وَلَا تَنْكِحُوا الْمُشْرِكٰتِ حَتّٰى يُؤْمِنَّ ۗ وَلَاَمَةٌ مُّؤْمِنَةٌ خَيْرٌ مِّنْ مُّشْرِكَةٍ وَّلَوْ اَعْجَبَتْكُمْ ۚ وَلَا تُنْكِحُوا الْمُشْرِكِيْنَ حَتّٰى يُؤْمِنُوْا ۗ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّنْ مُّشْرِكٍ وَّلَوْ اَعْجَبَكُمْ ۗ اُولٰۤىِٕكَ يَدْعُوْنَ اِلَى النَّارِ ۖ وَاللّٰهُ يَدْعُوْٓا اِلَى الْجَنَّةِ وَالْمَغْفِرَةِ بِاِذْنِهٖۚ وَيُبَيِّنُ اٰيٰتِهٖ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُوْنَ ࣖ ( البقرة: ٢٢١ )
സത്യവിശ്വാസം സ്വീകരിക്കുംവരെ ബഹുദൈവ വിശ്വാസിനികളെ നിങ്ങള് വിവാഹം ചെയ്യരുത്. സത്യവിശ്വാസിനിയായ ഒരടിമപ്പെണ്ണാണ് ബഹുദൈവ വിശ്വാസിനിയെക്കാളുത്തമം. അവള് നിങ്ങളില് കൗതുകമുണര്ത്തിയാലും ശരി. സത്യവിശ്വാസം സ്വീകരിക്കുവോളം ബഹുദൈവ വിശ്വാസികള്ക്ക് നിങ്ങള് വിവാഹം ചെയ്തുകൊടുക്കരുത്. സത്യവിശ്വാസിയായ അടിമയാണ് ബഹുദൈവ വിശ്വാസിയെക്കാളുത്തമം. അവന് നിങ്ങളില് കൗതുകമുണര്ത്തിയാലും ശരി. അവര് ക്ഷണിക്കുന്നത് നരകത്തിലേക്കാണ്. അല്ലാഹുവോ, അവന്റെ ഹിതാനുസൃതം സ്വര്ഗത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. അവന് തന്റെ തെളിവുകള് ജനങ്ങള്ക്കായി വിശദീകരിച്ചുകൊടുക്കുന്നു. അവര് ഉദ്ബോധനം ഉള്ക്കൊള്ളാന്.
وَيَسْـَٔلُوْنَكَ عَنِ الْمَحِيْضِ ۗ قُلْ هُوَ اَذًىۙ فَاعْتَزِلُوا النِّسَاۤءَ فِى الْمَحِيْضِۙ وَلَا تَقْرَبُوْهُنَّ حَتّٰى يَطْهُرْنَ ۚ فَاِذَا تَطَهَّرْنَ فَأْتُوْهُنَّ مِنْ حَيْثُ اَمَرَكُمُ اللّٰهُ ۗ اِنَّ اللّٰهَ يُحِبُّ التَّوَّابِيْنَ وَيُحِبُّ الْمُتَطَهِّرِيْنَ ( البقرة: ٢٢٢ )
ആര്ത്തവത്തെ സംബന്ധിച്ചും അവര് നിന്നോടു ചോദിക്കുന്നു. പറയുക: അത് മാലിന്യമാണ്. അതിനാല് ആര്ത്തവ വേളയില് നിങ്ങള് സ്ത്രീകളില്നിന്നകന്നുനില്ക്കുക. ശുദ്ധിയാകുംവരെ അവരെ സമീപിക്കരുത്. അവര് ശുദ്ധി നേടിയാല് അല്ലാഹു നിങ്ങളോടാജ്ഞാപിച്ച പോലെ നിങ്ങളവരെ സമീപിക്കുക. അല്ലാഹു പശ്ചാത്തപിക്കുന്നവരെ സ്നേഹിക്കുന്നു. ശുചിത്വം പാലിക്കുന്നവരെയും അവനിഷ്ടപ്പെടുന്നു.
نِسَاۤؤُكُمْ حَرْثٌ لَّكُمْ ۖ فَأْتُوْا حَرْثَكُمْ اَنّٰى شِئْتُمْ ۖ وَقَدِّمُوْا لِاَنْفُسِكُمْ ۗ وَاتَّقُوا اللّٰهَ وَاعْلَمُوْٓا اَنَّكُمْ مُّلٰقُوْهُ ۗ وَبَشِّرِ الْمُؤْمِنِيْنَ ( البقرة: ٢٢٣ )
നിങ്ങളുടെ സ്ത്രീകള് നിങ്ങളുടെ കൃഷിയിടമാകുന്നു. നിങ്ങളാഗ്രഹിക്കുംവിധം നിങ്ങള്ക്ക് നിങ്ങളുടെ കൃഷിയിടത്ത് ചെല്ലാവുന്നതാണ്. നിങ്ങളുടെ നന്മക്കു വേണ്ടത് നിങ്ങള് മുന്കൂട്ടി ചെയ്തുവെക്കണം. നിങ്ങള് അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: നിങ്ങള് അവനുമായി കണ്ടുമുട്ടുകതന്നെ ചെയ്യും. സത്യവിശ്വാസികളെ ശുഭവാര്ത്ത അറിയിക്കുക.
وَلَا تَجْعَلُوا اللّٰهَ عُرْضَةً لِّاَيْمَانِكُمْ اَنْ تَبَرُّوْا وَتَتَّقُوْا وَتُصْلِحُوْا بَيْنَ النَّاسِۗ وَاللّٰهُ سَمِيْعٌ عَلِيْمٌ ( البقرة: ٢٢٤ )
നന്മ ചെയ്യുക, ഭക്തി പുലര്ത്തുക, ജനങ്ങള്ക്കിടയില് രഞ്ജിപ്പുണ്ടാക്കുക എന്നിവക്ക് തടസ്സമുണ്ടാക്കാനായി ശപഥം ചെയ്യാന് നിങ്ങള് അല്ലാഹുവിന്റെ പേരുപയോഗിക്കരുത്. അല്ലാഹു എല്ലാം കേള്ക്കുന്നവനാണ്. സകലതും അറിയുന്നവനും.
لَا يُؤَاخِذُكُمُ اللّٰهُ بِاللَّغْوِ فِيْٓ اَيْمَانِكُمْ وَلٰكِنْ يُّؤَاخِذُكُمْ بِمَا كَسَبَتْ قُلُوْبُكُمْ ۗ وَاللّٰهُ غَفُوْرٌ حَلِيْمٌ ( البقرة: ٢٢٥ )
ബോധപൂര്വമല്ലാതെ പറഞ്ഞുപോകുന്ന ശപഥങ്ങളുടെ പേരില് അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല് നിങ്ങള് മനപ്പൂര്വം പ്രവര്ത്തിച്ചതിന്റെ പേരില് അല്ലാഹു ശിക്ഷിക്കും. അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനുമാണ്.
لِلَّذِيْنَ يُؤْلُوْنَ مِنْ نِّسَاۤىِٕهِمْ تَرَبُّصُ اَرْبَعَةِ اَشْهُرٍۚ فَاِنْ فَاۤءُوْ فَاِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ ( البقرة: ٢٢٦ )
തങ്ങളുടെ ഭാര്യമാരുമായി ബന്ധപ്പെടില്ലെന്ന് ശപഥം ചെയ്തവര്ക്ക് നാലുമാസം വരെ കാത്തിരിക്കാം. അവര് മടങ്ങുന്നുവെങ്കില് അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.
وَاِنْ عَزَمُوا الطَّلَاقَ فَاِنَّ اللّٰهَ سَمِيْعٌ عَلِيْمٌ ( البقرة: ٢٢٧ )
അഥവാ, അവര് വിവാഹമോചനം തന്നെയാണ് തീരുമാനിക്കുന്നതെങ്കില് അല്ലാഹു എല്ലാം കേള്ക്കുന്നവനും അറിയുന്നവനുമാണ്.
وَالْمُطَلَّقٰتُ يَتَرَبَّصْنَ بِاَنْفُسِهِنَّ ثَلٰثَةَ قُرُوْۤءٍۗ وَلَا يَحِلُّ لَهُنَّ اَنْ يَّكْتُمْنَ مَا خَلَقَ اللّٰهُ فِيْٓ اَرْحَامِهِنَّ اِنْ كُنَّ يُؤْمِنَّ بِاللّٰهِ وَالْيَوْمِ الْاٰخِرِۗ وَبُعُوْلَتُهُنَّ اَحَقُّ بِرَدِّهِنَّ فِيْ ذٰلِكَ اِنْ اَرَادُوْٓا اِصْلَاحًا ۗوَلَهُنَّ مِثْلُ الَّذِيْ عَلَيْهِنَّ بِالْمَعْرُوْفِۖ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ ۗ وَاللّٰهُ عَزِيْزٌ حَكِيْمٌ ࣖ ( البقرة: ٢٢٨ )
വിവാഹമോചിതകള് മൂന്നു തവണ മാസമുറ ഉണ്ടാവുംവരെ തങ്ങളെ സ്വയം നിയന്ത്രിച്ചു കഴിയണം. അല്ലാഹു അവരുടെ ഗര്ഭാശയങ്ങളില് സൃഷ്ടിച്ചുവെച്ചതിനെ മറച്ചുവെക്കാന് അവര്ക്ക് അനുവാദമില്ല. അവര് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്! അതിനിടയില് അവരെ തിരിച്ചെടുക്കാന് ഭര്ത്താക്കന്മാര്ക്ക് അവകാശമുണ്ട്. അവര് ബന്ധം നന്നാക്കാന് ഉദ്ദേശിക്കുന്നുവെങ്കില്! സ്ത്രീകള്ക്ക് ബാധ്യതകളുള്ളതുപോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്. എന്നാല് പുരുഷന്മാര്ക്ക് അവരെക്കാള് ഒരു പദവി കൂടുതലുണ്ട്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
اَلطَّلَاقُ مَرَّتٰنِ ۖ فَاِمْسَاكٌۢ بِمَعْرُوْفٍ اَوْ تَسْرِيْحٌۢ بِاِحْسَانٍ ۗ وَلَا يَحِلُّ لَكُمْ اَنْ تَأْخُذُوْا مِمَّآ اٰتَيْتُمُوْهُنَّ شَيْـًٔا اِلَّآ اَنْ يَّخَافَآ اَلَّا يُقِيْمَا حُدُوْدَ اللّٰهِ ۗ فَاِنْ خِفْتُمْ اَلَّا يُقِيْمَا حُدُوْدَ اللّٰهِ ۙ فَلَا جُنَاحَ عَلَيْهِمَا فِيْمَا افْتَدَتْ بِهٖ ۗ تِلْكَ حُدُوْدُ اللّٰهِ فَلَا تَعْتَدُوْهَا ۚوَمَنْ يَّتَعَدَّ حُدُوْدَ اللّٰهِ فَاُولٰۤىِٕكَ هُمُ الظّٰلِمُوْنَ ( البقرة: ٢٢٩ )
വിവാഹമോചനം രണ്ടു തവണയാകുന്നു. പിന്നെ ന്യായമായ നിലയില് കൂടെ നിര്ത്തുകയോ നല്ല നിലയില് ഒഴിവാക്കുകയോ വേണം. നേരത്തെ നിങ്ങള് ഭാര്യമാര്ക്ക് നല്കിയിരുന്നതില് നിന്ന് യാതൊന്നും തിരിച്ചുവാങ്ങാന് പാടില്ല; ഇരുവരും അല്ലാഹുവിന്റെ നിയമപരിധികള് പാലിക്കാന് കഴിയില്ലെന്ന് ആശങ്കിക്കുന്നുവെങ്കിലല്ലാതെ. അവരിരുവരും അല്ലാഹുവിന്റെ നിയമപരിധികള് പാലിക്കുകയില്ലെന്ന് നിങ്ങള് പേടിക്കുന്നുവെങ്കില് സ്ത്രീ തന്റെ ഭര്ത്താവിന് വല്ലതും നല്കി വിവാഹമോചനം നേടുന്നതില് ഇരുവര്ക്കും കുറ്റമില്ല. അല്ലാഹുവിന്റെ നിയമപരിധികളാണിവ. നിങ്ങളവ ലംഘിക്കരുത്. ദൈവികനിയമങ്ങള് ലംഘിക്കുന്നവര് തന്നെയാണ് അക്രമികള്.
فَاِنْ طَلَّقَهَا فَلَا تَحِلُّ لَهٗ مِنْۢ بَعْدُ حَتّٰى تَنْكِحَ زَوْجًا غَيْرَهٗ ۗ فَاِنْ طَلَّقَهَا فَلَا جُنَاحَ عَلَيْهِمَآ اَنْ يَّتَرَاجَعَآ اِنْ ظَنَّآ اَنْ يُّقِيْمَا حُدُوْدَ اللّٰهِ ۗ وَتِلْكَ حُدُوْدُ اللّٰهِ يُبَيِّنُهَا لِقَوْمٍ يَّعْلَمُوْنَ ( البقرة: ٢٣٠ )
വീണ്ടും വിവാഹമോചനം നടത്തിയാല് പിന്നെ അവന് അവള് അനുവദനീയയാവുകയില്ല; അവളെ മറ്റൊരാള് വിവാഹം കഴിക്കുന്നതുവരെ. അങ്ങനെ അയാള് അവളെ വിവാഹമോചനം നടത്തുകയാണെങ്കില് മുന്ഭര്ത്താവിനും അവള്ക്കും ദാമ്പത്യത്തിലേക്ക് തിരിച്ചുവരുന്നതില് വിരോധമില്ല; മേലില് ഇരുവരും ദൈവികനിയമങ്ങള് പാലിക്കുമെന്ന് കരുതുന്നുവെങ്കില്. ഇത് അല്ലാഹു നിശ്ചയിച്ച നിയമപരിധികളാണ്. കാര്യമറിയുന്ന ജനത്തിന് അല്ലാഹു അവ വിശദീകരിച്ചുതരികയാണ്.