۞ وَعَنَتِ الْوُجُوْهُ لِلْحَيِّ الْقَيُّوْمِۗ وَقَدْ خَابَ مَنْ حَمَلَ ظُلْمًا ( طه: ١١١ )
എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നോക്കിനടത്തുന്നവനുമായ അല്ലാഹുവിന് സകല മനുഷ്യരും അന്ന് കീഴൊതുങ്ങും. അക്രമത്തിന്റെ പാപഭാരം പേറിവന്നവര്‍ അന്ന് തുലഞ്ഞതുതന്നെ.
وَمَنْ يَّعْمَلْ مِنَ الصّٰلِحٰتِ وَهُوَ مُؤْمِنٌ فَلَا يَخٰفُ ظُلْمًا وَّلَا هَضْمًا ( طه: ١١٢ )
എന്നാല്‍ സത്യവിശ്വാസിയായി സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവന്‍ അക്രമത്തെയോ അനീതിയെയോ അല്‍പവും ഭയപ്പെടേണ്ടിവരില്ല.
وَكَذٰلِكَ اَنْزَلْنٰهُ قُرْاٰنًا عَرَبِيًّا وَّصَرَّفْنَا فِيْهِ مِنَ الْوَعِيْدِ لَعَلَّهُمْ يَتَّقُوْنَ اَوْ يُحْدِثُ لَهُمْ ذِكْرًا ( طه: ١١٣ )
ഇങ്ങനെ നാമിതിനെ അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ആയി ഇറക്കിത്തന്നിരിക്കുന്നു. നാം ഇതില്‍ പലതരം താക്കീതുകള്‍ നല്‍കിയിരിക്കുന്നു. ഒരുവേള ഇക്കൂട്ടര്‍ സൂക്ഷ്മതയുള്ളവരായെങ്കിലോ; അല്ലെങ്കില്‍ ഇവര്‍ കാര്യബോധമുള്ളവരായെങ്കിലോ!
فَتَعٰلَى اللّٰهُ الْمَلِكُ الْحَقُّۚ وَلَا تَعْجَلْ بِالْقُرْاٰنِ مِنْ قَبْلِ اَنْ يُّقْضٰٓى اِلَيْكَ وَحْيُهٗ ۖوَقُلْ رَّبِّ زِدْنِيْ عِلْمًا ( طه: ١١٤ )
സാക്ഷാല്‍ അധിപതിയായ അല്ലാഹു അത്യുന്നതനാണ്. ഖുര്‍ആന്‍ നിനക്കു ബോധനം നല്‍കിക്കഴിയും മുമ്പെ നീയതു വായിക്കാന്‍ ധൃതികാണിക്കരുത്. നീയിങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക: ''എന്റെ നാഥാ! എനിക്കു നീ വിജ്ഞാനം വര്‍ധിപ്പിച്ചു തരേണമേ.''
وَلَقَدْ عَهِدْنَآ اِلٰٓى اٰدَمَ مِنْ قَبْلُ فَنَسِيَ وَلَمْ نَجِدْ لَهٗ عَزْمًا ࣖ ( طه: ١١٥ )
നാം ഇതിനു മുമ്പ് ആദമിനോടും കരാര്‍ ചെയ്തിരുന്നു. പക്ഷേ, അദ്ദേഹമത് മറന്നു. അദ്ദേഹത്തെ നാം ഇച്ഛാശക്തിയുള്ളവനായി കണ്ടില്ല.
وَاِذْ قُلْنَا لِلْمَلٰۤىِٕكَةِ اسْجُدُوْا لِاٰدَمَ فَسَجَدُوْٓا اِلَّآ اِبْلِيْسَ اَبٰى ۗ ( طه: ١١٦ )
നാം മലക്കുകളോട് പറഞ്ഞതോര്‍ക്കുക: ''നിങ്ങള്‍ ആദമിന് സാഷ്ടാംഗം പ്രണമിക്കുക.'' അപ്പോള്‍ അവരെല്ലാം പ്രണമിച്ചു; ഇബ്‌ലീസൊഴികെ. അവന്‍ വിസമ്മതിച്ചു.
فَقُلْنَا يٰٓاٰدَمُ اِنَّ هٰذَا عَدُوٌّ لَّكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ الْجَنَّةِ فَتَشْقٰى ( طه: ١١٧ )
അപ്പോള്‍ നാം പറഞ്ഞു: ''ആദമേ, തീര്‍ച്ചയായും അവന്‍ നിന്റെയും നിന്റെ ഇണയുടെയും ശത്രുവാണ്. അതിനാല്‍ അവന്‍ നിങ്ങളിരുവരെയും സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കാന്‍ ഇടവരാതിരിക്കട്ടെ. അങ്ങനെ സംഭവിച്ചാല്‍ നീ കഷ്ടപ്പെടുന്നവനായിത്തീരും.
اِنَّ لَكَ اَلَّا تَجُوْعَ فِيْهَا وَلَا تَعْرٰى ۙ ( طه: ١١٨ )
''തീര്‍ച്ചയായും നിനക്കിവിടെ വിശപ്പറിയാതെയും നഗ്നനാകാതെയും കഴിയാനുള്ള സൗകര്യമുണ്ട്.
وَاَنَّكَ لَا تَظْمَؤُا فِيْهَا وَلَا تَضْحٰى ( طه: ١١٩ )
''ദാഹമനുഭവിക്കാതെയും ചൂടേല്‍ക്കാതെയും ജീവിക്കാം.''
فَوَسْوَسَ اِلَيْهِ الشَّيْطٰنُ قَالَ يٰٓاٰدَمُ هَلْ اَدُلُّكَ عَلٰى شَجَرَةِ الْخُلْدِ وَمُلْكٍ لَّا يَبْلٰى ( طه: ١٢٠ )
എന്നാല്‍ പിശാച് അദ്ദേഹത്തിന് ഇങ്ങനെ ദുര്‍ബോധനം നല്‍കി: ''ആദമേ, താങ്കള്‍ക്ക് നിത്യജീവിതവും അന്യൂനമായ ആധിപത്യവും നല്‍കുന്ന ഒരു വൃക്ഷം കാണിച്ചുതരട്ടെയോ?''