടാംഗം ചെയ്യുകയോ?''
قَالَ اَرَاَيْتَكَ هٰذَا الَّذِيْ كَرَّمْتَ عَلَيَّ لَىِٕنْ اَخَّرْتَنِ اِلٰى يَوْمِ الْقِيٰمَةِ لَاَحْتَنِكَنَّ ذُرِّيَّتَهٗٓ اِلَّا قَلِيْلًا ( الإسراء: ٦٢ )
ഇബ്ലീസ് പറഞ്ഞു: ''എന്നേക്കാള് നീ ഇവനെ ആദരണീയനാക്കി. ഇവന് അതിനര്ഹനാണോയെന്ന് നീയെന്നെ അറിയിക്കുക. ഉയിര്ത്തെഴുന്നേല്പുനാള് വരെ നീയെനിക്കു സമയം അനുവദിക്കുകയാണെങ്കില് അവന്റെ സന്താനങ്ങളില് അല്പം ചിലരെയൊഴികെ എല്ലാവരെയും ഞാന് ആ പദവിയില്നിന്ന് പിഴുതെറിയുക തന്നെ ചെയ്യും.''
قَالَ اذْهَبْ فَمَنْ تَبِعَكَ مِنْهُمْ فَاِنَّ جَهَنَّمَ جَزَاۤؤُكُمْ جَزَاۤءً مَّوْفُوْرًا ( الإسراء: ٦٣ )
അല്ലാഹു പറഞ്ഞു: ''നീ പോയിക്കൊള്ളുക. അവരില് നിന്നാരെങ്കിലും നിന്നെ പിന്തുടരുകയാണെങ്കില് നിങ്ങള്ക്കുള്ള പ്രതിഫലം നരകമായിരിക്കും. ഇത് തികവൊത്ത പ്രതിഫലംതന്നെ.
وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ وَاَجْلِبْ عَلَيْهِمْ بِخَيْلِكَ وَرَجِلِكَ وَشَارِكْهُمْ فِى الْاَمْوَالِ وَالْاَوْلَادِ وَعِدْهُمْۗ وَمَا يَعِدُهُمُ الشَّيْطٰنُ اِلَّا غُرُوْرًا ( الإسراء: ٦٤ )
''നിന്റെ ഒച്ചവെക്കലിലൂടെ അവരില്നിന്ന് നിനക്ക് കഴിയാവുന്നവരെയൊക്കെ നീ തെറ്റിച്ചുകൊള്ളുക. അവര്ക്കെതിരെ നീ നിന്റെ കുതിരപ്പടയെയും കാലാള്പ്പടയെയും ഒരുമിച്ചുകൂട്ടുക. സമ്പത്തിലും സന്താനങ്ങളിലും അവരോടൊപ്പം കൂട്ടുചേര്ന്നുകൊള്ളുക. അവര്ക്ക് നീ വാഗ്ദാനങ്ങള് നല്കുകയും ചെയ്യുക.'' അവരോടുള്ള പിശാചിന്റെ വാഗ്ദാനം കൊടും ചതിയല്ലാതൊന്നുമല്ല.
اِنَّ عِبَادِيْ لَيْسَ لَكَ عَلَيْهِمْ سُلْطٰنٌۗ وَكَفٰى بِرَبِّكَ وَكِيْلًا ( الإسراء: ٦٥ )
''നിശ്ചയമായും എന്റെ ദാസന്മാരുടെ മേല് നിനക്ക് ഒരധികാരവുമില്ല. ഭരമേല്പിക്കപ്പെടാന് നിന്റെ നാഥന് തന്നെ മതി.''
رَبُّكُمُ الَّذِيْ يُزْجِيْ لَكُمُ الْفُلْكَ فِى الْبَحْرِ لِتَبْتَغُوْا مِنْ فَضْلِهٖۗ اِنَّهٗ كَانَ بِكُمْ رَحِيْمًا ( الإسراء: ٦٦ )
നിങ്ങള്ക്കായി കടലിലൂടെ കപ്പലോടിക്കുന്നവനാണ് നിങ്ങളുടെ നാഥന്. നിങ്ങളവന്റെ ഔദാര്യം തേടിപ്പിടിക്കാന്വേണ്ടി. അവന് നിങ്ങളോട് അളവറ്റ കാരുണ്യവാനാണ്.
وَاِذَا مَسَّكُمُ الضُّرُّ فِى الْبَحْرِ ضَلَّ مَنْ تَدْعُوْنَ اِلَّآ اِيَّاهُۚ فَلَمَّا نَجّٰىكُمْ اِلَى الْبَرِّ اَعْرَضْتُمْۗ وَكَانَ الْاِنْسَانُ كَفُوْرًا ( الإسراء: ٦٧ )
കടലില് നിങ്ങളെ വല്ല വിപത്തും ബാധിച്ചാല് അല്ലാഹുവെവിട്ട് നിങ്ങള് വിളിച്ചു പ്രാര്ഥിക്കുന്നവയെല്ലാം അപ്രത്യക്ഷമാകുന്നു. എന്നാല് അവന് നിങ്ങളെ കരയിലേക്ക് രക്ഷപ്പെടുത്തിയാല് നിങ്ങള് അവനില്നിന്ന് തിരിഞ്ഞുകളയുന്നു. മനുഷ്യന് ഏറെ നന്ദികെട്ടവന് തന്നെ.
اَفَاَمِنْتُمْ اَنْ يَّخْسِفَ بِكُمْ جَانِبَ الْبَرِّ اَوْ يُرْسِلَ عَلَيْكُمْ حَاصِبًا ثُمَّ لَا تَجِدُوْا لَكُمْ وَكِيْلًا ۙ ( الإسراء: ٦٨ )
കരയുടെ ഓരത്തുതന്നെ അവന് നിങ്ങളെ ആഴ്ത്തിക്കളയുന്നുവെന്നു വെക്കുക. അല്ലെങ്കില് അവന് നിങ്ങളുടെ നേരെ ചരല്മഴ വീഴ്ത്തുന്നുവെന്ന്. ഇതില്നിന്നെല്ലാം നിങ്ങളെ രക്ഷിക്കുന്ന ആരെയും കണ്ടെത്താന് കഴിയുന്നില്ലെന്നും! ഇതേക്കുറിച്ചൊക്കെ നിങ്ങള് തീര്ത്തും നിര്ഭയരാണോ?
اَمْ اَمِنْتُمْ اَنْ يُّعِيْدَكُمْ فِيْهِ تَارَةً اُخْرٰى فَيُرْسِلَ عَلَيْكُمْ قَاصِفًا مِّنَ الرِّيْحِ فَيُغْرِقَكُمْ بِمَا كَفَرْتُمْۙ ثُمَّ لَا تَجِدُوْا لَكُمْ عَلَيْنَا بِهٖ تَبِيْعًا ( الإسراء: ٦٩ )
അല്ലെങ്കില് മറ്റൊരിക്കല് അവന് നിങ്ങളെ കടലിലേക്ക് തിരിച്ചുകൊണ്ടുപോകുന്നു; അങ്ങനെ നിങ്ങള് നന്ദികേട് കാണിച്ചതിന് ശിക്ഷയായി നിങ്ങളുടെ നേരെ കൊടുങ്കാറ്റയച്ച് നിങ്ങളെ അതില് മുക്കിക്കളയുന്നു; പിന്നീട് അക്കാര്യത്തില് നിങ്ങള്ക്കായി നമുക്കെതിരെ നടപടിയെടുക്കാന് നിങ്ങള്ക്കാരെയും കണ്ടെത്താനാവുന്നുമില്ല- ഇത്തരമൊരവസ്ഥയെക്കുറിച്ചും നിങ്ങള് നിര്ഭയരാണോ?
۞ وَلَقَدْ كَرَّمْنَا بَنِيْٓ اٰدَمَ وَحَمَلْنٰهُمْ فِى الْبَرِّ وَالْبَحْرِ وَرَزَقْنٰهُمْ مِّنَ الطَّيِّبٰتِ وَفَضَّلْنٰهُمْ عَلٰى كَثِيْرٍ مِّمَّنْ خَلَقْنَا تَفْضِيْلًا ࣖ ( الإسراء: ٧٠ )
ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്ക്കു നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങള് ആഹാരമായി നല്കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള് നാമവര്ക്ക് മഹത്വമേകുകയും ചെയ്തു.